തന്റെ രക്തത്തിന് വേണ്ടി പലരും ദാഹിക്കുന്നുണ്ടെന്ന് കെ എം മാണി; തോല്‍വിയുടെ പാപഭാരം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം; എവിടെയും നീതി ലഭിച്ചില്ല

തിരുവനന്തപുരം: തന്റെ രക്തത്തിന് വേണ്ടി പലരും ദാഹിക്കുന്നുണ്ടെന്നറിയാമെന്ന് മുന്‍ ധനമന്ത്രി കെ എം മാണി. ഇന്നലെ രാജിവച്ചതിനു പിന്നാലെ ഇന്നു വൈകിട്ട് ഔദ്യോഗിക വസതിയായ പ്രശാന്തിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മാണി ഇക്കാര്യം പറഞ്ഞത്. അതില്‍ തനിക്കാരോടും പരിഭവമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. അതുകൊണ്ടാണ് താന്‍ അങ്ങനെത്തന്നെ പറഞ്ഞത്. ഗൂഢാലോചനയ്ക്കു പിന്നില്‍ ആരാണെന്നറിയാം. അതിപ്പോള്‍ പറയാന്‍ തയാറല്ല.

തനിക്കു നീതി ലഭിച്ചിട്ടില്ല. കാര്യങ്ങള്‍ വരികള്‍ക്കിടയിലൂടെ വായിക്കണം. തനിക്കെതിരേ എഫ്‌ഐആര്‍ എടുക്കരുതായിരുന്നു. ആരും രാജിവയ്ക്കാന്‍ പറഞ്ഞിട്ടില്ല. പി ജെ ജോസഫ് തന്റെ കൂടെ രാജിവയ്ക്കണമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ഞാന്‍ കാരണമല്ല. എന്റെ പാര്‍ട്ടിയില്‍നിന്ന് നീതി കിട്ടിയിട്ടുണ്ട്. തന്നോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് തോമസ് ഉണ്ണിയാടന്‍ രാജിവച്ചത്.

യുഡിഎഫിന്റെ തോല്‍വിയുടെ പാപഭാരം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടക്കുകയാണ്. ഇപ്പോള്‍ നടക്കുന്നതു വ്യക്തി തേജോവധമാണ്. കേരള ഹൈക്കോടതിയില്‍ എനിക്കെതിരേ വന്ന ചില പരാമര്‍ശങ്ങളില്‍ ഞാന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടിയുമായി ആലോചിച്ച് കാര്യങ്ങള്‍ നിശ്ചയിക്കും എന്നാണ് പറഞ്ഞിരുന്നത്. ഇന്നലെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യോഗം കൂടി രാജി സന്നദ്ധത അറിയിക്കുകയും രാജി വയ്ക്കുന്നതിന് അനുമതി വേണമെന്ന് പാര്‍ട്ടിയോട് പറയുകയും ചെയ്തിരുന്നു. പാര്‍ട്ടി അനുവദിച്ചതിനത്തുടര്‍ന്നു രാജിക്കത്തു കൈമാറി.

എനിക്കെതിരേ കുറ്റാരോപണങ്ങളൊന്നും കോടതിയുടെ വിധിയിലില്ല. ഒന്നു രണ്ടു പരാമര്‍ശങ്ങളുണ്ട്. ഒന്നു താന്‍ മന്ത്രിയായിരിക്കുന്നത് കേസ് അന്വേഷണത്തിന് അഭികാമ്യമാകുമോ?, സര്‍ക്കാര്‍ ചെലവില്‍ പുറമെനിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നത് ശരിയാണോ? തുടങ്ങിയ കാര്യങ്ങളാണ് പരാമര്‍ശിച്ചത്. ഈ പരാമര്‍ശങ്ങളുടെ പേരില്‍ നിയമപരമായോ ധാര്‍മികമായോ രാജിവയ്‌ക്കേണ്ട പ്രശ്‌നങ്ങളില്ലെങ്കിലും നിയമവ്യവസ്ഥയോടുള്ള ഉന്നതമായ ആദരവുള്ളതുകൊണ്ടാണ് രാജിവച്ചത്. കഴിഞ്ഞ അമ്പതു വര്‍ഷക്കാലം എംഎല്‍എയായും 23 വര്‍ഷക്കാലം താന്‍ മന്ത്രിയായിട്ടുണ്ടെങ്കില്‍ അതു പാലായിലെ സമ്മതിദായകര്‍ തനിക്കു നല്‍കിയ വാല്‍സല്യത്തിന്റെയും കേരളത്തിലെ ജനങ്ങളുടെ സ്‌നേഹത്തിന്റെയും ഫലമാണ്.

തന്റെ രക്തത്തിനു വേണ്ടി പലരും ദാഹിക്കുന്നുണ്ട്. അതില്‍ തനിക്കു പരിഭവമൊന്നും ഇല്ല. സംശുദ്ധവും സുതാര്യവുമായ അമ്പതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതമാണ് തന്റെ കൈമുതല്‍ എന്ന ഉത്തമ വിശ്വാസം തനിക്ക് ആത്മവിശ്വാസം നല്‍കുന്നു. ഭരണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ സാധാരണക്കാരായ പാവപ്പെട്ട ആളുകള്‍ക്കു കൊടുക്കാന്‍ കഴിഞ്ഞിട്ടുള്ള സഹായങ്ങള്‍ ആശ്വാസമാണ്. ഒന്നേകാല്‍ ലക്ഷം രോഗികള്‍ക്ക് ആശ്വാസം കൊടുക്കാന്‍ തനിക്കു മന്ത്രിയായിരുന്ന കാലത്തു കഴിഞ്ഞു. ഇതു തൊഴില്‍ സംതൃപ്തിയാണ്. 842കോടി രൂപയാണ് താന്‍ നല്‍കിയത്. ലോകത്ത് ഇങ്ങനെ ഒരു സഹായപദ്ധതിയുണ്ടോ എന്നു സംശയമാണെന്നും മാണി പറഞ്ഞു.

തനിക്ക് ആരോഗ്യമുണ്ടായിരിക്കുകയും പാലായിലെ ജനങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുകയാണെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ജീവിതകാലം മുഴുവന്‍ എംഎല്‍എ ആയിരിക്കണമെന്നോ മന്ത്രിയായിരിക്കണമെന്നോ തനിക്കാഗ്രഹം ഇല്ലെന്നും മാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here