സെലേറിയോയോടും ഐ ടെന്നിനോടും മത്സരിക്കാന്‍ ഇന്‍ഡിക്ക മുഖംമാറി സിക്ക വരുന്നു; ജനുവരിയില്‍ നിരത്തുകളിലേക്ക്

ഏറെ നാള്‍ നീണ്ട ടീസറുകള്‍ക്കും സ്‌പൈ ഷോട്ടുകള്‍ക്കും ഒടുവില്‍ ടാറ്റയുടെ സിക്ക ഔദ്യോഗികമായി വാഹനപ്രേമികള്‍ക്കു മുന്നിലേക്കെത്തി. ഹാച്ച്ബാക്ക് സെഗ്മെന്റിലെത്തുന്ന ടാറ്റ സിക്ക ഔദ്യോഗികമായി പുറത്തിറക്കി. ലിയോണല്‍ മെസ്സിയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് ടാറ്റ സിക്ക ആദ്യമായി പുറംലോകത്തിന് കാണിച്ചു കൊടുത്തത്. പ്രോമോ വീഡിയോയിലൂടെയാണ് പുതിയ ഹാച്ച്ബാക്ക് ഏത് ലുക്കില്‍ ആയിരിക്കുമെന്ന് ടാറ്റ വ്യക്തമാക്കിയത്. ഇപ്പോള്‍ സിക്കയുടെ ഇമേജുകളും ലഭ്യമാണ്. ടാറ്റയുടെ തന്നെ ബോള്‍ട്ട്, സെസ്റ്റ് തുടങ്ങിയവയുടെ ലുക്കിലാണ് സിക്ക എത്തുന്നത്.നിരത്തുകളില്‍ വന്‍ വിപ്ലവം സൃഷ്ടിച്ച ഇന്‍ഡിക്കയെ മാറ്റി പ്രതിഷ്ഠിച്ചാണ് സിക്കയുടെ കടന്നു വരവ്.

ഇതിനകം തന്നെ ടാറ്റയുടെ ട്രേഡ്മാര്‍ക്കായ സ്‌മൈലി ഗ്രില്‍ ആണ് സിക്കയുടെ മുന്‍വശത്തെ പ്രധാന പ്രത്യേകത. മാരുതി സെസ്റ്റിലും ടാറ്റ ബോള്‍ട്ടിലും ഇതേ സ്‌മൈലി ഗ്രില്‍ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഗ്രില്ലില്‍ എടുത്തു കാണിക്കുന്ന ക്രോം സ്ട്രിപ് ഗ്രില്ലിന് പ്രത്യേക ചന്തം നല്‍കുന്നു. കുന്തമുന പോലെ ഷെയ്പ് ചെയ്ത ഹെഡ്‌ലാംപുകള്‍ ഗ്രില്ലിന്റെ ഇരുവശങ്ങളിലുമായി ഫിറ്റ് ചെയ്തിരിക്കുന്നു. അല്‍പം കൂടി വലിയ ബംപറാണ് സിക്കയുടേത്. ബംപറില്‍ തന്നെ ഇരുവശങ്ങളിലുമായി ഫോഗ് ലാംപുകള്‍ ഫിറ്റ് ചെയ്തിരിക്കുന്നു. ഫോഗ് ലാംപുകള്‍ക്ക് ചുറ്റും സില്‍വര്‍ ക്രോമും ഉണ്ട്. റിയര്‍വ്യൂ മിററിലാണ് ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍ സെറ്റ് ചെയ്തിട്ടുള്ളത്. 10 സ്‌പോക് അലോയ് വീലുകള്‍ക്ക് സില്‍വര്‍ അലോയ് ആണുള്ളത്. പുറകിലേക്ക് പോകുമ്പോള്‍ അല്‍പം കൂടി പ്രെറ്റിയാണ് കാര്യങ്ങള്‍. ടെയില്‍ ലാംപുകളുമായി കണക്ട് ചെയ്യുന്ന ഷാര്‍പ് വരകളും കറുത്ത അരികുകളോട് കൂടിയ റൂഫ് സ്‌പോയിലറും കാറിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.

പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ വാഹനം ലഭ്യമാകും. 1.2 ലീറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 85 പിഎസില്‍ 110 എന്‍എം ടോര്‍ക്ക് നല്‍കും. ഡീസല്‍ വേരിയന്റിന്റെ പുതിയ 1.0 ലീറ്റര്‍ എഞ്ചിന്‍ 70 പിഎസില്‍ 140 എന്‍എം ടോര്‍ക്ക് കരുത്തു പകരുന്നുണ്ട്. പെട്രോളിലും ഡീസലിലും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ആണുള്ളത്. ഡീസലില്‍ മികച്ച ഇന്ധനക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എത്ര കിലോമീറ്റര്‍ ലഭിക്കും എന്ന് കമ്പനി പറയുന്നില്ല.

ടാറ്റ സിക്ക അടുത്ത വര്‍ഷം ജനുവരിയോടെ വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 4 ലക്ഷം രൂപയായിരിക്കും വില എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാരുതി സുസുക്കി സെലേറിയോ, ഹ്യൂണ്ടായ് ഐ10, ഷെവര്‍ലെ ബീറ്റ് എന്നിവയായിരിക്കും വിപണിയില്‍ സിക്കയുടെ പ്രധാന എതിരാളികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here