ഇതിഹാസ ക്രിക്കറ്റ് ലീഗില്‍ സച്ചിന്റെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു; വോണ്‍ വോരിയേഴ്‌സിന്റെ ജയം 57 റണ്‍സിന്

ഹൂസ്റ്റണ്‍: ക്രിക്കറ്റ് ആള്‍ സ്റ്റാഴ്‌സ് ട്വന്റി-20 മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. 263 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അര്‍ധസെഞ്ച്വറി നേടിയ ഷോണ്‍ പൊള്ളോക്കിനൊഴികെ മറ്റാര്‍ക്കും കാര്യമായ സംഭാവന ചെയ്യാനായില്ല. പൊള്ളോക്ക് 55 റണ്‍സെടുത്തു. ഗ്രേയം സ്വാന്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. 4 വിക്കറ്റ് വീഴ്ത്തിയ ആന്‍ഡ്രൂ സൈമണ്ട്‌സാണ് ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത വോരിയേഴ്‌സ് നിശ്ചിത ഓവറില്‍ 262 റണ്‍സെടുത്തിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വോണിന്റെ സംഘത്തിന് ഓപ്പണര്‍മാരായ മൈക്കല്‍ വോഗനും മാത്യു ഹെയ്ഡനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 30 റണ്‍സെടുത്ത് വോഗനും 32 റണ്‍സെടുത്ത് ഹെയ്ഡനും പുറത്തായ ശേഷം എത്തിയ ജാക്ക് കാലിസും കുമാര്‍ സംഗക്കാരയും ചേര്‍ന്ന് വോരിയേഴ്‌സിനെ മുന്നോട്ട് നയിച്ചു. കാലിസ് 45ഉം സംഗക്കാര 70ഉം പോണ്ടിംഗ് 41 ഉം റണ്‍സെടുത്തപ്പോള്‍ വോരിയേഴ്‌സിന്റെ സ്‌കോര്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. 16 റണ്‍സെടുത്ത സെവാഗ് അതിവേഗം മടങ്ങി. പുറകെ ഗാംഗുലിയും ലാറയും സച്ചിനും മടങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ നില പരുങ്ങലിലായി. 55 റണ്‍സെടുത്ത പൊള്ളോക്ക് ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 33 റണ്‍സെടുത്ത സച്ചിന്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പൊരുതിനിന്ന മറ്റൊരാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here