ക്ഷണിക്കാതെ വിവാഹചടങ്ങിനെത്തിയെന്ന് ആരോപണം; ദളിത് യുവാവിനെ ഒരു സംഘമാളുകള്‍ തല്ലിക്കൊന്നു; പഞ്ചാബില്‍ വര്‍ഗീയ സംഘര്‍ഷ സാധ്യത

സന്‍ഗ്രൂര്‍: ക്ഷണിക്കാത്ത വിവാഹചടങ്ങിനെത്തിയെന്ന് ആരോപിച്ച് ദലിത് യുവാവിനെ തല്ലിക്കൊന്നു. സന്‍ഗ്രൂര്‍ ജില്ലയിലെ ഗാഗ സ്വദേശിയായ ജര്‍ണയില്‍ സിംഗിനെ(40)യാണ് ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഗ്രാമത്തില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ കയറാന്‍ ശ്രമിച്ച ഇയാളെ വരന്റെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്‌കൂള്‍ വിട്ടുവരുമ്പോള്‍ പിതാവിനെ ഒരുകൂട്ടമാളുകള്‍ മര്‍ദിക്കുന്നതാണ് കാണുന്നതെന്ന് ജര്‍ണയിലിന്റെ മകന്‍ പൊലീസിനോട് പറഞ്ഞു. പിതാവ് അവശനായിട്ടും അവര്‍ മര്‍ദ്ദനം നിര്‍ത്തിയില്ലെന്നും ആരും സഹായത്തിന് എത്തിയില്ലെന്നും മകന്‍ പറയുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തോടെ മേഖലയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here