മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി വഴിവിട്ടു സഞ്ചരിച്ചെന്ന് പിണറായി; രാജിവയ്ക്കണമെന്നത് കേരളത്തിന്റെ കക്ഷിഭേദമെന്യേയുള്ള ആവശ്യം

ആലപ്പുഴ: മുഖ്യമന്ത്രി എന്നനിലയില്‍ ഉമ്മന്‍ചാണ്ടി വഴിവിട്ടു സഞ്ചരിച്ചെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയില്‍ സിപിഐഎം നടത്തിയ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നതു കേരളത്തിന്റെ കക്ഷിഭേദമെന്യേയുള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍നിന്ന് എതിര്‍നിലപാടുണ്ടായാലും ഉമ്മന്‍ചാണ്ടി അധികാരക്കസേര വിടില്ല എന്നാണ് കാണുന്നത്. അധികാരത്തിലിരുന്നുകൊണ്ട് അന്വേഷണ ഏജന്‍സിയെ സ്വാധീനിച്ചു സ്വന്തം ആഗ്രഹത്തിന് അനുസരിച്ചുള്ള അന്വേഷണം നടത്തണമെന്ന വിചാരമാണ് മുഖ്യമന്ത്രിക്കുള്ളത്. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് സോളാര്‍ കേസ്. ഒപ്പം തന്നെയുള്ളതാണ് ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിഷയം. രണ്ടു കേസുകളിലും പ്രതിസ്ഥാനത്തുനില്‍ക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.

സോളാര്‍ പ്രശ്‌നത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ല എന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കു പോലും പറയാന്‍ കഴിയില്ല. ബിജു രാധാകൃഷ്ണനും സരിതയും കൂടിയുള്ള തട്ടിപ്പു കമ്പനിയും അതിന്റെ പ്രധാനികളുമായി ഉമ്മന്‍ചാണ്ടിക്കു ബന്ധം വന്നതെങ്ങനെയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ ജനങ്ങളില്‍ ആരെങ്കിലുമായി സംസാരിക്കുന്നത് നമ്മുടെ നാട്ടില്‍ കുറ്റമല്ല. എന്നാല്‍ മുഖ്യമന്ത്രിയായി. തട്ടിപ്പുകാരുടെ അംബാസിഡര്‍ എന്ന നിലയില്‍ മുഖ്യമന്ത്രി അധപതിക്കുകയായിരുന്നു. ഇതെങ്ങനെയാണ് സംഭവിച്ചത്.

തട്ടിപ്പുകാരാണെന്നു നേരത്തേ തന്നെ അറിയാവുന്നതാണ്. തട്ടിപ്പുകാരാണെങ്കില്‍ മുഖ്യമന്ത്രിക്കു വിവരം കിട്ടും. ഇത്തരം വിവരങ്ങള്‍ നല്‍കാനാണ് നാട്ടില്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീധരന്‍നായര്‍ എന്ന കോണ്‍ട്രാക്ടര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ സരിതയുടെ സഹായം വേണ്ടിവന്നു. ഇതെന്തിനാണ്. ആരുമില്ലാത്ത സമയത്ത് ഉമ്മന്‍ചാണ്ടിയുമായി സ്വകാര്യം പറയാന്‍ ശ്രീധരന്‍നായര്‍ക്കു സൗകര്യമൊരുക്കാന്‍ എങ്ങനെ സരിതയ്ക്കു കഴിഞ്ഞു.

എന്താണ് സരിതയ്ക്കു മുഖ്യമന്ത്രിക്കു മേലുണ്ടായിരുന്ന നിയന്ത്രണം. മുഖ്യമന്ത്രിയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതു കൊടുംകുറ്റവാളികളാണ്. മുഖ്യമന്ത്രിയെ ഭരിക്കുന്ന സ്ത്രീ കേരളത്തിന് അപമാനമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വഴിവിട്ടു സഞ്ചരിച്ചതിന്റെ തെളിവാണ് ഇതൊക്കെ. സോളാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം മാത്രമായിരുന്നു ആവശ്യപ്പെട്ടത്. ആ ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. നിയമസഭയില്‍ മറുപടി പറയാന്‍ പോലും തയാറായില്ല. ഇക്കാരണത്താല്‍ നിയമസഭാ നടപടികള്‍ സ്തംഭിച്ചുപോയി. തുടര്‍ന്നാണ് പ്രക്ഷോഭം നടത്തിയത്. പ്രക്ഷോഭങ്ങളെ പരാജയപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ജനവികാരത്തിന്റെ ശക്തിയില്‍ പരാജയപ്പെട്ടു. തുടര്‍ന്നാണ് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നും എല്‍ഡിഎഫുമായി പരിഗണനാവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി സമ്മതിച്ചതെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News