മഴയൊഴിഞ്ഞെങ്കിലും ദുരിതമൊഴിയാതെ ചെന്നൈ; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത്; പകര്‍ച്ചവ്യാധികള്‍ പടരുമെന്ന് ആശങ്ക

ചെന്നൈ: ദിവസങ്ങള്‍ നീണ്ട കനത്ത മഴയ്ക്കു ശമനമായെങ്കിലും ചെന്നൈ നഗരം അടക്കം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതപ്പെയ്ത്ത്. ഇന്നലെ രാത്രി കാര്യമായി മഴ പെയ്തിട്ടില്ലെങ്കിലും പലയിടങ്ങളില്‍ വെള്ളക്കെട്ടുയരുകയാണ്. രക്ഷാ, ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്ന വ്യോമസേന ഭക്ഷണപായ്ക്കറ്റുകളും വിതരണം ചെയ്തു. മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 90 ആയി.

തെക്കന്‍ചെന്നൈയില്‍ ഇപ്പോഴും ആയിരത്തിലധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കാഞ്ചീപുരം, കടലൂര്‍, ജില്ലകളിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെന്നൈ നഗരത്തിലെ താംബരം മേഖല വെള്ളത്തിനിടയിലാണ്. വിവിധ പ്രദേശങ്ങളില്‍ പൊലീസും നാവികസേനയും ബോട്ട് വഴി ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുന്നുണ്ട്. ചെംബരാമ്പാക്കം ജലസംഭരണി ഏതു നിമിഷവും തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ നഗരത്തില്‍ വെള്ളക്കെട്ടുയരാന്‍ സാധ്യതയുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു.


ഇന്നും ചെറിയതോതില്‍ മഴയുണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചെന്നൈ തീരത്തുനിന്നു ആന്ധ്രപ്രദേശിലെ കാവാലിയിലേക്കു നീങ്ങിയതോടെയാണ് മഴയ്ക്കു ശക്തി കുറഞ്ഞത്. കാഞ്ചീപുരം, തിരുവള്ളൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. അണ്ണ സര്‍വകലാശാല നാളെയും മറ്റന്നാളും നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

കടലൂരിലാണ് കനത്ത മഴ പെയ്തത്. ഇവിടെ 42 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാഞ്ചീപുരം ജില്ലയിലും കനത്ത നാശനഷ്ടങ്ങളുണ്ട്. ചെന്നൈ-ബംഗളുരു ദേശീയപാത ഭാഗികമായി തകര്‍ന്നിരിക്കുകയാണ്. ശ്രീപെരുമ്പുതൂര്‍ മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലൂര്‍-കുംഭകോണം, കടലൂര്‍-ചിദംബരം ദേശീയപാതകളും ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. ചെന്നൈ നഗരത്തിലെ ഡ്രെയിനേജുകള്‍ ഒട്ടുമുക്കാലും തകര്‍ന്നതിനാല്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശ്രമകരമായിരിക്കും.

മഴയൊഴിയുന്നതോടെ കടുത്ത പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ഭീതിയും സംസ്ഥാന സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. അപ്രതീക്ഷിതമായിരുന്നു ഇത്രയും കനത്ത മഴ. പത്തുവര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന മഴയാണിക്കുറി രേഖപ്പെടുത്തിയത്. മഴയൊഴിയുന്നതോടെ ചെന്നൈ അടക്കമുള്ള പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News