സസ്‌പെന്‍ഷന്‍ എന്തിനെന്ന് വ്യക്തമാക്കണമെന്ന് നേതൃത്വത്തോട് കീര്‍ത്തി ആസാദ്; ജെയ്റ്റ്‌ലിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ബിജെപി എംപി

ദില്ലി: ഡിഡിസിഐ അഴിമതിയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബിജെപി എംപി കീര്‍ത്തി ആസാദ്. താന്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും കീര്‍ത്തി ആസാദ് ചോദിക്കുന്നു.

കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധിയുടെ ആവശ്യപ്രകാരമല്ല താന്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചത്. ഇതിന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചിട്ടില്ലെന്നും കീര്‍ത്തി പറഞ്ഞു. താന്‍ പാര്‍ട്ടിവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും തന്നെ എന്തിനാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണമെന്നും കീര്‍ത്തി ആസാദ് ആവശ്യപ്പെട്ടു.

ജെയ്റ്റ്‌ലിക്കെതിരേ അഴിമതി ആരോപണം ഉന്നയിക്കുകയും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ക്രമക്കേടിന് തെളിവു പുറത്തുവിടുകയും ചെയ്തതിന് പിന്നാലെയാണ് കീര്‍ത്തി ആസാദിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് കീര്‍ത്തി ആസാദ് നടത്തിയതെന്ന് ആരോപിച്ചായിരുന്നു നടപടി.

ജെയ്റ്റ്‌ലി ഡിഡിസിഎ പ്രസിഡന്റായിരുന്ന 1999 മുതല്‍ 2003 വരെയുള്ള കാലത്ത് ഇല്ലാത്ത പതിനാലു കമ്പനികള്‍ക്ക് 87 കോടി രൂപ കൈമാറിയെന്നായിരുന്നു ആരോപണം. 2007ല്‍ പൂര്‍ത്തിയായ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കൗശ്‌നിക് ബില്‍ഡ്കാസ്റ്റ് എന്ന കമ്പനിക്ക് പതിനൊന്നു കോടി നല്‍കിയതായി കണ്ടെത്തിയിരുന്നു. ഈ കമ്പനി സ്ഥാപിച്ചതു തന്നെ 2009ലാണ്. വിവിധ കമ്പനികള്‍ക്കു പണം നല്‍കിയതായുള്ള ബില്ലുകളില്‍ കാണുന്ന വിലാസങ്ങളും വ്യാജമാണ്. വിക്കീലീക്‌സ് ഫോര്‍ ഇന്ത്യ എന്ന പേരിലുള്ള സംഘം നടത്തിയ ഒളികാമറാ ഓപ്പറേഷനില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ആസാദ് ജയ്റ്റ്‌ലിയെ കുടുക്കിയത്.

എന്നാല്‍ ക്രമക്കേടുകളെക്കുറിച്ചുള്ള ദില്ലി സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് ജയ്റ്റ്‌ലിയുടെ പേര് ഒഴിവാക്കിയിരുന്നു. വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സാന്‍ഗിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here