ഗള്‍ഫില്‍ നിന്ന് ഇനി അതിവേഗം പണമയയ്ക്കാം; എമിറേറ്റ്‌സ് ബാങ്കും എസ്ബിഐയും കൈകോര്‍ക്കുന്നു; എടിഎം, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയവയ്ക്കും ധാരണ

ദുബായ്: ഗള്‍ഫില്‍നിന്ന് പണമയയ്ക്കാന്‍ സുരക്ഷിത മാര്‍ഗം തേടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. പണം ഇനി കൂടുതല്‍ സുരക്ഷിതമായും അതിവേഗവും അയയ്ക്കാന്‍ സംവിധാനം ഒരുങ്ങുന്നു. ബാങ്കിംഗ് ഭീമന്മാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ദുബായിലെ എമിറേറ്റ്‌സ് നാഷണല്‍ ബാങ്ക് ഓഫ് ദുബായും ആണ് ഇതിനായി കൈകോര്‍ക്കുന്നത്.

ഇടപാടുകള്‍ സംയോജിപ്പിക്കുന്നത് സംബന്ധിച്ച് ഇരു ബാങ്ക് മേധാവികളും തമ്മില്‍ പ്രാഥമിക ധാരണയായി. ഇക്കാര്യം എമിറേറ്റ്‌സ് ബാങ്ക് പ്രഖ്യാപിച്ചു. ഡയറക്ട് റെമിറ്റ് അറ്റ് 60 സെക്കന്‍ഡ്‌സ് പ്ലാറ്റ്‌ഫോമിലാണ് സംവിധാനം ഒരുക്കുന്നത്. എമിറേറ്റ്‌സ് നാഷണല്‍ ബാങ്ക് ഓഫ് ദുബായ് ഇന്ത്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇതിന് എസ്ബിഐയുടെ സഹകരണം തേടാനും ധാരണയായി.

സഹകരണത്തോടെ യുഎഇയിലെ എമിറേറ്റ്‌സ് കസ്റ്റമര്‍മാര്‍ക്ക് അതിവേഗവും സുരക്ഷിതമായും നാട്ടിലേക്ക് പണം അയയ്ക്കാന്‍ കഴിയും. എമിറേറ്റ്‌സ് എന്‍ബിഡിയ്ക്കും എസ്ബിഐയ്ക്കും ഇരട്ടി നേട്ടമാണ് ഇതുവഴി ഉണ്ടാവുക. നിലവിലെ എന്‍ആര്‍ഐ കസ്റ്റമര്‍മാരെ കൈമാറാനും ബൈങ്കുകള്‍ തമ്മില്‍ ധാരണയുണ്ടാവും. അതായത് എസ്ബിഐയില്‍ എന്‍ആര്‍ഐ അക്കൗണ്ടുള്ളവര്‍ക്ക് എമിറേറ്റ്‌സ് എന്‍ബിഡിയുടെ സേവനങ്ങളും ലഭ്യമാകും.

എമിറേറ്റ്‌സ് എന്‍ബിഡിയുടെ ഏറ്റവും പ്രധാനവും ജനകീയവുമായ സേവനമാണ് ഡയറക്ട് റെമിറ്റ് പ്ലാറ്റ്‌ഫോം. ഒരുമിനുട്ടിനുള്ളില്‍ സൗജന്യമായി പണം അയക്കാന്‍ കഴിയുന്ന സംവിധാനം ഇന്ത്യയില്‍ ഏത് എസ്ബിഐ ബ്രാഞ്ചുകളിലേക്കും ഉപയോഗിക്കാം. ലക്ഷക്കണക്കിന് പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് എമിറേറ്റ്‌സ് നാഷണല്‍ ബാങ്ക് ഓഫ് ദുബായ് സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ഹെഡുമായ സുവോ സര്‍കര്‍ പറഞ്ഞു.

നിലവില്‍ എമിറേറ്റ്‌സ് എന്‍ബിഡി ഇന്ത്യയിലെ പ്രമുഖ പുതുതലമുറ ബാങ്കുകളുമായി സഹകരിച്ച് സേവനം നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളുമായാണ് നിലവിലെ സഹകരണം. സേവനം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐയുമായി സഹകരിക്കുന്നത്.

എന്‍ആര്‍ഐ അക്കൗണ്ടുള്ളവരുടെ വലിയ വിഭാഗം പ്രവാസികള്‍ എസ്ബിഐയ്ക്ക് ഒപ്പമുണ്ട്. എമിറേറ്റ്‌സ് എന്‍ബിഡിയുമായി സഹകരിക്കുന്നതോടെ ഇവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വത്തോടെ പണമയയ്ക്കാം. പ്രവാസികള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ പണം അയയ്ക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും ഗുണകരമാകുമെന്ന് എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

നേരിട്ട് ബ്രാഞ്ചുവഴി പണം അയ്ക്കുന്നതിനൊപ്പം ഓണ്‍ലെന്‍ സേവനവും ലഭ്യമാകും. മൊബൈല്‍ ബാങ്കിംഗ്, എടിഎം സേവനങ്ങളും വിനിയോഗിക്കാനാവും. ഒപ്പം മറ്റ് മേഖലകളിലേക്കും സേവനം വ്യാപിപ്പിക്കാന്‍ ഇരു ബാങ്കുകളും തമ്മില്‍ ധാരണയായിട്ടുണ്ട്. ഹോം ലോണ്‍ തിരിച്ചടവ്, ബില്‍ പേയ്‌മെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം, നിക്ഷേപങ്ങള്‍ തുടങ്ങിയവയും ഇതുവഴി കസ്റ്റമര്‍ക്ക് ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here