സ്വിഫ്റ്റിലും ഡിസയറിലും ഇനി പുതിയ സുരക്ഷാ സംവിധാനങ്ങള്‍; ഡ്യുവല്‍ എയര്‍ബാഗും ആന്റി ബ്രേക് സിസ്റ്റവുമായി മാരുതി

ദില്ലി: ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പനയുള്ള മാരുതിയുടെ ഹാച്ച്ബാക്ക് മോഡല്‍ സ്വിഫ്റ്റിലും കോംപാക്ട് സെഡാന്‍ ഡിസയറിലും മാരുതി പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡ്യുവല്‍ എയര്‍ബാഗും ആന്റി ബ്രേക് സിസ്റ്റവുമാണ് മാരുതി തങ്ങളുടെ ബെസ്റ്റ് സെല്ലര്‍ കാറുകളില്‍ പുതുതായി ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍. കണ്‍ടംപററി സ്റ്റൈലിംഗും കംഫോര്‍ട്ടും പെര്‍ഫോമന്‍സും കണക്കിലെടുത്താണ് പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സുസുകി തീരുമാനിച്ചതെന്ന് മാരുതി സുസുകി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍എസ് കല്‍സി പറഞ്ഞു.

ടൊയോട്ടയും ഫോക്‌സ്‌വാഗണും അടക്കം നിരവധി വാഹനങ്ങള്‍ ഇതിനകം തങ്ങളുടെ പുതിയ മോഡലുകളില്‍ ഡ്യുവല്‍ എയര്‍ബാഗ് സിസ്റ്റം കൊണ്ടുവന്നിട്ടുണ്ട്. ഫോക്‌സ്‌വാഗന്റെ പോളോ ഹാച്ച്ബാക്കിലും ടൊയോട്ടയുടെ എല്ലാ കാറുകളിലും എയര്‍ബാഗ് സ്റ്റാന്‍ഡേഡൈസ്ഡ് ആണ്. നിസാന്‍ മൈക്രാ ഹാച്ച്ബാക്കിലും എയബാഗ് ഡ്യുവല്‍ ആണ്. ഈ മോഡലുകളുമായുള്ള മത്സരം ശക്തമാക്കിക്കൊണ്ടാണ് ഇപ്പോള്‍ മാരുതിയും ഈ നിരയിലേക്ക് കടന്നു വന്നിട്ടുള്ളത്.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പനയുള്ള മാരുതിയുടെ ഹാച്ച്ബാക്ക് മോഡലാണ് സ്വിഫ്റ്റ്. ഡിസയര്‍ ആകട്ടെ പ്രതിമാസം 17,000 കാറുകള്‍ വിറ്റഴിച്ച് ഒട്ടും മോശമല്ലാത്ത സ്ഥാനം കോംപാക്ട് സെഡാന്‍ കാര്‍ വിഭാഗത്തില്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2008-ലാണ് സ്വിഫ്റ്റ് ഡിസയര്‍ ഇന്ത്യയില്‍ എത്തിയത്. സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും വരവോടെ ഇന്ത്യയിലെ വിപണി പങ്കാളിത്തത്തിന്റെ നല്ലൊരു ശതമാനം മാരുതി സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here