ബ്ലാസ്റ്റേഴ്‌സിന് താല്‍പര്യം ബിസിനസില്‍ മാത്രമോ; പ്രമുഖ താരങ്ങളെ തഴഞ്ഞതെന്തിന്; പഠിക്കണം ഈ നാണക്കേടില്‍നിന്ന്; മാറ്റങ്ങള്‍ക്ക് കാതോര്‍ത്ത് ആരാധകര്‍

കിരീടം ലക്ഷ്യമിട്ട് എത്തി 2 മത്സരങ്ങള്‍ ബാക്കി നില്‍ക്കെ പോരാട്ടം അവസാനിപ്പിക്കേണ്ടിവന്ന ദയനീയമായ അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിരാശജനകമായ പ്രകടനം നടത്തുമ്പോഴും വരുന്ന മത്സരങ്ങളില്‍ തിരികെ എത്തുമെന്ന പ്രതീക്ഷയുമായി ബ്ലാസ്റ്റേഴ്‌സിനെ പിന്തുണച്ച ആരാധകര്‍ക്ക് ഇരുട്ടത്ത് കിട്ടിയ അടിയാണ് ഐഎസ്എല്‍ സീസണ്‍ 2. സോഷ്യല്‍ മീഡിയയില്‍ ബ്ലാസ്റ്റേഴ്‌സിനെ പള്ളുപറഞ്ഞെത്തുന്ന പോസ്റ്റുകളിലെല്ലാം ആ നിരാശ പ്രകടമാണ്. ആദ്യ സീസണില്‍ കാഴ്ചവെച്ച പ്രകടനത്തിന്റെ നേര്‍ വിപരീതമായിരുന്നു മഞ്ഞപ്പടയുടെ രണ്ടാം വരവ്.

ലക്ഷ്യബോധമില്ലാത്ത പാസുകളില്‍ തുടങ്ങി എ ടു ഇസഡ് കുത്തഴിഞ്ഞ പ്രകടനമായിരുന്നു അവരുടേത്. കഴിഞ്ഞ സീസണിലെ ഹീറോകളായി മാറിയ ഇയാന്‍ ഹ്യൂമിനെത്തുടങ്ങി പ്രമുഖരെ നിലനിര്‍ത്താതെ സീസണ്‍ തുടങ്ങിയപ്പോഴേ ആരാധകര്‍ക്കിടയില്‍ കല്ലുകടി തുടങ്ങിയിരുന്നു. എങ്കിലും മൈതാനത്ത് അവര്‍ എല്ലാം മറന്ന് കേരളത്തെ പിന്തുണച്ചു. എന്തുകൊണ്ട് ആദ്യ സീസണിലെ താരങ്ങളെ നിലനിര്‍ത്തിയില്ല എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്ന സാഹചര്യത്തിലായിരുന്നു എന്തുകൊണ്ട് തന്നെ നിലനിര്‍ത്തിയില്ല എന്ന വിലാപവുമായി ഹ്യൂം തന്നെ രംഗത്തുവന്നത്. ഹ്യൂമിന്റെ വില എന്തെന്ന് കൊല്‍ക്കത്ത നിരയില്‍ അയാള്‍ കാണിച്ചു തരുകയും ചെയ്തു.

ഹ്യൂമിനെപ്പോലെയൊരു താരത്തെ തഴഞ്ഞ് പുള്‍ഗയെപ്പോലെ ഒരു വെറ്ററനെ നിലനിര്‍ത്തിയത് എന്തിനെന്ന് ചോദ്യം ബാക്കിനില്‍ക്കുന്നു. പ്രായം 30 കഴിഞ്ഞെങ്കിലും ഈ സീസണിലും ഏറ്റവും എനര്‍ജറ്റിക്ക് താരം ഹ്യൂമാണ്. പുള്‍ഗ നേരെ മറിച്ചും. പലയിടത്തും പുള്‍ഗയെപ്പോലെ പരിചയ സമ്പന്നനായ താരത്തില്‍ നിന്നും ഉണ്ടായ മിസ്പാസുകള്‍ കേരളത്തിന് തോല്‍വി വിളിച്ചുവരുത്തി. ജയം അത്യാവശ്യമായ ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ മിസ്പാസുകള്‍ തിരിച്ചടിയായി. ചെന്നൈ നേടിയ രണ്ട് ഗോളുകളും പുള്‍ഗയുടെ പിഴവില്‍ നിന്നുമാണ്.

ഹ്യൂമിനു പുറമെ പിയേഴ്‌സണ്‍, ഹെങ്ബര്‍ത്ത് തുടങ്ങിയ താരങ്ങളെ വിട്ടിട്ടാണ് കഴിഞ്ഞ സീസണില്‍ കാര്യമായ ഒരു ഇംപാക്ടും ഉണ്ടാക്കാന്‍ കഴിയാത്ത ഈ താരത്തെ നിലനിര്‍ത്തിയത്. കേരളം ടൂര്‍ണമെന്റിനെ ഒരു ബിസിനസ്സ് മാത്രമായാണ് കാണുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. കുറഞ്ഞ പണത്തിന് താരങ്ങളെ വാങ്ങി ലാഭമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.

കേരളത്തിന്റെ മാര്‍ക്വി താരത്തെ തെരഞ്ഞെടുത്തത് മുതല്‍ ഈ നീക്കം പ്രകടമാണ്. കാര്‍ലോസ് മര്‍ച്ചേന എന്ന പഴയ പടക്കുതിരയെ എന്തിന് മാര്‍ക്കീ താരമാക്കി. പകുതി സമയം പോലും കളിക്കാന്‍ ശേഷിയില്ലാത്ത താരമാണ് മര്‍ച്ചേന. മറ്റു ടീമുകളുടെ മാര്‍ക്വി താരങ്ങള്‍ എന്തു ചെയ്തുവെന്ന് നോക്കുക. സിമാവോ, അഡ്രിയാന്‍ മുട്ടു, റോബര്‍ട്ടോ കാര്‍ലോസ് തുടങ്ങിയ താരങ്ങളെല്ലാം അവരവരുടെ ജോലികള്‍ ഭംഗിയായി നിര്‍വ്വഹിച്ചവരാണ്.

മര്‍ച്ചേനയ്ക്ക് പുറമെ കേരളത്തിന്റെ കളി നിയന്ത്രിച്ചിരുന്ന സാഞ്ചസ് വാട്ടിനെ പരുക്കിന് വിട്ടു കൊടുത്തപ്പോഴും, പുതിയൊരു താരത്തിന് വേണ്ടി ശ്രമിക്കാത്തത് പണം മുടക്കാനുള്ള വിമുഖതയാണോ അതോ ഉള്ളവരെവെച്ച് കളിച്ചാല്‍ മതി എന്ന തീരുമാനമാണോ എന്ന് വ്യക്തമല്ല. സാഞ്ചസ് വാട്ടിന്റെ സ്ഥാനത്തേക്ക് കൊണ്ടുവരേണ്ട ആളല്ല അന്റോണിയോ ജര്‍മന്‍. അയാളെ ക്രിസ് ഡഗ്നലിനൊപ്പം സ്‌ട്രൈക്കില്‍ തന്നെ നിലനിര്‍ത്തണമായിരുന്നു.

മധ്യനിരയുടെ മെല്ലെപ്പോക്ക് എടുത്തു പറയേണ്ട മറ്റൊരു സംഗതിയാണ്. പന്ത് കാലില്‍ കിട്ടിയാല്‍ സമയം വൈകിപ്പിച്ച് കളിക്കുന്ന ശൈലി. എതിര്‍ ടീമിന് പ്രസ് ചെയ്ത് കളിക്കാന്‍ അവസരം നല്‍കിയതും ഈ നീക്കമാണ്. എന്നാല്‍ സമയമെടുത്തുള്ള പാസുകള്‍ മുന്നോട്ടെത്തുന്നതും ലക്ഷ്യം തെറ്റിയാണ്. കേരളം ഒരിക്കല്‍പ്പോലും പ്രസ് ചെയ്ത് കളിക്കാന്‍ തയ്യാറായിരുന്നില്ല. അങ്ങനെ മുന്നോട്ട് കയറികളിച്ച കളികളെല്ലാം കേരളം ജയിക്കുകയും ചെയ്തു. ഇടതു വലതു വിങ്ങുകള്‍ അനാഥമായി കിടക്കുന്നതും കേരള മുന്നേറ്റത്തിലെ പതിവ് കാഴ്ചയായിരുന്നു.

മറുവശത്ത് എതിര്‍ ടീമുകള്‍ മുഴുവന്‍ കടന്നു കയറിയത് വിങ്ങുകളിലൂടെയായിരുന്നു. പ്രതിരോധം മറ്റൊരു വലിയ അബദ്ധമായി. കൊല്‍ക്കത്തയ്‌ക്കെതിരായ സമനില അര്‍ഹിച്ച മത്സരം തോല്‍പ്പിച്ചത് കേരള പ്രതിരോധത്തിന്റെ തുറന്നിട്ട വാതിലുകളാണ്. ഒപ്പം മറ്റൊന്നുകൂടി. കോണര്‍കിക്കുകളിലൂടെ ഗോളുകള്‍ കണ്ടെത്തുന്ന പ്രതിരോധനിരക്കാര്‍ ആരും നമ്മുക്ക് ഉണ്ടായില്ല എന്നതാണ്. റീസെയും അനസുമെല്ലാം അവരവരുടെ ടീമുകള്‍ക്കായി ഗോളുകള്‍ നേടി എന്നതും ശ്രദ്ധേയം.

എതിര്‍ ഗോള്‍മുഖത്ത് പന്തുമായി എത്തിയ ശേഷം അനാവശ്യ മൈനസ് പാസുകള്‍ കേരളത്തെ പലപ്പോഴും പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. അതുവഴി തോല്‍വിലേക്കും. പക്ഷെ കേരളം ഗോളുകള്‍ വഴങ്ങിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രതിരോധത്തിന് നല്‍കാനാവില്ല. പ്രതിരോധത്തിനെയും മുന്നേറ്റത്തിയും കൂട്ടിയോജിപ്പിക്കാന്‍ പറ്റുന്ന ഒരു മിഡ്ഫീല്‍ഡ് ജനറല്‍ നമ്മുക്ക് ഉണ്ടായിരുന്നില്ല. കൃത്യമായി പറഞ്ഞാല്‍ പിയേഴ്‌സണെപ്പോലൊരാള്‍. അവിടെയാണ് കേരളത്തിന് ഏറ്റവും വലിയ അടിപറ്റിയത്.

വിദേശ ഗോള്‍കീപ്പര്‍ എന്ന ആശയവും മറ്റൊരു പിഴവായി. സ്റ്റീവന്‍ ബെയ് വാട്ടറെക്കാള്‍ എത്രയോ മികച്ച താരമായിരുന്നു സന്ദീപ് നന്ദി. പ്രായം 40 ആയിട്ടും ആ പോരാട്ടമികവിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവായിരുന്നു ലക്ഷ്യബോധമില്ലാത്ത മുംബൈ മുന്നേറ്റനിരയെ മാറ്റിനിര്‍ത്തിയാല്‍ മുംബൈക്കെതിരായ മത്സരം. അങ്ങനെയെങ്കില്‍ 6 വിദേശതാരങ്ങളെ കേരളത്തിന് ഫീല്‍ഡില്‍ ഉപയോഗിക്കാമായിരുന്നു. അതല്ലെങ്കിലും 6 വിദേശ താരങ്ങള്‍ കളത്തില്‍ വേണമെന്നത് നിയമമൊന്നും അല്ല. ചെന്നൈ ഒരു വലിയ ഉദാഹരണമാണ്. അങ്ങനെയെങ്കില്‍ സി കെ വിനീതിനെപ്പോലുള്ള താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളും ലഭിക്കുമായിരുന്നു.

രാഹുല്‍ ബേക്കയെപ്പോലുള്ള കുറേ നല്ല കളിക്കാര്‍ കേരളത്തില്‍ തിളങ്ങിയിരുന്നു. മുഹമ്മദ് റാഫി മറ്റൊരു മികവ് പുറത്തെടുത്ത കളിക്കാരനാണ്. സന്ദേശ് ജിങ്കാന്‍ ഈ സീസണില്‍ കാര്യമായി തിളങ്ങിയില്ല. കെവിന്‍ ലോബോ മികച്ചുനിന്നപ്പോള്‍, ഇഷ്താഖ് അഹമ്മദും, മെഫ്താബ് ഹുസൈനുമെല്ലാം നിരാശപ്പെടുത്തി. തുടര്‍ച്ചയായ ആദ്യ ഇലവനിലെ മാറ്റങ്ങള്‍ കേരളത്തെ വല്ലാതെ ബാധിച്ചു. സ്ഥിരത പുലര്‍ത്താന്‍ കളിക്കാര്‍ക്ക് കഴിയാതെ പോയത് അനാവശ്യമായി നടത്തിയ ഈ മാറ്റങ്ങളാണ്.

കളിയില്‍ സ്വീകരിക്കേണ്ട പ്രഫഷണലിസം പലപ്പോഴും കേരളാ നിരയില്‍ കണ്ടില്ല. ഇതിലും നല്ല കളി കേരളത്തിന്റെ പല ഭാഗങ്ങളിലും, കടലോരത്ത് വരെ കാണാമെന്ന അവസ്ഥ. എന്നാല്‍ കൊല്‍ക്കത്തയെയും ചെന്നൈയെയും നോക്കുക. കളിയില്‍ ഇത്രയധികം ഒത്തിണക്കം, അതും ഇന്ത്യയിലാണോ എന്ന് നമ്മുക്ക് തോന്നിപ്പോകും. ഹ്യൂം എങ്ങോട്ട് കുതിക്കുമെന്ന് കണ്ണെത്തിച്ച് നോക്കാതെ അവര്‍ പാസുകള്‍ കൊടുക്കുന്നു. പൂനെയ്‌ക്കെതിരെ ഹ്യൂം അടിച്ചത് മൂന്ന് ഷോട്ടുകള്‍. നേടിയത് മൂന്ന് ഗോളുകള്‍. അതാണ് പ്രൊഫഷണലിസം. പരിക്കേറ്റ് അവരുടെ മാര്‍ക്കീ താരം പോയപ്പോള്‍ തന്നെ അവര്‍ പുതിയ താരത്തിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. 10 റൗണ്ടുകള്‍ കഴിഞ്ഞതോടെ അവര്‍ വിടവുകള്‍ നികത്തുകയും ചെയ്തു.

ഈ സീസണില്‍ കേരളത്തിന് ഇനി ബാക്കിയുള്ളത് വളരെ നേര്‍ത്ത പ്രതീക്ഷകള്‍ മാത്രമാണ്. മറ്റുള്ളവരുടെ തോല്‍വിക്കും ജയത്തിനുമെല്ലാം കാത്തിരിക്കണം. എങ്കിലും ഈ ടീമിനെ വെച്ചുള്ള മുന്നോട്ട് പോക്ക് അസാധ്യമാണ്. വരും സീസണിലെങ്കിലും കേരളത്തിനായി ആര്‍പ്പുവിളിക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കാതിരിക്കേണ്ടത് കേരള മാനേജ്‌മെന്റിന്റെ കടമയാണ്. മികച്ച കളിക്കാരെ കണ്ടത്തേണ്ടിയിരിക്കുന്നു. മുന്നോട്ടുള്ള പോക്ക് ഇങ്ങനെയാണെങ്കില്‍ ചേറ് പുരളുക സച്ചിനെന്ന മഹാനായ താരത്തിന്റെ മുഖത്ത് തന്നെയാണ്. ഇക്കുറി ഏറ്റവും മോശം ടീം മാനേജ്‌മെന്റ് കേരള ബ്ലാസ്റ്റേഴ്‌സിന്റേതാണെന്ന് പറയാതെവയ്യ. അടുത്ത സീസണ്‍ അവിടുന്നുള്ള അഴിച്ചുപണിയിലാകണം തുടങ്ങേണ്ടത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഐഎസ്എല്‍ വെബ്‌സൈറ്റ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News