ഹിന്ദു ഏകീകരണം ആര്‍എസ്എസ് അജന്‍ഡ

”ഹിന്ദു ഏകീകരണ ശ്രമങ്ങളെ എക്കാലത്തും തുരങ്കം വച്ച് അവരെ ജാതീയമായി ഭിന്നിപ്പിച്ച് നിര്‍ത്തി തന്‍കാര്യം നേടിയ കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഇനിയും ഏറെക്കാലം അത് തുടരാനാവില്ല. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവര്‍ കൂറെക്കാലമായി പറയുന്ന നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഏകീകരണം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയും ആ ശക്തി ബിജെപി നേതൃത്വം കൊടുക്കുന്ന മൂന്നാം ജനകീയ ബദലിന്റെ പിന്നില്‍ അണിനിരക്കുകയും ചെയ്തതിന്റെ ഫലമാണ് ബിജെപിക്കുണ്ടായ മുന്നേറ്റം” (കേസരി നവംബര്‍ 13 മുഖപ്രസംഗം) കേരളത്തില്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലോകസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നാലു ശതമാനത്തോളം വോട്ട് കൂടുതല്‍ നേടാനായതിന്റെ രാഷ്ട്രീയം വിശദീകരിക്കുകയാണ് ”കേസരി” മുഖപ്രസംഗത്തിലൂടെ ചെയ്തത്. വാസ്തവത്തില്‍ നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യം ആര്‍ എസ് എസിന്റെ തന്നെ ഒരു മുദ്രാവാക്യമാണെന്നാണിത് വ്യക്തമാക്കുന്നത്.

vellappally

വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ നടത്താന്‍ പോകുന്ന ‘സമത്വ മുന്നേറ്റയാത്ര’ ഈ മുന്നണിയെ കൂടുതല്‍ ദൃഢീകരിക്കുന്നതിനും അതിനെ ഒരു രാഷ്ട്രീയ പാര്‍ടിയാക്കി മാറ്റുന്നതിനും വേണ്ടിയുള്ള ഒരു രാഷ്ട്രീയ അഭ്യാസം മാത്രമാണ്. വെള്ളാപ്പള്ളി നടേശന്‍ ‘യോഗനാദ’ത്തില്‍ എഴുതിയ മുഖപ്രസംഗത്തിലും ഇതേ ആശയം തന്നെയാണ് പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ”സംഘടിത മതന്യൂനപക്ഷങ്ങളുടെ പിടിയില്‍നിന്ന് കേരളത്തെ” രക്ഷിച്ച് ”നീതിനിഷേധിക്കപ്പെട്ട, അവഗണിക്കപ്പെട്ട, പാര്‍ശ്വവത്കരിക്കപ്പെട്ട നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ സാമൂഹികനീതിയുടെ ഭാഗത്തു ചേര്‍ത്തുനിര്‍ത്തി ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വേര്‍തിരിവില്ലാത്ത ഒരു വ്യവസ്ഥിതി” ഉണ്ടാക്കാനാണത്രെ സമത്വമുന്നേറ്റ യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്. സംഘടിത മതന്യൂനപക്ഷങ്ങളുടെ പിടിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുക എന്നതിനര്‍ത്ഥം മുസ്ലിം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ അധികാരത്തില്‍നിന്ന് ഒഴിവാക്കി കേരളത്തില്‍ ഹൈന്ദവ ഭരണം സ്ഥാപിക്കുക എന്നാണ്. ഇതുതന്നെയാണ് ആര്‍എസ്എസും ലക്ഷ്യമാക്കുന്നത്.

നീതി നിഷേധിക്കപ്പെട്ടവരും, അവഗണിക്കപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമാണു നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവര്‍ എന്നാണു വെള്ളാപ്പള്ളിയുടെ കണ്ടെത്തല്‍. എന്തായിരുന്നു കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുന്നതിനു മുമ്പത്തെ കേരളത്തിലെ ഭൂവുടമസ്ഥതയുടെ സ്ഥിതി? ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന വിഖ്യാതഗ്രന്ഥത്തില്‍ ഇഎംഎസ് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ”അതായത് സ്വത്തു കൈവശത്തിന്റെ കണക്കനുസരിച്ച് ഒന്നാമതായി നില്ക്കുന്നത് നമ്പൂതിരി, രണ്ടാമത് നമ്പ്യാര്‍, മൂന്നാമത് നായര്‍, നാലാമത് ക്രസ്ത്യാനി, അഞ്ചാമത് ഈഴവര്‍, ആറാമത് മുസ്ലിം, പിന്നെ പുലയന്‍, വേട്ടുവന്‍ ഇതാണ് ക്രമം” ഭൂരിഭാഗം ഭൂമിയും അന്ന് ഹിന്ദുക്കളിലെ സവര്‍ണ വിഭാഗത്തിന്റെ കൈകളിലായിരുന്നു. ഈഴവരില്‍ ഭൂരിഭാഗവും ഭൂമിയില്‍ ജന്മാവകാശമില്ലാത്ത പാട്ടകൃഷിക്കാരായിരുന്നു. ദളിതര്‍ക്ക് ഭൂമിയില്‍ ജന്മാവകാശമെന്നത് ചിന്തിക്കാന്‍ പോലും സാധ്യമല്ലാത്ത കാലമായിരുന്നു അത്.

അന്ന് നീതിനിഷേധിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും ഹിന്ദുക്കളിലെ അവര്‍ണരും ദളിതരും ആദിവാസികളുമൊക്കെയായിരുന്നു. മുസ്ലിങ്ങളിലെയും ക്രിസ്ത്യാനികളിലെയും ഭൂരിഭാഗത്തിന്റെ സ്ഥിതിയും ഇതുതന്നെയായിരുന്നു. ജന്മിത്വം അവസാനിപ്പിച്ചു കൊണ്ടുള്ള നിയമനിര്‍മ്മാണത്തിലൂടെ കമ്യൂണിസ്റ്റുകാരാണ് ഇതിന് അന്ത്യം കുറിച്ചത്. അങ്ങനെയാണ് കുടിയാന്മാരായിരുന്നവര്‍ക്ക് ഭൂമിയില്‍ ജന്മാവകാശം സിദ്ധിച്ചത്. ഭൂരഹിതരായ കര്‍ഷകതൊഴിലാളികള്‍ക്ക് കുടികിടപ്പുകിട്ടിയതും ഈ നിയമത്തിന്റെ ഭാഗമായിതന്നെ.ഭൂസ്വത്തിന്റെ പുനര്‍വിതരണത്തിലൂടെ ഉണ്ടായ സാമ്പത്തിക നീതിയാണ് കേരളത്തില്‍ സാമൂഹികനീതിക്ക് കാരണമായത്. അത് പൂര്‍ണമാണെന്ന് പറയുന്നില്ല. എന്നാല്‍ അത്രയെങ്കിലും ചെയ്തത് കമ്യൂണിസ്റ്റുകാരാണ്. തുടര്‍ന്ന് നടന്ന മുതലാളിത്ത വളര്‍ച്ച ജനങ്ങളെ വീണ്ടും പാപ്പരീകരിക്കുകയും രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിട്ടുണ്ട്. അതും പരിഹരിക്കുന്നതിന് ശാസ്ത്രീയമായ നിലപാടുകള്‍ മുന്നോട്ടുവെച്ചിട്ടുള്ളത് ഇടതുപക്ഷം മാത്രമാണ്. എന്നാല്‍ ഈ മുതലാളിത്ത വളര്‍ച്ചകൊണ്ട് നേട്ടമുണ്ടാക്കിയവരാണ് ഇന്ന് സാമുദായിക സംഘടനാ നേതൃത്വത്തിലുള്ളത്. അതുകൊണ്ടാണ് വെള്ളാപ്പള്ളി സമത്വയാത്രയില്‍ സാമൂഹികനീതിയെക്കുറിച്ച് മാത്രം പറയുകയും സാമ്പത്തികനീതിയേയോ സാമ്പത്തികസമത്വത്തെയോ കുറിച്ച് പറയാതിരിക്കുകയും ചെയ്യുന്നത്.

നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഹിന്ദുമതത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിപ്പിച്ച് ഒരു രാഷ്ട്രീയശക്തിയാക്കി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍ എസ് എസ.് ‘ഹിന്ദുദേശീയത’യെന്നും ‘ഹൈന്ദവസംസ്‌കാര’മെന്നും ഒക്കെ പറഞ്ഞ് സെമറ്റിക് മതങ്ങളുടെ രൂപത്തില്‍ ഹിന്ദുക്കളെയും സംഘടിപ്പിക്കാനാവുമെന്നാണ് ആര്‍ എസ് എസ് ആചാര്യന്മാര്‍ കരുതിയത്. എന്നാല്‍ സെമറ്റിക് മതങ്ങളെപ്പോലെ ഏകദൈവ വിശ്വാസത്താലോ ഏകവിശുദ്ധഗ്രന്ഥത്താലോ യോജിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല ഹിന്ദുമതത്തിന്റെ ആന്തരികഘടന എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഹിന്ദുമതം ജാതികളുടെ ഒരു ഐക്യമുന്നണി മാത്രമാണ്; ഐക്യവും സമരവും നടക്കുന്ന ഒരു ഐക്യമുന്നണി; മാത്രമല്ല മേല്‍കീഴ്ബന്ധങ്ങളുള്ള ഒരു സാമൂഹിക അധികാരവ്യവസ്ഥകൂടിയാണത്.

സാമൂഹികനീതിക്കുവേണ്ടി അതിനകത്ത് ഓരോ മേല്‍ജാതിക്കുനേരെയും കീഴ്ജാതിക്കാര്‍ സമരത്തിലാണ്. ഒപ്പം തന്നെ ഈ മേല്‍കീഴ് ബന്ധത്തിലെ ആപേക്ഷികമായ മേല്‍ക്കോയ്മ അല്ലെങ്കില്‍ സാമൂഹിക അധികാരം ഭൂരിപക്ഷം ജാതിക്കാരേയും ഹൈന്ദവഐക്യത്തിനോ ഹൈന്ദവബോധത്തിനൊ വശംവദരാക്കുകയും ചെയ്യുന്നു. ‘ഹൈന്ദവരില്‍’ഏറ്റവും താഴെ തട്ടിലുള്ളത് ദളിതരും ആദിവാസികളും ആണ്. അവര്‍ക്കിടയില്‍ പോലും മേല്‍കീഴ്തട്ടുകളുണ്ട്. ഇവരെയെല്ലാം യോജിപ്പിക്കുന്ന ഒന്നാണ് അന്യമതവിരോധം. ജാതികള്‍ തമ്മിലുള്ള മേല്‍കീഴ് ബന്ധങ്ങള്‍ സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അവരെ തമ്മിലടിപ്പിക്കുകയും അന്യമതത്തിനെതിരായ പോരാട്ടം അവരെ ഐക്യപ്പെടുത്തുകയും ചെയ്യുന്നു.

‘സോഷ്യല്‍ എഞ്ചിനീയറിംഗ്’ എന്ന പേരില്‍ വിവിധ ജാതികളില്‍ നിന്ന് നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരികയും ഒപ്പം ആര്‍ എസ് എസില്‍ ബ്രാഹ്മണമെധാവിത്വം നിലനിര്‍ത്തുകയും ചെയ്തുകൊണ്ട് ജനകീയാടിത്തറ വികസിപ്പിക്കാനാണ് തൊണ്ണൂറുകളില്‍ ബി ജെ പി ശ്രമിച്ചത്. കല്യാണ്‍സിങ്, വെങ്കയ്യനായിഡു, ഉമാഭാരതി തുടങ്ങിയ പിന്നോക്കക്കാര്‍ ആ അടവിന്റെ ഭാഗമായി ഉയര്‍ന്നുവന്ന നേതാക്കളാണ.് എന്നാല്‍ അതുകൊണ്ട് മാത്രം ഉദ്ദേശിച്ച നേട്ടമുണ്ടാക്കാനായില്ല എന്നതുകൊണ്ട് ജാതി സംഘടനാ നേതൃത്വങ്ങളെ യോജിപ്പിച്ചണിനിരത്തി മുന്നണിയുണ്ടാക്കുകയും ആവശ്യമായ ഇടത്ത് പ്രത്യേകം രാഷ്ട്രീയ പാര്‍ടിയുണ്ടാക്കുകയും ചെയ്യുക എന്നതാണ് ഇന്ന് ആര്‍ എസ് എസ് ആവിഷ്‌കരിച്ചിരിക്കുന്ന അടവ്. അതിന്റെ ഉപകരണമായിരിക്കുകയാണ് വെള്ളാപ്പള്ളിയും മകനും. വെള്ളാപ്പള്ളിയുടെ പാര്‍ടിയില്‍ താക്കോല്‍സ്ഥാനത്തിരിക്കുക സംഘപരിവാരത്തിലിരിക്കുന്നവര്‍ മാത്രമായിരിക്കും; അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here