ആണല്ല പെണ്ണാണെന്നു പറഞ്ഞപ്പോള്‍ വീടുവിട്ടു പട്ടിണിയിലേക്കിറങ്ങി; ജീവിതം മാറ്റിമറിച്ചതു ചെന്നൈ; നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി തമിഴ്‌നാട്ടില്‍ എസ്‌ഐ ആകുന്ന ആദ്യ ഭിന്നലിംഗക്കാരി പ്രിതിക യാഷിനി കൈരളി ന്യൂസ് ഓണ്‍ലൈനിനോട്

പ്രിതിക യാഷിനി വെറുമൊരു പേരല്ല. ഒരു പ്രതീകമാണ്. പോരാട്ടത്തിന്റെ, നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം. ഭിന്നലൈംഗികത ഒരു ശാരീരികാവസ്ഥ മാത്രമാണെന്നു തിരിച്ചറിയാനുള്ള വിവേകം പോലുമില്ലാത്ത സമൂഹം, ചളിക്കുണ്ടില്‍ വലിച്ചെറിഞ്ഞ കുറേപ്പേരുടെ പ്രത്യാശയുടെ പേരു കൂടിയാണ് ഇന്നത്. ഭിന്നലിംഗക്കാരില്‍നിന്ന് രാജ്യത്തെ ആദ്യത്തെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആകാനൊരുങ്ങുന്ന പ്രിതിക യാഷിനി കൈരളി ന്യൂസ് ഓണ്‍ലൈനിനോട്.

prithika-lead-1

സേലത്തെ ബാല്യം

ആണെന്നോ പെണ്ണെന്നോ സ്വയം വേര്‍തിരിച്ചറിയാനാവാതെ കുഴങ്ങിപ്പോയ ഓര്‍മകളുടേതാണ് പ്രിതികയുടെ കുട്ടിക്കാലം. തമിഴ്‌നാട്ടിലെ സേലത്തെ കന്തപ്പട്ടി സ്വദേശികളായ കലൈയരശന്റെയും സുമതിയുടെയും മകന്‍ പ്രദീപായിരുന്നു അന്നവള്‍. സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഒരേ ബെഞ്ചിലിരിക്കുമ്പോഴും മനസ് പെണ്‍കുട്ടികള്‍ക്കൊപ്പം. പെണ്‍കുട്ടികളെ നോക്കി ചൂളമടിക്കാനോ കമന്റ് പറയാനോ അവനു കഴിഞ്ഞില്ല. കുപ്പിവളയും പട്ടുപാവാടയും അവനെ കൊതിപ്പിച്ചു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അവനെ ഒരുപോലെ കളിയാക്കി. മറ്റ് ആണ്‍കുട്ടികളുടേതു പോലുള്ള വികാരവും വിചാരവും തനിക്ക് എന്തുകൊണ്ട് ഉണ്ടാവുന്നില്ല എന്ന ചോദ്യം കൊച്ചു പ്രദീപിനെ കുഴപ്പിച്ചു.

”ബോയ്‌സ് ടോയ്‌ലറ്റോ ഗേള്‍സ് ടോയ്‌ലറ്റോ ഉപയോഗിക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. സ്‌കൂള്‍ വിട്ട് വൈകിട്ട് വീട്ടില്‍ എത്തുന്നത് വരെ ഞാന്‍ മൂത്രശങ്ക അടക്കിപ്പിടിച്ചിരുന്നു”. പ്രിതിക ഓര്‍ക്കുന്നു. മകന്റെ പെരുമാറ്റത്തിലെ വൈചിത്ര്യം അമ്മ സുമതിയ്ക്കു മനസിലായിരുന്നുവെങ്കിലും അവരതു കാര്യമാക്കിയില്ല.

തിരിച്ചറിവിന്റെ കൗമാരം

പതിനൊന്നാം ക്ലാസില്‍ വച്ചാണു താന്‍ ആണ്‍കുട്ടിയല്ലെന്ന ബോധ്യം പ്രിതികയ്ക്ക് ആദ്യമായുണ്ടായത്. പക്ഷേ വീട്ടുകാരോട് അതു തുറന്നു പറയാനുള്ള ധൈര്യം അന്നുണ്ടായില്ല. പിന്നെയും 3 വര്‍ഷങ്ങള്‍ കഴിഞ്ഞ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദത്തിന് പഠിക്കുന്ന കാലം. അച്ഛന്റെയും അമ്മയുടേയും മുന്നില്‍ പ്രിതിക മനസുതുറന്നു. പ്രതീക്ഷിച്ച പോലെ ആദ്യം ഞെട്ടല്‍, പിന്നെ അമ്മയുടെ കരച്ചില്‍. പ്രിതികയ്ക്കു മാനസിക രോഗമെന്നു കരുതി അവരവളെയും കൊണ്ട് അമ്പലങ്ങള്‍ കയറിയിറങ്ങി. പ്രതീക്ഷിച്ച ഫലം ലഭിക്കാഞ്ഞപ്പോള്‍ മാനസികരോഗ വിദഗ്ധരെ സമീപിച്ചു. പ്രിതികയില്‍ ഒരു മാറ്റവുമുണ്ടായില്ല. മകനെ പെണ്ണായി അംഗീകരിക്കാന്‍ അച്ഛനുമമ്മയ്ക്കുമായില്ല. ഒടുവില്‍ വീടുവിട്ടിറങ്ങാന്‍ തന്നെ പ്രിതിക തീരുമാനിച്ചു.

ദുരിതങ്ങളുടെ മദിരാശിപ്പട്ടണം

”അതു ഞാന്‍ സ്വന്തമായെടുത്ത തീരുമാനമായിരുന്നു. എന്റെ ജീവിതത്തില്‍ ഒരു മാറ്റം വേണമെന്നത്. ആ തീരുമാനം എന്നെ ചെന്നൈയിലെത്തിച്ചു. അവിടുത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ ഞാനും അംഗമായി. ചെന്നൈ നഗരം എന്റെ ജീവിതം മാറ്റി മറിച്ചു” പ്രിതിക പറയുന്നു. പ്രിതികയുടെ ജീവിതത്തിലെ ആ അനിവാര്യമായ ‘മാറ്റം’ ചെന്നൈയില്‍ സംഭവിച്ചു. കീഴ്പ്പാക്കത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രിതിക ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി. പ്രദീപ് അങ്ങനെ പ്രിതിക യാഷിനിയായി.

prithika-lead-2

ദുരിതങ്ങളുടേതായിരുന്നു ചെന്നൈയിലെ പ്രിതികയുടെ ആദ്യദിനങ്ങള്‍. ജോലിയോ വരുമാനമോ ഇല്ലാതെ പട്ടിണി പോലും കിടക്കേണ്ടി വന്ന അഞ്ചാറുമാസങ്ങള്‍. പക്ഷെ പ്രതിസന്ധികളോടു പോരാടാന്‍ ഉറച്ചു തന്നെയായിരുന്നു പ്രിതിക. ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനായി തുടക്കം. കുറഞ്ഞ ശമ്പളവും കൂടിയ ജോലിഭാരവും മൂലം പ്രിതിക വാര്‍ഡന്‍ പണി മതിയാക്കി. ട്രാന്‍സ്‌ജെന്‍ഡറുകളുടെ എന്‍ജിഒയില്‍ കൗണ്‍സിലറായി ചേര്‍ന്നു. ഭിന്നലിംഗക്കാരുടെ വീടുകളില്‍ച്ചെന്ന് മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുകയെന്നതായിരുന്നു ജോലി.

” ഒരു ദിവസം വൈകിട്ട് അപ്രതീക്ഷിതമായി 20 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടി എന്റെ വീട്ടിലേക്ക് കയറി വന്നു. അവന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്നു. അച്ഛനമ്മമാര്‍ അംഗീകരിക്കാത്തതിനാല്‍ വീട് വിട്ടിറങ്ങിയതാണ്. അന്വേഷിച്ചെത്തിയ വീട്ടുകാര്‍ ബലം പ്രയോഗിച്ച് അവനെ കൂടെ കൊണ്ടുപോകാന്‍ ശ്രമിച്ചു. അവന്‍ കൂടെ പോകാന്‍ തയ്യാറായില്ല. ഞങ്ങളവനെ പിടിച്ചുവച്ചിരിക്കുകയാണ് എന്നായി ആക്ഷേപം. എന്റെ മകനെ വിട്ടുതരൂയെന്ന് അവന്റെ അമ്മ എന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ അവരോട് സംസാരിച്ചു, അങ്ങേയറ്റം ക്ഷമയോടെ. സ്വന്തം അനുഭവങ്ങളായിരുന്നു എന്റെ കരുത്ത്. ഒടുവിലവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുക തന്നെ ചെയ്തു. അച്ഛനമ്മമാരുടെ കൂടെ അവനിറങ്ങിപ്പോകുമ്പോള്‍ ജീവിതത്തില്‍ ഒരു വലിയ കാര്യം ചെയ്ത സംതൃപ്തി ഞാനറിഞ്ഞു ”. പ്രിതികയുടെ വാക്കുകളില്‍ അഭിമാനം നിറഞ്ഞു.

പിന്നീട് കുറച്ച് കാലം ഹോര്‍മോണ്‍ തെറാപ്പി കൗണ്‍സിലറായും പ്രിതിക ജോലി ചെയ്തു. സ്തന വളര്‍ച്ചയ്ക്ക് വേണ്ടി അമിതമായി ഹോര്‍മോണ്‍ കുത്തിവെയ്ക്കുന്ന ഭിന്നലിംഗക്കാര്‍ക്ക് പാര്‍ശ്വഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയെന്ന ഉത്തരവാദിത്തം. ഒരോ അനുഭവവും വരുംകാല പോരാട്ടങ്ങള്‍ക്കു പ്രതികയ്ക്കു കരുത്തു പകര്‍ന്നു.

prithika-lead-3

കാക്കിച്ചട്ടൈ എന്‍ട്ര കനവ്

” കാക്കിച്ചട്ടൈ ചിന്ന വയസിലിര്‌ന്തേ എനക്ക് റൊമ്പ ഇഷ്ടം ”. അത് പറയുമ്പോള്‍ 25കാരി പ്രിതികയുടെ ശബ്ദത്തില്‍ ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കത ഉണ്ടായിരുന്നു. ഈ വര്‍ഷമാദ്യം ഫെബ്രുവരിയിലാണു എസ്‌ഐ പരീക്ഷയ്ക്ക് പ്രിതിക അപേക്ഷ നല്‍കിയത്. അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോള്‍ ചരിത്രമാവാന്‍ പോകുന്ന ഒരു പോരാട്ടത്തിന് താന്‍ തുടക്കം കുറിക്കുകയാണെന്ന് പ്രിതിക സ്വപ്‌നത്തില്‍പോലും കരുതിയില്ല. സര്‍ട്ടിഫിക്കറ്റുകളിലെ പേരിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി പ്രിതികയുടെ അപേക്ഷ തമിഴ്‌നാട് പോലീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തള്ളി. തോല്‍ക്കാന്‍ മനസ്സില്ലാത്ത ആ കന്തപ്പെട്ടിക്കാരി ആദ്യമായി കോടതി കയറി. മദ്രാസ് ഹൈക്കോടതിയുടെ സഹായത്തോടെ പരീക്ഷയെഴുതി. ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക കട്ട് ഓഫ് ഇല്ലെന്ന കാരണം പറഞ്ഞ് പ്രിതിക വീണ്ടും പിന്തള്ളപ്പെട്ടു. അവിടെയും കോടതി സഹായത്തിനെത്തി. ശാരീരിക ക്ഷമതാ പരീക്ഷയാണ് മൂന്നാം ഘട്ടം. 100 മീറ്റര്‍ ഓട്ടം അവിടെ വില്ലനായി. 17.5 സെക്കന്‍ഡ് വേണ്ടയിടത്ത് 18.5 സെക്കന്‍ഡിലാണ് പ്രതിക ഫിനിഷ് ചെയ്തത്. ഒരു തവണ കൂടി പ്രിതിക പിന്തള്ളപ്പെട്ടു. ഇത്തവണയും സഹായത്തിനെത്തിയതു കോടതി തന്നെ. അഭിമുഖമെന്ന കടമ്പയും പ്രിതിക വിജയകരമായി കടന്നു. 2015 നവംബര്‍ 3ന് പ്രിതികയെ തമിഴ്‌നാട് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായി നിയമിക്കാനുള്ള ചരിത്രപരമായ വിധി മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ചു.

” ഈ വിജയം എന്റേത് മാത്രമല്ല. ഭിന്നലിംഗം ആയതു കൊണ്ടുമാത്രം പൊതുസമൂഹത്തില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട എല്ലാവരുടേതുമാണ്. എല്ലാ പ്രയാസങ്ങളിലും കൂടെ നിന്ന സുഹൃത്ത് ഭാനു, ഒരു പൈസ പോലും ഫീസ് വാങ്ങിക്കാതെ എനിക്കായി കേസ് വാദിച്ച അഡ്വക്കേറ്റ് ഭവാനി സുബ്രരായന്‍, മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായ പുഷ്പസത്യ നാരായണയും സഞ്ജയ് കിഷന്‍ കൗളും അങ്ങനെ പറഞ്ഞാല്‍ തീരാത്ത ഒരുപാടു പേരുകളുണ്ട് ”. പ്രിതിക നന്ദിയോടെ ഓര്‍ക്കുന്നു.

പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല

താന്‍ സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തുന്നത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ തീരുന്നില്ലെന്ന് പ്രിതികയ്ക്ക് അറിയാം. വെറുമൊരു ശാരീരികാവസ്ഥയുടെ പേരില്‍ സമൂഹം പുഴുക്കളെപ്പോലെ പുറമ്പോക്കുകളില്‍ വലിച്ചെറിഞ്ഞ അനേകായിരങ്ങളുണ്ട്. അവരില്‍ അഭിമാനബോധവും പ്രതീക്ഷയും പകരാന്‍ തന്റെ നേട്ടത്തിന് കഴിയുമെന്ന് പ്രിതിക വിശ്വസിക്കുന്നു.

prithika-lead-4

” 2014ല്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിക്കയുണ്ടായി. തുടര്‍ന്ന് തിരിച്ചറിയല്‍ രേഖകളിലടക്കം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇടം ലഭിച്ചു. എന്നാല്‍ അതുകൊണ്ടു മാത്രമായില്ല. ശരീരം വിറ്റും ഭിക്ഷയെടുത്തും ജീവിക്കുന്ന ഭിന്നലിംഗക്കാരും മറ്റു മനുഷ്യരെപ്പോലെയാണെന്ന് സമൂഹം അംഗീകരിക്കണം. അതിന് വിദ്യാഭ്യാസത്തിലും തൊഴിലിലും ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തണം ”. ഉറച്ച ശബ്ദത്തില്‍ പ്രിതിക ആവശ്യപ്പെടുന്നു.

ഐപിഎസ് ആണ് പ്രിതികയുടെ ഇനിയുള്ള സ്വപ്നം. അടുത്ത വര്‍ഷം പ്രിലിമിനറി പരീക്ഷ എഴുതാനുള്ള തീവ്രപരിശീലനത്തിലാണിപ്പോള്‍. വെറും പ്രിതിക യാഷിനിയ്ക്ക് ഇത്രയും നേടാമെങ്കില്‍ കാക്കിയണിഞ്ഞ പ്രിതികയ്ക്കു ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ഉറപ്പുണ്ട്. അതിന് വേണ്ടിയുള്ളതാണ് പ്രിതികയുടെ ഇനിയുള്ള പോരാട്ടങ്ങളത്രയും. കിരണ്‍ ബേദിയാണ് പ്രിതികയുടെ റോള്‍ മോഡല്‍. ‘പ്രിതിക യാഷിനി IPS ആണ് എന്റെ റോള്‍ മോഡല്‍’ എന്ന് ഒരു തലമുറ പറയുന്ന കാലം വരാനിരിക്കുന്നതേയുള്ളൂ. പ്രിതികയുടെ പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here