രാജ്യത്തെ രക്ഷിക്കാന്‍ മോദി അധികാരമൊഴിയണമെന്ന് സീതാറാം യെച്ചൂരി; വര്‍ഗ്ഗീയവാദികള്‍ രാജ്യത്തെ വിഷലിപ്തമാക്കുന്നു; മമതയ്ക്കും രൂക്ഷ വിമര്‍ശനം

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബംഗാളിലെ മമത സര്‍ക്കാരിനും എതിരെ ആഞ്ഞടിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. രാജ്യത്തെ രക്ഷിക്കാന്‍ ബിജെപിയെയും ബംഗാളിന്റെ രക്ഷയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസും മാറണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. നരേന്ദ്രമോദിയും മമത ബാനര്‍ജിയും അധികാരമൊഴിയണം എന്നും യെച്ചൂരി പറഞ്ഞു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനിയില്‍ സിപിഐഎം സംഘടനാ പ്ലീനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു സീതാറാം യെച്ചൂരി.

വര്‍ഗ്ഗീയ വാദികള്‍ എല്ലാ ശക്തിയും ഉപയോഗിച്ച് രാജ്യത്ത് വര്‍ഗ്ഗീയ വിഷം പടര്‍ത്തുകയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പുതിയ നിലപാടുകള്‍ക്ക് രൂപംനല്‍കാനും സംഘടനാ പ്ലീനം കരുത്തുനല്‍കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങള്‍ ഇല്ലെങ്കില്‍ നേതാക്കളില്ല. ജനങ്ങളെ ഒപ്പം നിര്‍ത്താനുള്ള പദ്ധതി പാര്‍ട്ടിയ്ക്ക് വേണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

സാമൂഹ്യവിരുദ്ധ സര്‍ക്കാരാണ് ബംഗാള്‍ ഭരിക്കുന്നതെന്ന് മഹാറാലിയില്‍ അധ്യക്ഷത വഹിച്ച സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞു. ബിജെപിയെ പുരത്താക്കൂ, രാജ്യത്തെ രക്ഷീക്കൂ മുദ്രാവാക്യം ബംഗാളിലും ആവശ്യമാണ്. തൃണമൂലിനെ പുറത്താക്കൂ, ബംഗാളിനെ രക്ഷിക്കൂ എന്നതാണ് ബംഗാളിലെ സിപിഐഎം മുദ്രാവാക്യമെന്നും ബുദ്ധദേബ് പറഞ്ഞു.

പിബി അംഗങ്ങളായ ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, ബിമന്‍ ബസു, സൂര്യകാന്ത് മിശ്ര, മുഹമ്മദ് സലീം, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പൊതുസമ്മേളനത്തില്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News