അസഹിഷ്ണുതാ പരാമര്‍ശത്തില്‍ ആമിറിനെ പിന്തുണച്ച് എ.ആര്‍ റഹ്മാനും; സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് റഹ്മാന്‍

പനാജി: അസഹിഷ്ണുതാ പരാമര്‍ശത്തില്‍ ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ പിന്തുണച്ച് സംഗീതസംവിധായകന്‍ എആര്‍ റഹ്മാന്‍. സമാനമായ അനുഭവം രണ്ടുമാസം മുമ്പ് തനിക്കും ഉണ്ടായിട്ടുണ്ടെന്നു റഹ്മാന്‍ പറഞ്ഞു.
രാജ്യം വിടേണ്ടി വരുമെന്ന് വരെ തോന്നിയിട്ടുണ്ടെന്ന ആമിറിന്റെ ഭാര്യയുടെ വാക്കുകള്‍ കേട്ടപ്പോള്‍ തനിക്ക് തന്റെ അവസ്ഥയാണ് ഓര്‍മവന്നത്. രണ്ടുമാസം മുമ്പ് ഇതേ അവസ്ഥ താനും അനുഭവിച്ചതാണ്. ഒന്നും അക്രമത്തിന്റെ പാതയിലാകരുത്. നമ്മള്‍ ഉന്നത നിലവാരമുള്ള ജനങ്ങളാണ്. നമ്മളാണ് മികച്ച ജനതയെന്ന് ലോകത്തെ കാണിച്ചു കൊടുക്കണമെന്നും റഹ്മാന്‍ അഭിപ്രായപ്പെട്ടു. രണ്ടുമാസം മുമ്പ് മുസ്ലിം സംഘടന റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചത് ഓര്‍ത്തെടുത്താണ് റഹ്മാന്റെ പരാമര്‍ശം.

എന്തു ചെയ്യുന്നതും കാവ്യാത്മകവും ആഭിജാത്യമുള്ളതുമായിരിക്കണമെന്ന് താരങ്ങള്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ റഹ്മാന്‍ മറുപടി നല്‍കി. ലോകത്തിന് നല്ലൊരു മാതൃക കാണിച്ചു കൊടുക്കാന്‍ നമുക്ക് സാധിക്കണം. കാരണം നമ്മള്‍ മഹാത്മാ ഗാന്ധിയുടെ നാട്ടുകാരാണ്. അക്രമം ഇല്ലാതെ വിപ്ലവം കൊണ്ട് എന്തു മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഗാന്ധിജി നമുക്ക് കാണിച്ചു തന്നിട്ടുണ്ടെന്നും റഹ്മാന്‍ വ്യക്തമാക്കി. ബോളിവുഡ് താരങ്ങളില്‍ നിന്നടക്കം ആമിറിനെതിരെ പടയൊരുക്കം നടക്കുമ്പോഴാണ് റഹ്മാന്‍ ആമിറിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്.

രണ്ടുമാസം മുമ്പ് മുഹമ്മദ്-മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ഇറാനിയന്‍ ചിത്രത്തിന് സംഗീതം നല്‍കിയതിനെ തുടര്‍ന്ന് മുംബൈ ആസ്ഥാനമായ റാസ അക്കാദമി റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും മുഖ്യമന്ത്രിമാര്‍ റഹ്മാന്റെ പരിപാടി റദ്ദാക്കുകയും ചെയ്തിരുന്നു. റഹ്മാന് ഹിന്ദുമതത്തിലേക്ക് തിരിച്ചു വരാനുള്ള അവസരമാണിതെന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ തദവസരത്തിലുള്ള പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News