ഇന്ത്യയില്‍ ഐഎസ് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്; ജമ്മുവും ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും പട്ടികയില്‍; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം

ദില്ലി: ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ജാഗ്രതാനിര്‍ദേശം നല്‍കി. ഐസിസ് ഏതെങ്കിലും ഒരു രാജ്യത്തിനല്ല ഭീഷണി. മറിച്ച് ലോകത്തിന് മുഴുവന്‍ ഐസിസ് ഭീഷണിയാണ്. ഇന്ത്യയും ജാഗ്രതയോടെയാണ് ഇരിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികള്‍ സുരക്ഷ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.

ഐഎസിന് ഇന്ത്യയില്‍ ഇതുവരെ സാന്നിധ്യം അറിയിക്കാന്‍ സാധിച്ചിട്ടില്ല. ചില യുവാക്കളെ സാമുദായികമായി അടുപ്പിക്കാന്‍ സാധിച്ചെന്നത് മാത്രമാണ് അവരുടെ വിജയം. ഇന്ത്യയിലെ തീവ്രവാദ ഗ്രൂപ്പുകളുമായി ഐഎസ് ചങ്ങാത്തം കൂടിയത് ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യത വര്‍ധിപ്പിക്കുന്നതായി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഐഎസിനെകുറിച്ച് ലഭിച്ചിട്ടുള്ള വിവരങ്ങള്‍ വിലയിരുത്തി അവരുടെ പദ്ധതി സംബന്ധിച്ച് അറിയിക്കാന്‍ സംസ്ഥാന പൊലീസിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ആക്രമണം നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനെല്ലാം പുറമേ, ഫ്രാന്‍സ്, റഷ്യ, അമേരിക്ക, ജര്‍മനി, ഓസ്‌ട്രേലിയ, തുര്‍ക്കി, ഇസ്രായേല്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ ഇന്ത്യയിലെ നയതന്ത്ര ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കാനും നിര്‍ദേശിച്ചു. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, മതകേന്ദ്രങ്ങള്‍ എന്നിവയ്ക്കും സുരക്ഷ ശക്തമാക്കാന്‍ അതാത് സംസ്ഥാനങ്ങളോട് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 20 ഇന്ത്യന്‍ യുവാക്കള്‍ ഇറാഖിലും സിറിയയിലുമായി ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മുംബൈയില്‍ നിന്നും കശ്മീരില്‍ നിന്നും തെലങ്കാനയില്‍ നിന്നുമുള്ള യുവാക്കളാണ് ഐഎസിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here