എഴുത്തുകാര്‍ക്കെതിരായ സംഘപരിവാര്‍ അസഹിഷ്ണുത അവസാനിക്കുന്നില്ല; ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാടിന് വധഭീഷണി; കലബുര്‍ഗിയുടെ ഗതിയുണ്ടാകുമെന്ന് ട്വിറ്റര്‍ സന്ദേശം

ബംഗലൂരു: കര്‍ണാടകത്തില്‍ എഴുത്തുകാരോടുള്ള സംഘപരിവാറിന്റെ അസഹിഷ്ണുത അവസാനിക്കുന്നില്ല. വധിക്കപ്പെട്ട കലബുര്‍ഗിക്കും വധഭീഷണി നേരിട്ട ഭാര്‍ഗവയ്ക്കും ചേതന തീര്‍ത്ഥഹള്ളിക്കും ഹുച്ഛാംഗി പ്രസാദിനും ശേഷം ഗിരീഷ് കര്‍ണാടിനു നേരെയാണ് സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ നാമ്പുകള്‍ പുതുതായി ഉണരുന്നത്. കര്‍ണാടകയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരു വയ്ക്കണമെന്ന് അഭിപ്രായപ്പെട്ട എഴുത്തുകാരനും നാടകകൃത്തുമായ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ഗിരീഷ് കര്‍ണാടിനു നേരെ വധഭീഷണി. എംഎം കലബുര്‍ഗിയുടെ അതേഗതി ഉണ്ടാകുമെന്നാണ് കര്‍ണാടിന് ട്വിറ്ററില്‍ ഭീഷണി സന്ദേശം എത്തിയത്. കര്‍ണാട് ഹിന്ദുക്കളെയും വൊക്കലിഗ സമുദായത്തെയും അപമാനിച്ചെന്നും ട്വിറ്റര്‍ സന്ദേശത്തിലുണ്ട്. കര്‍ണാടിന്റെ പ്രസ്താവന സാമൂഹിക സംതുലനം തകര്‍ക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.

അജഞാതമായ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍ടോളറന്റ് ചന്ദ്ര എന്നാണ് അക്കൗണ്ടിലെ പേര്. പരാതി ലഭിച്ചാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശം ഇങ്ങനെയായിരുന്നു. കെംപഗൗഡയെ മാറ്റി ടിപ്പു സുല്‍ത്താനെ അവരോധിക്കാന്‍ ശ്രമിച്ചാല്‍ കര്‍ണാടിനും കലബുര്‍ഗിയുടെ അതേഗതി തന്നെ വരുമെന്നായിരുന്നു ഭീഷണി. കര്‍ണാടിന്റെ നടപടി കന്നഡികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ട്വിറ്ററില്‍ എഴുതിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ഗിരീഷ് കര്‍ണാടിന്റെ പ്രസ്താവനയുണ്ടായത്. കര്‍ണാടകയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരുമാറ്റി പകരം ടിപ്പു സുല്‍ത്താന്റെ പേരു വയ്ക്കണമെന്നായിരുന്നു കര്‍ണാടിന്റെ ആവശ്യം. എന്നാല്‍, സംഭവം വിവാദമായതോടെ ക്ഷമാപണം നടത്തി കര്‍ണാട് രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പു ചോദിക്കുന്നതായി കര്‍ണാട് പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ കൊണ്ട് തനിക്ക് ഒന്നും നേടാനില്ലെന്നും കര്‍ണാട് വ്യക്തമാക്കിയിരുന്നു.

വധഭീഷണിക്കെതിരെ കര്‍ണാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എത്രയും വേഗം നടപടി എടുത്തില്ലെങ്കില്‍ പൊലീസിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് കര്‍ണാട് പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് സമയം ആവശ്യമാണെന്ന് ഡിസിപി സന്ദീപ് പാട്ടീല്‍ പറഞ്ഞു. പരാതി ലഭിച്ചെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ ലീഗല്‍ സെല്ലിന്റെ അഭിപ്രായം തേടേണ്ടതുണ്ടെന്നും ഡിസിപി അറിയിച്ചു. എന്നാല്‍, വിമാനത്താവളത്തിന്റെ പേരുമാറ്റണമെന്നത് കര്‍ണാടിന്റെ മാത്രം അഭിപ്രായമാണെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News