ഭരണഘടനാ ദിനാചരണം നിരാശാജനകം; ദളിത് വിഷയങ്ങള്‍ അവഗണിക്കപ്പെട്ടു; അംബേദ്കറുടെ ആദര്‍ശത്തെയും ദര്‍ശനത്തെയും കേന്ദ്രം അപമാനിച്ചെന്ന് ദളിത് സംഘടനകള്‍

ദില്ലി: പാര്‍ലമെന്റില്‍ നടന്ന ഭരണഘടനാ ദിനാചരണം നിരാശാജനകമെന്ന് ദളിത് സംഘടനകള്‍. രണ്ടു ദിവസത്തെ ചര്‍ച്ചയില്‍ ദളിത് വിഷയങ്ങള്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടുവെന്ന് ദളിത് ശോഷന്‍ മുക്തി മഞ്ച് ആരോപിച്ചു. സ്വകാര്യ മേഖലയിലെ സംവരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സമ്മര്‍ദ്ദം ചെലുത്തണമെന്നും സംഘടന ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

രാജ്യത്തെ ദളിത് ജനവിഭാഗം ഏറെ പ്രതീക്ഷയോടു കൂടിയായിരുന്ന രണ്ടു ദിവസത്തെ പ്രത്യേക സമ്മേളനത്തെ നോക്കിയിരുന്നത്. ദളിത് വിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഡോ.ബി.ആര്‍ അംബേദ്കറുടെ 125-ാം ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ഭരണഘടന ദിനാചരണത്തില്‍ ദളിത് ഉന്നമനത്തിന് സഹായകരമായ ബില്ലുകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മന്ത്രിമാരുടെ അധരവ്യായാമം മാത്രമായി രണ്ടു ദിവസത്തെ ചര്‍ച്ച മാറിയതിയതോടെയാണ് ദളിത് സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്. അംബേദ്കറുടെ ആദര്‍ശത്തെയും ദര്‍ശനത്തെയും അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് നേതാക്കള്‍ പറഞ്ഞു.

സ്വകാര്യ മേഖലയിലെ സംവരണം, ദളിത് പീഡന നിരോധന ബേദഗതി ബില്‍ തുടങ്ങിയ കാര്യങ്ങള്‍ക് നടപ്പ് സമ്മേളനത്തിന്റെ വരും ദിവസങ്ങളിലെങ്കിലും അടിയന്തിര പ്രാധാന്യം നല്‍കണമെന്നും ദളിത് ശോഷന്‍ മുക്തി മഞ്ച് ആവശ്യപ്പെട്ടു. ദളിത് വിഷയങ്ങള്‍ ഉന്നയിച്ച് രാജ്യവ്യാപകമായി പ്രതിഷേധ പ്രചരണ പരിപാടികള്‍ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here