സ്ത്രീസുരക്ഷയുടെ സന്ദേശമുയര്‍ത്തി ഓറഞ്ച് ഡേ; തലസ്ഥാനത്ത് വാക്കത്തോണ്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ക്കെതിരായ പ്രചരണവുമായി ഓറഞ്ച് ഡേ. എല്ലാ മാസവും 25 നാണ് ‘ഓറഞ്ച് ഡേ’ ആയി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരമാണ് ദിനാചരണം. ഇതിന്റെ ഭാഗമായി നവംബര്‍ 25ന് തിരുവനന്തപുരത്ത് വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് പരിപാടി.

ഓറഞ്ച് ഡേയുടെ ഭാഗമായി തലസ്ഥാനത്ത് വാക്കത്തോണ്‍ സംഘടിപ്പിക്കും. രാവിലെ ഏഴ് മണിക്ക് കനകക്കുന്നില്‍നിന്നാണ് വാക്കത്തോണ്‍ തുടങ്ങുന്നത്. ചലച്ചിത്രതാരം പാര്‍വ്വതിയും ഡിജിപി ടിപി സെന്‍കുമാറും ഉള്‍പ്പടെയുള്ള പ്രമുഖര്‍ നേതൃത്വം വാക്കത്തോണില്‍ പങ്കെടുക്കും.

വഴുതക്കാട് വിമന്‍സ് കോളേജിലാണ് വാക്കത്തോണ്‍ സമാപനം. സമാപനത്തിന്റെ ഭാഗമായി 200 ഓറഞ്ച് ബലൂണുകള്‍ ആകാശത്തേക്ക് പറത്തും. പത്തുമണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ വിദ്യര്‍ത്ഥികളുടെ നാടകവും വിവിധ കലാപരിപാടികളും അരങ്ങേറും. സുബോധം പദ്ധതിയ്ക്കു കീഴില്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തിലെ പ്രമുഖരായ വനിതാ സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. എന്‍എസ്എസ്, കുടുംബശ്രീ, എന്‍എസ്പിസി വോളന്റിയര്‍മാരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വാക്കത്തോണില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി ടീഷര്‍ട്ടും ക്യാപും നല്‍കും. പരിപാടി ഡോക്യുഫിക്ഷന്‍ രൂപത്തില്‍ ചിത്രീകരിക്കും.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദിനാചരണം. വനിതകള്‍ക്കെതിരായ അക്രമങ്ങള്‍ ഒഴിവാക്കുന്നതിനുള്ള അന്തര്‍ദ്ദേശീയ ദിനമായി നവംബര്‍ 25 ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് യുഎന്‍ സെക്രട്ടറി ജനറലിന്റെ യുണൈറ്റ് ക്യാംപെയ്ന്‍ എല്ലാ മാസവും 25 ന് ഓറഞ്ച് ഡേ ആചരിക്കും.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളെ ചെറുക്കുകയാണ് ലക്ഷ്യം. ഭരണകൂടങ്ങളെയും ആക്ടിവിസ്റ്റുകളെയും മറ്റ് യുഎന്‍ പങ്കാളികളെയും സഹകരിപ്പിച്ച് ആഗോളതലത്തിലും പ്രചരണ പരിപാടി സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News