മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് വീക്ഷണം; വിമര്‍ശനം കരുണാകരനുമായി താരതമ്യം ചെയ്ത്; കരുണാകരന്‍ കോണ്‍ഗ്രസിനെ പെരുവഴിയിലെ ചെണ്ടയാക്കിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ മുഖപ്രസംഗം. ലീഡര്‍ കെ കരുണാകരനുമായി താരതമ്യപ്പെടുത്തിയാണ് വീക്ഷണത്തില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. കോണ്‍ഗ്രസിനെ വഴിയെ പോകുന്ന ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാക്കി കരുണാകരന്‍ മാറ്റിയില്ല. എല്ലാ സമുദായങ്ങളോടും തുല്യ അടുപ്പം കാണിച്ചത് കരുണാകരന്‍ മാത്രമാണ്. സാമുദായിക സംഘടനകളുമായി തുല്യമബന്ധമായിരുന്നു കരുണാകരന്. അനര്‍ഹമായത് കയ്യിട്ടു വാരാന്‍ ആരെയും അനുവദിച്ചിരുന്നില്ല. എല്ലാ ഘടകകക്ഷികള്‍ക്കും ആവശ്യമുള്ളതും അര്‍ഹതപ്പെട്ടതും കൊടുത്തിട്ടുണ്ട്. സമുദായശക്തികളുടെ കാലില്‍ തൊട്ടുതൊഴുതു കൊണ്ടുള്ള അടുപ്പമായിരുന്നില്ല കരുണാകരന്‍ കാണിച്ചിരുന്നതെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തിലാണ് മുഖപ്രസംഗം എന്നതു ശ്രദ്ധേയമാണ്. കരുണാകരന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന നിമിഷമാണിത്. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനെ വഴിയില്‍ കിട്ടിയ ചെണ്ട പോലെ കൊട്ടാന്‍ ആരെയും അനുവദിച്ചിരുന്നില്ല എന്ന പരാമര്‍ശം കൃത്യമായി ഉമ്മന്‍ചാണ്ടിയെ തന്നെ ലക്ഷ്യം വച്ചുള്ളതാണ്. ഒരു സമുദായത്തിന് പരിഗണന, ഇതര സമുദായത്തിന് അവഗണന എന്ന വിവേചനം കരുണാകരനുണ്ടായിരുന്നില്ല. എല്ലാ ഹൈന്ദവ-ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളുമായുംതുല്യ അടുപ്പത്തിലും സൗഹാര്‍ദത്തിലും പ്രവര്‍ത്തിച്ച നേതാവായിരുന്നു കരുണാകരന്‍.

അസാമാന്യ ഭരണപാടവമുണ്ടായിരുന്ന കരുണാകരന്റെ ആജ്ഞകളെ ധിക്കരിക്കാന്‍ ഒരു ഉദ്യോഗസ്ഥനും ധൈര്യപ്പെട്ടിരുന്നില്ല എന്നത് ജേക്കബ്ബ് തോമസ് വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്കുള്ള മുന്നറിയിപ്പാണ്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്കു പോലും ലക്ഷ്മണരേഖ ചാടിക്കടക്കാന്‍ സാധിച്ചിരുന്നില്ല. തലയുള്ളപ്പോള്‍ വാലാടുന്ന രീതി കരുണാകരന്‍ വച്ചുപൊറുപ്പിച്ചിരുന്നില്ല. പിന്നില്‍ നിന്നും മുന്നില്‍ നിന്നും പലതവണ കുത്തിയിട്ടും അതിനെയെല്ലാം അതിജീവിച്ച നേതാവായിരുന്നു കരുണാകരനെന്നും മുഖപ്രസംഗം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here