സച്ചിനെ അറിയാത്ത ബ്രിട്ടീഷ് എയര്‍വേയ്‌സ്; ലഗേജ് വിലാസം മാറി നല്‍കി; മുഴുവന്‍ പേരെന്താണെന്ന് സച്ചിനോട് ബ്രിട്ടീഷ് എയര്‍വേയ്‌സ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ദേഷ്യം പിടിക്കുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്. എന്നാല്‍, ഇന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ നടപടി സച്ചിനെ ദേഷ്യം പിടിപ്പിച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ സീറ്റുണ്ടായിട്ടും ബന്ധുക്കളുടെ വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് കണ്‍ഫേം ചെയ്യാതിരുന്നതാണ് സച്ചിനെ ചൊടിപ്പിച്ചത്. മാത്രമല്ല, സച്ചിന്റെ ബാഗേജുകള്‍ വിലാസം മാറി മറ്റൊരിടത്തേക്ക് അയക്കുകയും ചെയ്തു. ഒരു ശ്രദ്ധയുമില്ലാത്ത നടപടി എന്നാണ് സച്ചിന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ഈ നടപടിയെ വിശേഷിപ്പിച്ചത്.

സച്ചിന്‍ ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍ പെട്ട ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്ഷമാപണവുമായി രംഗത്തെത്തി. എന്നാല്‍, അവിടെയും ബ്രിട്ടീഷ് എയര്‍വേയ്‌സ് അബദ്ധം കാണിച്ചു. സച്ചിനോട് മുഴുവന്‍ പേരും വിലാസവും ബാഗേജ് റഫറന്‍സും ചോദിച്ചു കൊണ്ടാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് വിവാദത്തിന് തിരികൊളുത്തിയത്.


സംഭവം ട്വിറ്ററില്‍ വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്ക് വഴിതുറന്നു. സച്ചിനോട് മുഴുവന്‍ പേര് എന്താണെന്നു ചോദിക്കാന്‍ എയര്‍വേയ്‌സിന് എങ്ങനെ ധൈര്യം വന്നെന്നായിരുന്നു ഒരാളുടെ ചോദ്യം. പകരം മൈ ലോര്‍ഡ് എന്നോ മറ്റോ അഭിസംബോധന ചെയ്യണമെന്നായിരുന്നു ഇയാളുടെ ഉപദേശം.

മരിയ ഷറപ്പോവയാണോ ബ്രിട്ടീഷ് എയര്‍വേയ്‌സ് നടത്തുന്നതെന്ന് മറ്റൊരാളുടെ പരിഹാസം. ഒരേയൊരു ട്വീറ്റിലൂടെ ബ്രിട്ടീഷ് എയര്‍വേയ്‌സ് ഇന്ത്യയില്‍ അവരുടെ ബ്രാന്‍ഡിനെ കൊന്നെന്ന് മറ്റൊരാള്‍. സച്ചിന്റെ മുഴുവന്‍ പേരുതന്നെ ട്വീറ്റ് ചെയ്തു കൊടുത്താണ് ഇനിയൊരാള്‍ മറുപടി നല്‍കിയത്.  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News