ചെന്നൈയുടെ ആകാശത്ത് വീണ്ടും ആശങ്കയുടെ കാര്‍മേഘം; 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യത; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനു സാക്ഷിയായ ചെന്നൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭീതിയുയര്‍ത്തി കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നതിനിടെയാണ് വീണ്ടും പുതുച്ചേരിയിലും ചെന്നൈയിലും കനത്തമഴയ്ക്കു സാധ്യത. കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലും സാമാന്യം ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

ചെന്നൈ വിമാനത്താവളത്തില്‍നിന്നുള്ള പകല്‍ സര്‍വീസുകള്‍ സാധാരണനിലയിലായിട്ടുണ്ട്. അതേസമയം, രാത്രികാല സര്‍വീസുകള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍തന്നെ കാത്തിരിക്കേണ്ടിവരുമെന്നാണ് എയര്‍പോര്‍ട്ട് അഥോറിട്ടിയുടെ വിലയിരുത്തല്‍. ഇന്നു പുലര്‍ച്ചെ പോര്‍ട്‌ബ്ലെയറിലേക്കുള്ള ചാര്‍ട്ടേഡ് വിമാനമാണ് ആദ്യം പറന്നുയര്‍ന്നത്. ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍നിന്നുള്ള ട്രെയിന്‍ ഗതാഗതം ഒരാഴ്ചയ്ക്കു ശേഷം പുനരാരംഭിച്ചിട്ടുണ്ട്. ദീര്‍ഘദൂര ട്രെയിനുകള്‍ സമയക്രമത്തിലെത്തിയിട്ടില്ല. സമയക്ലിപ്തത വരുത്താന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരും.

കോട്ടൂര്‍പുരത്തെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഭക്ഷണപ്പൊതി വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവര്‍ (പിടിഐ ചിത്രം)

ചെന്നൈയ്ക്കു പുറമേ കനത്ത നാശനഷ്ടമുണ്ടായ കടലൂരില്‍ ഇന്നും നേരിയ മഴ പെയ്തു. വീണ്ടും മഴയുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം അവതാളത്തിലാകുമോ എന്ന സംശയമുണ്ട്. നഗരത്തില്‍നിന്നു വെള്ളക്കെട്ടിറങ്ങിയിട്ടുണ്ടെങ്കിലും നഗരപ്രാന്തത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ടു തുടരുകയാണ്. അറുപതുശതമാനം നഗരവാസികളെയും പ്രളയം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. വെള്ളമിറങ്ങിയെങ്കിലും നഗരത്തില്‍ ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള ദൗര്‍ലഭ്യം കടുത്തരീതിയില്‍ തുടരുകയാണ്.

ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചതിനെത്തുടര്‍ന്ന് എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അനുഭവപ്പെട്ട യാത്രക്കാരുടെ തിരക്ക് (പിടിഐ ചിത്രം)

വീടുകളില്‍നിന്നു വാഹനങ്ങളും ഉപകരണങ്ങളും ഒലിച്ചുപോയിട്ടുണ്ട്. ഇതുവരെ പതിനാലരലക്ഷം പേരെ ദുരിതമേഖലകളില്‍നിന്നു രക്ഷിച്ചിട്ടുണ്ട്. ഇവരെ കടലൂര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ ആശ്വാസകേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഒരു ലക്ഷം കോടി രൂപയുടെ നാനഷ്ടങ്ങളാണ് ഇതുവരെ കണക്കുകൂട്ടിയിരിക്കുന്നത്.

ജനങ്ങള്‍ക്കു പച്ചക്കറികളും നിത്യാവശ്യ സാധനങ്ങളും ലഭ്യമാക്കാന്‍ ചെന്നൈ നഗരത്തില്‍ പലയിടങ്ങളിലായി പതിനൊന്നു ഫ്രെഷ് ഫാം ഔട്ട്‌ലെറ്റുകള്‍ തുറന്നിട്ടുണ്ട്. നഗരത്തില്‍ വെള്ളമൊലിച്ചും കെട്ടിക്കിടന്നും രൂപ്പപെട്ട മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ കോര്‍പറേഷനു കീഴിലെ 24000 ജീവനക്കാരും സമീപ ജില്ലകളില്‍നിന്നുള്ള രണ്ടായിരം പേരെയും നിയോഗിച്ചിട്ടുണ്ട്. പലയിടങ്ങൡലായി മെഡിക്കല്‍ ക്യാമ്പുകളും തുറന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here