ധൈര്യമുണ്ടോ സ്മാര്‍ട്‌ഫോണ്‍ സോപ്പിട്ടു കഴുകാന്‍? വെള്ളത്തിലിടാന്‍ മാത്രമല്ല, സോപ്പിട്ടു കഴുകാനും പറ്റുന്ന ഫോണ്‍ വരുന്നു

ഇതിനകം തന്നെ വെള്ളത്തിലിടാനും അല്‍പം റഫ് യൂസിനും പറ്റുന്ന തരത്തിലുള്ള ഫോണുകള്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വാട്ടര്‍ പ്രൂഫ് ആയിട്ടുള്ള ഫോണുകള്‍. ഇവ ഇന്നും വിപണിയില്‍ വന്‍ വിപ്ലവം സൃഷ്ടിക്കുന്നുമുണ്ട്. എന്നാല്‍, സോപ്പിട്ടു കഴുകാവുന്ന ഫോണ്‍ എന്നു കേട്ടാലോ? വട്ടാണോ എന്നു തിരിച്ചു ചോദിക്കാന്‍ വരട്ടെ. സംഗതി സത്യമാണ്. വൈകാതെ സോപ്പിട്ടു കഴുകാന്‍ പറ്റുന്ന ഫോണ്‍ വിപണിയിലെത്തും. ഡിഗ്നോ റാഫ്‌റെ എന്ന പേരില്‍ കിഡ്ഡി ആന്‍ഡ് ക്യോസീറ എന്ന ജാപ്പനീസ് കമ്പനിയാണ് ഫോണ്‍ നിര്‍മിക്കുന്നത്. സോപ്പിട്ടു കഴുകാന്‍ പറ്റുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഫോണ്‍ ആയിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഡിഗ്നോ റാഫ്‌റെ സോപ്പിട്ടു കഴുകാന്‍ പറ്റും. പോരാത്തതിന് ചൂടുവെള്ളത്തെയും പ്രതിരോധിക്കും ഫോണ്‍ എന്നും കമ്പനി അവകാശപ്പെടുന്നു. 43 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ള വെള്ളത്തെ ഫോണ്‍ പ്രതിരോധിക്കുമെന്നാണ് അവകാശവാദം. സാധാരണ സ്മാര്‍ട്‌ഫോണ്‍ ഐപി റേറ്റിംഗില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഡിഗ്നോ റാഫ്‌റെയുടെ ഐപി റേറ്റിംഗ് ഐപി 58 ആണ്. എല്‍ജി ജി ഫ് ളക്‌സ് സ്മാര്‍ട്‌ഫോണുകളില്‍ കാണുന്ന സെല്‍ഫ് ഹീലിംഗ് റിയര്‍ പാനലും ഫോണിന്റെ പ്രത്യേകതയാണ്. ഷോക്ക് പ്രൂഫ് ആണ് ഫോണെന്നും കമ്പനി അവകാശപ്പെടുന്നു. ഡ്രാഗണ്‍ട്രയല്‍ എക്‌സ് ഗ്ലാസ് കോട്ടിംഗ് ഉള്ളതിനാല്‍, ഫോണ്‍ നനഞ്ഞ കൈകൊണ്ടും യൂസ് ചെയ്യാന്‍ സാധിക്കും.

ആന്‍ഡ്രോയ്ഡിന്റെ 5.1 ലോലിപോപ് ഒഎസാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. 5 ഇഞ്ച് എച്ച്ഡി ടിഎഫ്ടി എല്‍സിഡി സ്‌ക്രീനാണ് ഫോണിന്റേത്. 2 ജിബി റാം ഉള്ള ഫോണില്‍ 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കുകയുമാകാം. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് ഡിഗ്നോ റാഫ്‌റെയ്ക്കുള്ളത്. സിഎംഒഎസ് സെന്‍സറാണ് ക്യാമറയുടെ സവിശേഷത. 3,000 എംഎഎച്ച് ബാറ്ററി 20 മണിക്കൂര്‍വരെ ടോക് ടൈം നല്‍കും. 4ജി നെറ്റ് വര്‍ക് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണാണിത്.

അടുത്തയാഴ്ച ഫോണ്‍ ജപ്പാനില്‍ പുറത്തിറക്കും. എന്നാല്‍, എന്നുമുതലാണ് ഫോണ്‍ ഇന്ത്യയില്‍ എത്തുക എന്ന് അറിവായിട്ടില്ല. 32,300 രൂപയായിരിക്കും ഫോണിന്റെ വില എന്നാണ് അറിയുന്നത്. ജപ്പാനില്‍ 57,420 ജാപ്പനീസ് യെന്‍ ആണ് വിലയായി നിശ്ചയിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here