പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ നോക്കൗട്ട് സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പായ പെരിന്തല്‍മണ്ണയിലെ പിച്ചില്‍ ഹിമാചല്‍ പ്രദേശിനോട് ആറ് വിക്കറ്റിന് തോറ്റ് കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. 24 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹിമാചല്‍പ്രദേശ് രണ്ടാം ഇന്നിംഗ്‌സില്‍ 4.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രണ്ടോവര്‍ മാത്രമെറിഞ്ഞ സ്പിന്നര്‍ മോനിഷാണ് റണ്ണൊന്നും വിട്ടുകൊടുക്കാതെ നാലു വിക്കറ്റും വീഴ്ത്തിയത്. നാലു പേരും ബൗള്‍ഡാവുകയായിരുന്നു. എ.കെ.ബെയ്ന്‍സ് (9), ചോപ്ര (0), ദോഗ്ര (0), റോബിസ് ബിസ്ത് (0) എന്നിവരെയാണ് മോനിഷ് മടക്കിയത്. പത്ത് റണ്ണെടുത്ത കാല്‍സി പുറത്താകാതെ നിന്നു.

ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ കേരളം രണ്ടാമിന്നിങ്‌സില്‍ 83 റണ്‍സിന് ഓള്‍ഔട്ടായതാണ് ഹിമാചലിന്റെ ജയം എളുപ്പമാക്കിയത്. ഇടങ്കയ്യന്‍ സ്പിന്നര്‍ ബിപുല്‍ ശര്‍മയാണ് രണ്ടാമിന്നിങ്‌സില്‍ കേരളത്തെ തകര്‍ത്ത്. 10.2 ഓവറില്‍ 33 റണ്‍സിന് ആറ് വിക്കറ്റാണ് ബിപുല്‍ വീഴ്ത്തിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെയാണ് രണ്ടാമിന്നിങ്‌സിലും കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. 19 റണ്‍സാണ് സഞ്ജുവിന്റെ സംഭാവന. രോഹന്‍ പ്രേം 15 ഉം മുഹമ്മദ് അസറുദ്ദീനും റോബര്‍ട്ടും 14 റണ്‍ വീതവും നേടി. ജഗദീഷ് എട്ടും സച്ചിന്‍ ബേബി നാലും റണ്ണിന് പുറത്തായി. ഒന്നാമിന്നിങ്‌സില്‍ കേരളം 103 റണ്‍സിനാണ് എല്ലാവരും പുറത്തായിരുന്നു. മറുപടിയായി ബാറ്റ് ചെയ്ത ഹിമാചല്‍ 163 റണ്‍സെടുത്തു. ജയത്തോടെ ഹിമാചല്‍ എട്ട് കളികളില്‍ നിന്ന് 29 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള സൗരാഷ്ട്രയ്‌ക്കൊപ്പമെത്തി.