മാലദ്വീപിനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍; ഇന്ത്യയുടെ ജയം രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്

തിരുവനന്തപുരം: തുല്യശക്തികളുടേതെന്നു തോന്നിച്ച മത്സരത്തില്‍ മാലദ്വീപിനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ കടന്നു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ലാല്‍പെക് ലുവയും സുനില്‍ ഛേത്രിയുമാണ് ഇന്ത്യക്കു വേണ്ടി ഗോളുകള്‍ നേടിയത്. മൂന്നില്‍ രണ്ടു ഗോളുകളും ലാല്‍പെക്‌ലുവയുടെ ബൂട്ടില്‍ നിന്നായിരുന്നു. ലാല്‍പെക്‌ലുവയുടെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നാഷിദും അലിയും മാലദ്വീപിനു വേണ്ടി ഗോളുകള്‍ നേടി.

24-ാം മിനുട്ടില്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. വലതു വശത്തു നിന്ന് ഹോളിചരണ്‍ നര്‍സേരി നല്‍കിയ പാസില്‍ കൃത്യമായി തലവച്ചു കൊടുത്ത് ഛേത്രി പന്തു വലയിലാക്കി. തൊട്ടടുത്ത മിനുട്ടില്‍ നാരായണ്‍ ദാസിന്റെ ഫ്രീകിക്ക് തലനാരിഴയ്ക്കാണ് പുറത്തു പോയത്. 34-ാം മിനുട്ടില്‍ ഇന്ത്യ ഒരിക്കല്‍ കൂടി വലകുലുക്കി. ഇത്തവണയും വഴിയൊരുക്കിയത് നര്‍സേരി തന്നെ. ജെജെ ലാല്‍പെക്‌ലുവയാണ് ഇത്തവണ ലക്ഷ്യം കണ്ടത്. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ മാലദ്വീപ് ഇന്ത്യയെ ഞെട്ടിച്ച് ഒരു ഗോള്‍ തിരിച്ചടിച്ചു. അഹ്മദ് നാഷിദാണ് മാലദ്വീപിന്റെ ഗോള്‍ നേടിയത്.

രണ്ടാം പകുതിയിലും ഇന്ത്യ തുടരെ മാലദ്വീപ് ഗോള്‍മുഖത്ത് ആക്രമണങ്ങള്‍ അഴിച്ചുവിട്ടു കൊണ്ടിരുന്നു. ഒടുവില്‍ 65-ാം മിനുട്ടില്‍ ഇന്ത്യ മൂന്നാമതും ലക്ഷ്യം കണ്ടു. ഇത്തവണയും വലകുലുക്കിയത് ജെജെ ലാല്‍പെക്‌ലുവയായിരുന്നു. ജെജെയുടെ രണ്ടാം ഗോള്‍. വഴിയൊരുക്കിയത് ഛേത്രിയും. 80-ാം മിനുട്ടില്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി മാലദ്വീപ് തങ്ങളുടെ രണ്ടാം ഗോളും നേടി. അംദാന്‍ അലിയാണ് ഗോള്‍ നേടിയത്. എന്നാല്‍, പിന്നീടൊരിക്കലും ഇന്ത്യന്‍ പ്രതിരോധം തകര്‍ക്കാന്‍ മാലദ്വീപിനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News