തേറമ്പിലിനെതിരായ വിജിലന്‍സ് കേസ്: അന്വേഷണ റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി; വിജിലന്‍സിന്റെ സമാന്തര അന്വേഷണം കോടതി തള്ളി

തൃശൂര്‍: തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എക്കെതിരായ ഗ്രന്ഥശാല ഭൂമിക്കേസില്‍ മൂന്ന് മാസത്തിനകം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. പ്രതിയായ തേറമ്പിലിന്റെ ആവശ്യപ്രകാരം സമാന്തര അന്വേഷണം നടത്തുന്ന വിജിലന്‍സ് നടപടിയെ കോടതി തള്ളി. കേസെടുത്ത് മൂന്ന് വര്‍ഷമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

തൃശൂര്‍ ചാച്ചാ നെഹറു ചില്‍ഡ്രന്‍സ് ലൈബ്രറിയുടെ 13 സെന്റ് ഭൂമി നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയെന്നായിരുന്നു പരാതി. പരാതിയില്‍ 2012 ആഗസ്റ്റ് 13ന് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷമായിട്ടും അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല.

അന്വേഷണം ശരിയായ ഗതിയിലല്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിയായ തേറമ്പില്‍ രാമകൃഷ്ണന്‍ ഇതിനിടെ കോടതിയെ സമീപിച്ചു. ഈ പരാതിയില്‍ സമാന്തര അന്വേഷണവും നടന്നുവരികയാണ്. കേസിലെ കാലതാമസം ചൂണ്ടിക്കാട്ടി പരാതിക്കാരനായ പുത്തന്‍വീട്ടില്‍ രമേശ് ഹൈക്കോടതിയെ സമീപിച്ചു.

സമാന്തര അന്വേഷണത്തിന്റെ സാധുത തള്ളിയ കോടതി തേറമ്പിലിനെതിരായ കേസില്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് ഉത്തരവിട്ടു.

ആഭ്യന്തര മന്ത്രിയുടെ ഗ്രൂപ്പുകാരനായ തേറമ്പില്‍ രാമകൃഷ്ണന്‍ ഭരണസ്വാധീനം ഉപയോഗിച്ച് കേസ് വൈകിപ്പിക്കാന്‍ ശ്രമം നടത്തുന്നു എന്നാണ് ആരോപണം. പ്രതിയുടെ പരാതിയില്‍ സമാന്തര അന്വേഷണം നടത്തിയ വിജിലന്‍സ് നടപടി ഇക്കാര്യം ശരിവെക്കുന്നതാണ്. കേസിന്റെ നടപടികളില്‍ അതൃപ്തിയുണ്ടെങ്കില്‍ പരാതിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News