സാങ്കേതിക വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്ന് എകെപിസിടിഎ; ഉത്തരവ് സര്‍വകലാശാല പിന്‍വലിക്കണമെന്നും അധ്യാപക സംഘടന

തിരുവനന്തപുരം: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എകെപിസിടിഎ. എഞ്ചിനീയറിംഗ് പരീക്ഷാ സമ്പ്രദായത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് എന്ന പേരില്‍ പരീക്ഷാനടത്തിപ്പ് സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള തീരുമാനം സര്‍വകലാശാല പിന്‍വലിക്കണം. സര്‍വകലാശാല തീരുമാനം തിരുത്തിയില്ലെങ്കില്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും. ഈ സാഹചര്യത്തില്‍ സാങ്കേതിക സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടണമെന്നും എകെപിസിടിഎ ആവശ്യപ്പെട്ടു.

സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷാ നടത്തിപ്പിന്റെ പൂര്‍ണ ചുമതല ബാംഗ്ലൂര്‍ ആസ്ഥാനമായ മെഡിട്രാക്ക് എന്ന് കമ്പനിക്കാണ് നല്‍കിയത്. സര്‍വ്വകലാശാല നിര്‍ദ്ദേശപ്രകാരം അദ്ധ്യാപകര്‍ തയ്യാറാക്കിയ ചോദ്യപേപ്പറുകളില്‍ നിന്നും സോഫ്റ്റ്‌വെയര്‍ തെരഞ്ഞെടുത്ത ചോദ്യപേപ്പറിനെ അടിസ്ഥാനമാക്കി കോളേജുകളില്‍ പരീക്ഷ നടത്താനാണ് തീരുമാനം.

കോളേജില്‍ എത്തുന്ന കമ്പനി ജീവനക്കാര്‍ ഉത്തരകടലാസ്സുകളുടെ ഫോട്ടോയെടുത്ത് സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുകയും കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ വഴി മൂല്യനിര്‍ണയത്തിനായി അദ്ധ്യാപകരെ തിരഞ്ഞെടുത്ത് വിതരണം ചെയ്യുമെന്നാണ് അറിയിച്ചത്.

ഏതു വിദ്യാഭ്യാസ സമ്പ്രദായത്തിലും വിശ്വാസ്യത നിര്‍വ്വഹിക്കേണ്ട ഒന്നാണ് പരീക്ഷ സംവിധാനം. അത് സുതാര്യവും ശാസ്ത്രീയവുമായിരിക്കണം. ചോദ്യപേപ്പറുകള്‍ അദ്ധ്യാപകരില്‍ നിന്നും സ്വീകരിക്കുക, അവയില്‍ നിന്നും പരീക്ഷയ്ക്കുവേണ്ട ചോദ്യപേപ്പറുകള്‍ തിരഞ്ഞെടുക്കുക, മൂല്യനിര്‍ണയത്തിനായി അദ്ധ്യാപകരെ തിരഞ്ഞെടുക്കുക, മൂല്യനിര്‍ണയത്തിനുവേണ്ടി പരീക്ഷാബോര്‍ഡ് കൂടി വിജയശതമാനം തീരുമാനിക്കുക തുടങ്ങിയ വിശ്വസ്യതയോടുകൂടി ചെയ്യേണ്ട ജോലികളെല്ലാം സ്വകാര്യ കമ്പനികള്‍ക്കു വിട്ടുകൊടുക്കുകയാണ്. പരീക്ഷ കണ്‍ട്രോളര്‍ എന്ന ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണിപ്പോള്‍ സാങ്കേതിക സര്‍വ്വകലാശാലയില്‍ പരീക്ഷ വിഭാഗത്തിലുള്ളത്.

രണ്ടാം സെമസ്റ്റര്‍ മുതല്‍ ഓപ്പണ്‍ സോഴ്‌സിലായിരിക്കും സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുക എന്നാണ് സാങ്കേതിക സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ പ്രഖ്യാപിച്ചത്. ഏത് പ്ലാറ്റ്‌ഫോമിലുള്ള സോഫ്റ്റ്‌വെയര്‍ ആയാലും അതിന്റെ നിയന്ത്രണം സ്വകാര്യ കമ്പനിക്കാണെങ്കില്‍ പരീക്ഷ സമ്പ്രദായത്തിന്റെ രഹസ്യസ്വഭാവവും സുതാര്യതയും വിശ്വസ്തതയും എങ്ങനെയെന്ന് പൊതുസമൂഹത്തെ അധികാരികള്‍ ബോദ്ധ്യപ്പെടുത്തേണ്ടതാണ്. സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ സംവിധാനം ആധുനികവും കാര്യക്ഷമവും ഫലപ്രദവുമായി പരിഷ്‌കരിക്കുവാനുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ ചാന്‍സിലര്‍ ഇടപെടണമെന്നും എകെപിസിടിഎ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here