അമൃത എഞ്ചിനീയറിംഗ് കോളേജിലെ കക്കൂസ് മാലിന്യം ജനവാസകേന്ദ്രത്തിലേക്ക് ഒഴുക്കി; പ്രദേശവാസികള്‍ അനിശ്ചിതകാലസമരത്തില്‍

കൊല്ലം: വള്ളിക്കാവ് അമൃത എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ കക്കൂസ് മാലിന്യം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കിവിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ക്ലാപ്പനയിലെ ജനവാസകേന്ദ്രത്തിലേക്കാണ് ഹോസ്റ്റല്‍ ജീവനക്കാര്‍ മാലിന്യം ഒഴുക്കിവിടുന്നത്.

സംഭവത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പരിസരവാസികള്‍ രൂപവത്കരിച്ച ജനകീയ സമിതി വള്ളിക്കാവ് ഷെഡ് കെട്ടി കഞ്ഞിവെച്ച് സമരം ആരംഭിച്ചു. മെന്‍സ് ഹോസ്റ്റലിലെ കക്കൂസ് മാലിന്യം സംസ്‌കരിക്കാനായി മാലിന്യപ്ലാന്റ് സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്ലാന്റ് അശാസ്ത്രീയമായതിനാല്‍ മാലിന്യം തോട്ടിലൂടെയും മറ്റും ഒഴുക്കിവിടുകയായിരുന്നു.

കോളേജ് പരിസരത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കിയത് മൂലമുള്ള ബുദ്ധിമുട്ട് തുടങ്ങിയിട്ട് നാലുദിവസം പിന്നിടുകയാണ്. കോളേജ് കോമ്പൗണ്ടില്‍ ജെ.സി.ബി ഉപയോഗിച്ച് തുറന്ന കുളത്തില്‍ നിറച്ചിരിക്കുന്ന മാലിന്യം ഉടന്‍ നീക്കം ചെയ്യണമെന്നാണ് പരിസരവാസികളുടെ ആവശ്യം. ഇവ കെട്ടികിടക്കുന്നത് മൂലം ദുര്‍ഗന്ധവും പകര്‍ച്ചവ്യാധിയും പടരാന്‍ ഇടയാക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്.

മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകുംവരെ സമരം ശക്തമായി കൊണ്ടുപോകാനാണ് ജനകീയ സമിതിയുടെ തീരുമാനം. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ താത്ക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here