ഒലയെക്കുറിച്ചെന്തു കരുതി; നഗരത്തില്‍ കാറോടിക്കാന്‍ മാത്രമല്ല, വെള്ളം കയറിയാല്‍ ബോട്ട് വലിക്കാനും അറിയാം

ചെന്നൈ: ഒലയെക്കുറിച്ച് അറിയാത്ത പട്ടണങ്ങള്‍ കുറവായിരിക്കും. വിളിപ്പുറത്ത് ടാക്‌സിയുമായി പാഞ്ഞുവരുന്ന അതേ ഒല. ചെന്നൈയില്‍ വെള്ളം കയറിനിറഞ്ഞപ്പോള്‍ കാറോടിക്കാന്‍ പറ്റാതായി. പക്ഷേ, സുരക്ഷിതസ്ഥാനങ്ങളില്‍ അടക്കം ലക്ഷ്യ സ്ഥാനങ്ങളിലേക്കു പോകുന്ന ജനങ്ങളെ സഹായിക്കാതിരിക്കാന്‍ പറ്റുമോ… ഇല്ല. അപ്പോഴാണ് വെള്ളം കയറിയ നഗരത്തില്‍ ബോട്ടിറക്കാന്‍ ഒല തീരുമാനിച്ചത്. പൂര്‍ണമായും ഭാഗികമായും വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍ ബോട്ടുകള്‍ ഇറക്കിയതായി ഒല വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം നല്‍കുന്ന വിവരത്തിന് അനുസരിച്ചാണ് ഓരോ സ്ഥലങ്ങളില്‍ ബോട്ടുകള്‍ ഇറക്കിയിട്ടുള്ളത്.

പ്രൊഫഷണല്‍ തുഴച്ചിലുകാരെയും മത്സ്യബന്ധന തൊഴിലാളികളെയുമാണ് ബോട്ട് തുഴയാനായി ഒല നിയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ധൈര്യമായി ആര്‍ക്കും ഒലയുടെ ബോട്ടില്‍ കയറാം. പോരാത്തതിന് ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കുന്നുമുണ്ട് ഒല. തമിഴ്‌നാട്ടിലെ പ്രത്യേക സാഹചര്യത്തില്‍ വര്‍ധിച്ചു വരുന്ന ഗതാഗത സൗകര്യത്തിന്റെ ആവശ്യകത കണക്കിലെടുത്താണ് ഫെറി സര്‍വീസ് ആരംഭിച്ചതെന്ന് ഒല പറയുന്നു. പ്രാദേശികമായ ഓഹരിയുടമകളുടെ പങ്കാളിത്തത്തോടെയാണ് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്.

ഒറ്റത്തവണ ഒരു ബോട്ടില്‍ അഞ്ചു മുതല്‍ ഒമ്പതു പേരെ വരെ ലക്ഷ്യസ്ഥാനത്ത് ഉള്‍ക്കൊള്ളിക്കാനാകും. ഇതിനായി രണ്ടു തുഴച്ചിലുകാരെയാണ് കമ്പനി ബോട്ടില്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്. മഴ പെയ്യുകയാണെങ്കില്‍ യാത്രക്കാരുടെ രക്ഷയ്ക്ക് കുടകളും ബോട്ടില്‍ കരുതിയിട്ടുണ്ട്. ചെന്നൈയിലെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും ചെന്നൈ സ്‌പോര്‍ട് ഫിഷിംഗ് കമ്പനിയുമാണ് വേണ്ട തുഴച്ചിലുകാരെ ഏര്‍പ്പാടാക്കി കൊടുക്കുന്നത്. അടുത്ത മൂന്നുദിവസത്തേക്ക് ബോട്ട് സര്‍വീസ് ഉണ്ടായിരിക്കും. വെള്ളക്കെട്ട് വീണ്ടും തുടര്‍ന്നാല്‍ സേവനം വീണ്ടും വര്‍ധിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News