സെന്‍കുമാറിനോട് മധുര പ്രതികാരം ചെയ്ത് ജേക്കബ് തോമസ്; പുസ്തക പ്രകാശനത്തിന് ക്ഷണിച്ചില്ല; ബെഹ്‌റയും ഋഷിരാജും മുഖ്യാതിഥികള്‍; പൊലീസ് സേനയിലെ ഭിന്നത പുതിയ തലത്തിലേക്ക്

തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാറിന്റെ വിമര്‍ശനത്തിന് ഡിജിപി ജേക്കബ് തോമസിന്റെ മധുര പ്രതികാരം. ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനത്തിന് സെന്‍കുമാറിനെ ക്ഷണിച്ചില്ല. ഡിജിപിമാരായ ലോക്‌നാഥ് ബെഹറയും ഋഷിരാജ് സിംഗും ചടങ്ങിലെ മുഖ്യഅതിഥികളാകും. ഇതോടെ പോലീസ് സേനയിലെ ഉന്നതരുടെ ഭിന്നിപ്പ് പുതിയ തലത്തിലേക്ക് കടക്കുകയാണ്.

ഡിജിപി ജേക്കബ് തോമസ് പരിസ്ഥിതിയേയും മാനേജ്‌മെന്റ് തന്ത്രങ്ങളെയും കുറിച്ച് രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനമാണ് കാര്യവട്ടം ക്യാമ്പസില്‍ നടക്കുന്നത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് പുസ്തക പ്രകാശന ചടങ്ങ്. ചടങ്ങില്‍ ഫയര്‍ ഫോഴ്‌സ് മേധാവി ലോക്‌നാഥ് ബെഹറക്കും ജയില്‍ മേധാവി ഋഷിരാജ് സിംഗിനും ക്ഷണമുണ്ട്.

സംസ്ഥാന പോലീസ് മേധാവിയായ ടിപി സെന്‍കുമാറിനെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരായ ലോക്‌നാഥ് ബെഹറ, ഋഷിരാജ് സിംഗ് എന്നിവര്‍ ചടങ്ങിലെ ആശംസാ പ്രാസംഗികരാണ്. കവയത്രി സുഗതകുമാരിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

jacob-thoms-card

പുസ്തക പ്രകാശന ചടങ്ങ് നടക്കുന്ന അതേ സമയത്ത് തന്നെ മുന്‍ ഡിജിപി ടിവി മധുസൂദനന്റെ മൃതദ്ദേഹം പോലീസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെക്കും. പുസ്തക പ്രകാശന സമയത്ത ടിപി സെന്‍കുമാറും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ ചടങ്ങിലായിരിക്കും.

ജേക്കബ് തോമസിനെതിരെ അടുത്തിടെ അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് ഡിജിപി സെന്‍കുമാര്‍ നടത്തിയത്. ജേക്കബ് തോമസിനെ പറ്റി മറ്റാര്‍ക്കും അറിയാത്ത ചിലകാര്യങ്ങള്‍ തനിക്കറിയാമെന്ന് സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പോര്‍ട്ട് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് വഴിവിട്ട് പ്രവര്‍ത്തിച്ചു എന്ന് തൊട്ടു പിന്നാലെ കോണ്‍ഗ്രസ് നേതാവ് എംഎം ഹസനും ആരോപണം ഉന്നയിച്ചു.

സെന്‍കുമാറിനെക്കാള്‍ മറ്റ് രണ്ട് ഡിജിപിമാരുടെയും പിന്തുണ തനിക്കൊപ്പമാണെന്ന് കാണിക്കാന്‍ ഉളള അവസരമാക്കി മാറ്റാനാണ് പുസ്തക പ്രകാശന ചടങ്ങിലൂടെ ജേക്കബ് തോമസ് ശ്രമിക്കുന്നത്. ഇതോടെ സെന്‍കുമാര്‍ ഐപിഎസ് തലപ്പത്ത് ഒരുവശത്തായി. മറുവശത്ത് മറ്റ് മൂന്ന് പേരും നിലയുറപ്പിക്കുകയാണ്. സംസ്ഥാന പോലീസ്‌സേനയുടെ തലപ്പത്ത് നിലനില്‍ക്കുന്ന ഭിന്നിപ്പിനുളള തെളിവായിട്ടാണ് പുസ്തക പ്രകാശന ചടങ്ങിനെ ചൂണ്ടികാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News