സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷാനടത്തിപ്പ് സ്വകാര്യ ഏജന്‍സിക്കു കൈമാറില്ല; ഉത്തരവ് മരവിപ്പിച്ചു; പീപ്പിള്‍ ഇംപാക്ട്

സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പ് സ്വകാര്യ ഏജന്‍സിക്ക് കൈമാറാന്‍ ഉളള ഉത്തരവ് മരവിപ്പിച്ചു. നിലപാടിനെതിരെ പ്രതിഷേധങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍വകലാശാലയുടെ പിന്‍മാറ്റം. സര്‍വകലാശാലക്ക് കീഴിലെ നാല്‍പത്തയ്യായിരത്തിലേറെ വരുന്ന ഒന്നാം സെമസ്റ്റര്‍ ബി ടെക്ക്, എം ടെക്ക് വിദ്യാര്‍ഥികളുടെ പരീക്ഷാനടത്തിപ്പും, മൂല്യനിര്‍ണ്ണയവും, മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കലുമടക്കം മുഴുവന്‍ പരീക്ഷ ജോലികളും ബംഗളുരു ആസ്ഥാനമായ മെറ്റിറ്റ് ട്രാക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ ഏല്‍പ്പിക്കാന്‍ ആയിരുന്നു ഉത്തരവ് ഇറങ്ങിയത്.

university-new

ഇന്ത്യയില്‍ തന്നെ ഇതിന് മുന്‍പ് രണ്ട് സര്‍വകലാശാലകളില്‍ മാത്രം നടപ്പില്‍ വരുത്തുകയും എന്നാല്‍ പ്രയോഗികമല്ലെന്ന് കണ്ട് പിന്‍മാറുകയും ചെയ്ത സമ്പ്രദായമാണ് യാതൊരു കൂടിയാലോചനകളും കൂടാതെ നടപ്പിലാക്കാന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചത്. സുതാര്യമല്ലാത്ത ഒരു സംവിധാനം നടപ്പിലാക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് വിദ്യാഭ്യസ മന്ത്രി പി കെ അബ്ദുറബ് പറഞ്ഞിരുന്നു. വിഷയത്തില്‍ ഇടപ്പെട്ട പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തീരുമാനം പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എം പി മാരായ കെ എന്‍ ബാലഗോപാലും, എം ബി രാജേഷും സര്‍വകലാശാലയുടെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. എത് സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് തരണമെന്ന് വിസിയോട് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു. പ്രതിഷേധവുമായി എത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലര്‍ ഡോ. കുഞ്ചറിയ പി ഐസക്കിനെ ഉപരോധിച്ചു. തുടര്‍ന്ന് പരീക്ഷ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കുന്നതായി വി സി സമരക്കാരെ അറിയിച്ചു. സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ താരുമാനിച്ച വാര്‍ത്ത പുറത്തുവിട്ടത് പീപ്പിള്‍ ടി വിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News