സഹോദരന്‍ കരള്‍ പകുത്തു നല്‍കി യുവതിക്ക് പുതുജന്‍മം നല്‍കി; ആശുപത്രിച്ചെലവുകള്‍ക്കു പണം നല്‍കാനാവാതെ കുടുംബം സുമനസുകളുടെ സഹായം തേടുന്നു

തൊടുപുഴ: സഹോദരന്റെ കരള്‍ പകുത്തിനല്‍കി ഇരുപത്തെട്ടുകാരിയായ ഹഫ്‌സയ്ക്കു പുതുജന്‍മം ലഭിച്ചെങ്കിലും ചികിത്സയ്ക്കുള്ള ചെലവിനുള്ള പണം നല്‍കാനാവാതെ ബന്ധുക്കള്‍ ബുദ്ധിമുട്ടില്‍. കഴിഞ്ഞദിവസം അടിയന്തര സാഹചര്യത്തില്‍ ഹഫ്‌സയുടെ ജീവന്‍ നിലനിര്‍ത്താന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ആശുപത്രിയിലെ ബില്‍ അടയ്ക്കാന്‍ സുമനസുകളുടെ സഹായം തേടുകയാണ് ഇവര്‍. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയാണ് ഹഫ്‌സ.

കഴിഞ്ഞദിവസമാണ് എട്ടു മാസം ഗര്‍ഭിണിയായ ഹഫ്‌സയ്ക്കു മഞ്ഞപ്പിത്തം ബാധിച്ചത്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കരളിന്റെ പ്രവര്‍ത്തനം നിലച്ചതായ കണ്ടെത്തി. തുടര്‍ന്ന് സഹോദരന്‍ ഇരുപത്തിമൂന്നുവയസുകാരനായ ഹാറൂണ്‍ കരള്‍ പകുത്തുനല്‍കാന്‍ തയാറാവുകയായിരുന്നു. ഹഫ്‌സയുടെ ഉദരത്തിലുണ്ടായിരുന്ന കുട്ടിയെ ശസ്ത്രക്രിയക്കു മുന്നോടിയായി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

35 ലക്ഷം രൂപയായിരുന്നു ശസ്ത്രക്രിയക്കു ചെലവ്. ഈ തുക ഹഫ്‌സയുടെ ബന്ധുക്കള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറത്തായതിനാല്‍ നാട്ടുകാര്‍ 12 ലക്ഷം രൂപ സ്വരൂപിച്ചു നല്‍കി. തുടര്‍ന്ന് അടിയന്തര സാഹചര്യം പരിഗണിച്ചു ശസ്ത്രക്രിയ നടത്താന്‍ ലേക് ഷോര്‍ ആശുപത്രി അധികൃതര്‍ തയാറാവുകയായിരുന്നു.

ചങ്ങനാശേരി സ്വദേശി ദിലീപിന്റെ ഭാര്യയാണ് ഹഫ്‌സ. കരിമണ്ണൂര്‍ കുറ്റിയാനിക്കല്‍ ബഷീറിന്റെ മകളാണ്. ചായക്കടയില്‍ ജോലി ചെയ്താണ് ബഷീര്‍ കുടുംബം പുലര്‍ത്തുന്നത്. രണ്ടു വയസു പ്രായമായ ഒരു കുട്ടിയുണ്ട്. മാസങ്ങള്‍ക്കു മുമ്പാണ് ജോലി അന്വേഷിച്ച് സഹോദരന്‍ ഹാറൂണ്‍ ഗള്‍ഫിലേക്കു പോയത്. ഹഫ്‌സയ്ക്ക് അടിയന്തരമായി കരള്‍ വേണ്ടിവന്ന സാഹചര്യത്തില്‍ ഹാറൂണ്‍ തിരിച്ചുവരികയായിരുന്നു. സുമനസുകളുടെ സഹായത്തിനായി ഹഫ്‌സയുടെ സഹോദരി ഹന്‍സയുടെ പേരില്‍ തൊടുപുഴ കരിമണ്ണൂര്‍ എസ്ബിടി ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ – 67054972114, ഐഎഫ്എസ്‌സി കോഡ് SBTR 0000161

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here