മൂന്നാം ടെസ്റ്റ് നാളെ മുതല്‍; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; ഒപ്പമെത്താന്‍ ദക്ഷിണാഫ്രിക്ക

നാഗ്പൂര്‍: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് നാളെ തുടങ്ങും. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര നേടാം. ടെസ്റ്റ് പരമ്പരയെങ്കിലും നേടി സ്വന്തം നാട്ടില്‍ മാനം രക്ഷിക്കാനാണ് ഇന്ത്യയുടെ ശ്രമം.

ട്വന്റി – 20, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയും ലക്ഷ്യമിടുന്നു. അടുത്ത രണ്ട് ടെസ്റ്റുകളും ജയിച്ചാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര നേടാനാവൂ. എന്നാല്‍ ട്വന്റി – 20, ഏകദി പരമ്പരകള്‍ തോറ്റെങ്കിലും ആദ്യ ടെസ്റ്റിലെ മിന്നുന്ന വിജയം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം.

ചണ്ഡീഗഡില്‍ നടന്ന ആദ്യ ടെസ്റ്റ് മൂന്നാംദിനം തന്നെ ഇന്ത്യ ജയം കൈപ്പിടിയില്‍ ഒതുക്കി. ബംഗളുരുവില്‍ മഴ കളിമുടക്കിയെങ്കിലും ഇന്ത്യയ്ക്കു തന്നെയായിരുന്നു മുന്‍തൂക്കം. ടെസ്റ്റ് ഉപേക്ഷിച്ചില്ലായിരുന്നുവെങ്കില്‍ ജയം ഇന്ത്യ ഒരുപക്ഷേ ആവര്‍ത്തിച്ചേനേ. ക്യാപ്ടന്‍ വിരാട് കോഹ്‌ലിയുടെ ടീം മിന്നുന്ന ഫോമിലുമാണ്. ബൗളിംഗ് നിരയില്‍ രവിചന്ത്ര അശ്വിനും ഇഷാന്ത് ശര്‍മയും തന്നെയാണ് ഇന്ത്യയുടെ കുന്തമുന. അശ്വിന്‍ ബംഗളുരുവില്‍ ആദ്യ ഇന്നിംഗ്‌സില്‍ നേടിയ നാലു വിക്കറ്റുകളാണ് കളിയുടെ ഗതി തീരുമാനിച്ചത്. മുരളി വിജയ്, ചേതേശ്വര്‍ പൂജാര, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തുടങ്ങിയവര്‍ ബാറ്റിംഗില്‍ സാമാന്യം നല്ല ഫോമിലാണ്.

എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിംഗ് ഫോം തന്നെയാണ് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷ. ഒപ്പം മോര്‍ക്കലും അബ്ബോട്ടും ഉള്‍പ്പെടുന്ന ബൗളിംഗ് നിരയും ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കുന്നു. ആദ്യ ടെസ്റ്റില്‍ വെറോണ്‍ ഫിലാന്‍ഡര്‍ മാന്യമായ ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് ആഫ്രിക്കന്‍ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകുന്നു.

പരമ്പരയിലെ നാലാമത്തെയും അവസാനത്തേയും ടെസ്റ്റ് ഡിസംബര്‍ മൂന്നിന് ദില്ലിയില്‍ നടക്കും. മൂന്നാം ടെസ്റ്റില്‍ വിജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്കാവും. ഇത് ആശ്വാസ നേട്ടവുമാകും. ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാനായാല്‍ അവസാന ടെസ്റ്റ് നിര്‍ണ്ണായകമാവും. ടെസ്റ്റ് പരമ്പരയും തോറ്റാല്‍ ടീം ഇന്ത്യ കാത്തിരിക്കുന്നത് വന്‍ വിമര്‍ശന ശരങ്ങളാവും. സ്വന്തം മണ്ണില്‍ ടെസ്റ്റ്, ഏകദിന, ട്വന്റി – 20 പരമ്പരകള്‍ തോറ്റുവെന്ന നാണക്കേടും ചുമക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News