തിരുവനന്തപും: അവശ്യഘട്ടത്തില്‍ രക്തം തേടുന്ന രോഗികള്‍ക്ക് ആശ്വാസവുമായി ഡിവൈഎഫ്‌ഐ. രക്തദാനത്തിന് തയ്യാറായവരെ മൊബൈല്‍ ആപ് വഴി അറിയാം. ഡിവൈഎഫ്‌ഐ മാനുഷം എന്ന പേരിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭിക്കുക. മൊബൈല്‍ ആപ്പിന്റെ ലോഞ്ചിംഗ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ഏത് അടിയന്തര സാഹചര്യത്തിലും രക്തം ആവശ്യമുള്ളവര്‍ക്ക് ആപ്പിന്റെ സഹായം തേടാം. ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. രക്തദാതാക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. രക്തം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഏറ്റവും അടുത്ത് ലഭ്യമായ ദാതാക്കളുടെ പേര് ആദ്യം എന്ന ക്രമത്തില്‍ ലഭ്യമാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ശ്രീജേഷ് പിള്ളയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തത്.

dyfi-app

തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ചടങ്ങിലാണ് ഡിവൈഎഫ്‌ഐ മാനുഷം അവതരിപ്പിച്ചത്. ചടങ്ങില്‍ എംവി ശ്രേയാംസ് കുമാര്‍ എംഎല്‍എ, ടിവി രാജേഷ് എംഎല്‍എ, മാധ്യമ പ്രവര്‍ത്തകരായ എംജി രാധാകൃഷ്ണന്‍, രാജീവ് ദേവരാജ് ജോണ്‍ പി തോമസ്, സ്വാമി സന്ദീപാനന്ദ ഗിരി, കടകംപള്ളി സുരേന്ദ്രന്‍, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ആപ് ലോഞ്ചിംഗിനോട് അനുബന്ധിച്ച് മാനുഷം എന്ന സിഗ്നേച്ചര്‍ ഫിലിം പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ പങ്കെടുത്ത അതിഥികള്‍ക്ക് ബസവേശ്വരന്റെ വിപ്ലവം എന്ന എംഎം കല്‍ബുര്‍ഗിയുടെ പുസ്തകം സമ്മാനിച്ചു. പിപി സത്യന്‍ ആണ് പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കാണ് ആപ്പിന്റെ പ്രയോജനം ലഭിക്കുക. ആപ്പ് സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചു.