തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് റഷ്യ; സൈനിക ബന്ധം ഉപേക്ഷിച്ചു

മോസ്‌കോ: അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് യുദ്ധവിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത തുര്‍ക്കിക്കെതിരെ റഷ്യ പ്രതികാര നടപടി ആരംഭിച്ചു. തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് റഷ്യ വ്യക്തമാക്കി. തുര്‍ക്കിയുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് ഉത്തരവിട്ടു. തുര്‍ക്കിയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി. തുര്‍ക്കിയുമായുള്ള ടൂറിസം ബന്ധങ്ങള്‍ നേരത്തെ റഷ്യ വിലക്കിയിരുന്നു. തുര്‍ക്കിയുമായുള്ള എല്ലാ സൈനിക ബന്ധങ്ങളും അവസാനിപ്പിക്കാനും റഷ്യ തീരുമനിച്ചിട്ടുണ്ട്.

റഷ്യന്‍ അധീനതയിലുള്ള പ്രദേശത്തെ തുര്‍ക്കിയുടെ എല്ലാ സാമ്പത്തിക ഘടകങ്ങളും നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാനാണ് റഷ്യയുടെ തീരുമാനം. ഭക്ഷ്യവസ്തുക്കള്‍ അടക്കം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും വിതരണം ചെയ്യുന്നതിനും തുക്കിക്കുള്ള അനുമതി നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുക. തൊഴില്‍-സേവന മേഖലകളിലും ഉപരോധം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഹോട്ട്‌ലൈന്‍ ബന്ധവും റഷ്യ റദ്ദാക്കിയിട്ടുണ്ട്. സിറിയന്‍ ആക്രമണസമയത്ത് തുര്‍ക്കിയെ വിവരം അറിയിക്കാനാണ് ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിച്ചിരുന്നത്.

ഈ സംഭവത്തിനുശേഷം സിറിയയിലെ 450 സ്ഥലങ്ങളില്‍ 130 ആകാശറെയ്ഡുകള്‍ നടത്തിയതായി സൈനികവക്താവ് ഇഗോര്‍ കൊനാഷെന്‍കോവ് പറഞ്ഞു. സിറിയയിലെ ഹമീം വ്യോമസേനാതാവളത്തില്‍ അത്യാധുനിക എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here