വിജിലന്‍സ് ഡയറക്ടറുടെ തസ്തിക തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് ചീഫ് സെക്രട്ടറി; ബെഹ്‌റയുടെയും ഋഷിരാജ് സിംഗിന്റെയും നിയമനം തുലാസില്‍; ഐപിഎസ് അസോസിയേഷന്‍ യോഗം ഇന്ന്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ തസ്തിക എഡിജിപി റാങ്കിലേക്ക് തരം താഴ്ത്താനുളള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് ചീഫ് സെക്രട്ടറി. ലോക്‌നാഥ് ബെഹറയുടെയും ഋഷിരാജ് സിംഗിന്റെയും നിയമനകാര്യം വീണ്ടും തുലാസിലാവുന്നു. വിജിലന്‍സ് ഡയറക്ടറുടെ കേഡര്‍ മാറ്റം മന്ത്രിസഭയുടെ പരിഗണനക്ക് വിട്ടേക്കും. സ്ഥാനമാറ്റത്തെ ചൊല്ലിയുളള പരാതിക്കിടെ നിര്‍ണ്ണായക ഐപിഎസ് അസോസിയേഷന്‍ യോഗം തിങ്കളാഴ്ച ചേരും.

ഫയര്‍ഫോഴ്‌സ് മേധാവിയായി ലോക്‌നാഥ് ബെഹറയെയും ജയില്‍ മേധാവിയായി ഋഷിരാജ് സിങ്ങിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പോലീസ് തലപ്പത്ത് പൊട്ടിത്തെറി ഉടലെടുത്തത്. ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിതനാകുന്ന ബെഹറക്ക് കേഡര്‍ പദവി നല്‍കുകയും പകരം വിജിലന്‍സ് ഡയറക്ടറുടെ പദവി ആറ് മാസത്തേക്ക് തരംതാഴ്ത്താനുമായിരുന്നു സര്‍ക്കാര്‍ നീക്കം.

പദവി മാറ്റത്തില്‍ ചീഫ് സെക്രട്ടറിയുടെ അഭിപ്രായമാരായാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജിലന്‍സ് ഡയറക്ടറുടെ പദവി തരം താഴ്ത്തുന്നതിനെതിരായ റിപ്പോര്‍ട്ട് ആണ് ജിജി തോംസണ്‍ ആഭ്യന്തരമന്ത്രിക്ക് കൈമാറിയത്. ഇതോടെ ഇരുവരുടെയും നിയമനകാര്യം വീണ്ടും തുലാസിലായി.

മുന്‍പ് കര്‍ണാടക സര്‍ക്കാര്‍ ഇപ്രകാരം ചെയ്തതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തെങ്കിലും സുപ്രീംകോടതിയില്‍ നിന്ന് കര്‍ണ്ണാടക സര്‍ക്കാരിന് അനുകൂല വിധിയുണ്ടായതായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ചൂണ്ടികാട്ടുന്നു. ഇതിന്റെ ചുവട് പിടിച്ച് കേഡര്‍ പദവി ബെഹറക്ക് നല്‍കാമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.

മുഖ്യമന്ത്രിയുമായി ചര്‍ച്ച ശേഷം കേഡര്‍ പദവി മാറ്റം വരുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാം എന്നാണ് ആഭ്യന്തര മന്ത്രി കരുതുന്നത്. എന്നാല്‍ നയപ്രശ്‌നം ആയതിനാല്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുത്താല്‍ മതിയെന്നതാണ് മുഖ്യമന്ത്രിയുയോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്.

കേഡര്‍ തര്‍ക്ക വിഷയത്തിനിടെ ഐപിഎസ് അസോസിയേഷന്‍ യോഗം തിങ്കളാഴ്ച ചേരും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുറത്ത് നില്‍ക്കുമ്പോള്‍ ജൂനിയറായ ശങ്കര്‍ റെഡ്ഢിയെ വിജിലന്‍സ് തലപ്പത്ത് നിയമിച്ച സംഭവം ഐപിഎസ് അസോസിയേഷന്‍ യോഗത്തില്‍ ചൂട് പിടച്ച ചര്‍ച്ചയാകും.

സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കണമെന്ന് ചില ഉദ്യോഗസ്ഥര്‍ ആവശ്യമുന്നയിക്കാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന ഐപിഎസ് അസോസിയേഷന്‍ യോഗത്തില്‍ ജേക്കബ് തോമസ് ഒഴികെയുളള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here