വീണ്ടും മഴ; ചെന്നൈയും കാഞ്ചീപുരവും പ്രളയഭീഷണിയില്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ഒറ്റമാസം കൊണ്ടു ലഭിച്ചത് മൂന്നു മാസം കിട്ടേണ്ട മഴ

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും മഴ ശക്തമായി. ഇന്നലെ രാത്രി മുതല്‍ കനത്തു പെയ്യുന്ന മഴയില്‍ ചെന്നൈ നഗരത്തിലെയും കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളും വെള്ളത്തിനിടയിലായി. വെള്ളക്കെട്ടിനെത്തുടര്‍ന്നു ചെന്നൈയില്‍നിന്നും ചെന്നൈയിലേക്കുമുള്ള റോഡ്, ട്രെയിന്‍ ഗതാഗതം താറുമാറായി. ചെന്നൈ നഗരത്തിലെയും തിരുവള്ളൂര്‍, കാഞ്ചീപുരം, വിഴുപുരം, കടലൂര്‍ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെവരെ അവധി നല്‍കിയിട്ടുണ്ട്.

മിക്ക ദീര്‍ഘദൂര ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. സബര്‍ബന്‍ സര്‍വീസുകള്‍ പല്ലാവാരം വരെ മാത്രമായി ചുരുക്കി. പല്ലാവാരം-താംബരം ട്രാക്ക് പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ചെങ്ങല്‍പ്പെട്ടിലും ട്രാക്കില്‍ വെള്ളം കയറി. തിരുവള്ളൂര്‍-ചെന്നൈ, ഗുമ്മിഡിപ്പൂണ്ടി-ചെന്നൈ സബര്‍ബന്‍ സര്‍വീസുകളും വൈകുന്നുണ്ട്.

താംബരം, അംബത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. വിമാനസര്‍വീസുകളെയും മഴ ബാധിച്ചു. പല സര്‍വീസുകളും വൈകിയാണ് ഓപ്പറേറ്റ് ചെയ്യുന്നത്. കനത്ത മഴയില്‍ പല റോഡുകളും തകര്‍ന്നു. മധ്യ കൈലാഷ് ട്രാഫിക് സിഗ്നലിനു സമീപം റോഡ് താഴ്ന്നതിനെത്തുടര്‍ന്നു വന്‍ ഗതാഗതക്കുരുക്കാണുണ്ടായത്.

മൂന്നു മാസം കൊണ്ടു ലഭിക്കേണ്ട മഴ ഒറ്റമാസം കൊണ്ടു ലഭിച്ചതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് വീണ്ടും മഴ കനക്കാന്‍ കാരണമായത്. രണ്ടാഴ്ചയോളം നീണ്ടുനിന്ന കനത്ത മഴയ്ക്കു ശേഷം വ്യാഴാഴ്ചയാണ് തമിഴ്‌നാട്ടിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ തമിഴ്‌നാട്ടില്‍ പെയ്യുന്ന മഴയില്‍ 169 പേര്‍ മരിച്ചതായാണ് കണക്ക്. അടിയന്തര സാഹചര്യങ്ങള്‍ക്ക് ഹെല്‍പ് ലൈനുകള്‍ തുറന്നിട്ടുണ്ട്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here