മേയര്‍ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കടുത്ത അനിശ്ചിതത്വം; കോണ്‍ഗ്രസ് വിമത പികെ ശാന്തകുമാരിയുടെ പിന്തുണ എല്‍ഡിഎഫിന്

തൃശൂര്‍: മേയര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തൃശൂര്‍ കോര്‍പ്പറേഷനില്‍ അനിശ്ചിതത്വം തുടരുന്നു. ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതരായി ജയിച്ച രണ്ടു കൗണ്‍സിലര്‍മാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയില്ല. ഇതോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ഇടതുമുന്നണി കോര്‍പ്പറേഷനില്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായി. അതിനിടെ ഗുരുവായൂര്‍ നഗരസഭയില്‍ ജയിച്ച കോണ്‍ഗ്രസ് വിമത പി.കെ ശാന്തകുമാരി ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു.

തൃശൂര്‍ കോര്‍പ്പറേഷനില്‍ ആകെയുള്ള 55ല്‍ 25 ഡിവിഷനുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. യുഡിഎഫ് 21ഉം, ബിജെപി ആറ് സീറ്റുകളും നേടി. സ്വതന്ത്രനായി ജയിച്ച പി സുകുമാരന്‍ ഇടതുപക്ഷത്തിന് പിന്തുണ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് വിമതരായി ജയിച്ച കുട്ടിറാഫിയും, ജേക്കബ് പുലിക്കോട്ടിലും ഇതുവരെ നിലപാട് വ്യക്തമാക്കിയില്ല. കേവലഭൂരിപക്ഷത്തിന് 28 സീറ്റുകള്‍ വേണമെന്നിരിക്കെ സ്വതന്ത്രന്‍ ഉള്‍പ്പെടെ 27 കൗണ്‍സിലര്‍മാരാണ് ഇടതുപക്ഷത്തുള്ളത്. വിമതന്‍മാരെ തിരിച്ചെടുത്താലും കോര്‍പ്പറേഷന്‍ ഭരണം കിട്ടില്ലെന്നതിനാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനുള്ള കരുനീക്കങ്ങള്‍ അവസാനിപ്പിക്കുകയാണ്. ഇതോടെ മേയര്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയില്‍ ഇടതുപക്ഷത്തിന് മേല്‍ക്കൈ നേടാനാവുമെന്ന് ഉറപ്പായി. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത ഗുരുവായൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ് വിമത പി.കെ ശാന്തകുമാരി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News