എന്തുകൊണ്ട് പുതുവര്‍ഷ പ്രഖ്യാപനങ്ങള്‍ പാഴാകുന്നു; പുകവലിയും മദ്യപാനവും അവസാനിപ്പിക്കാനും കടക്കാരനാവില്ലെന്നും നാളെ ശപഥം ചെയ്യും മുമ്പ് സ്വയം ആലോചിക്കുക

പുതുവര്‍ഷം പലര്‍ക്കും ശപഥങ്ങളുടെ ദിവസമാണ്. മദ്യപാനം നിര്‍ത്തുമെന്നും പുകവലി അവസാനിപ്പിക്കുമെന്നും കടം വാങ്ങല്‍ കുറയ്ക്കുമെന്നും പണം കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്നുമൊക്കെ തുടങ്ങി ശപഥങ്ങളേറെയുണ്ട്. പക്ഷേ, പുതുവര്‍ഷം പിറന്ന് രണ്ടാഴ്ച കഴിയുമ്പോള്‍ ഇതൊക്കെ മറന്നുപോവുകയാണ് പലരും ചെയ്യുന്നത്. പഴയ ശീലങ്ങളൊക്കെ തിരിച്ചുവരും. എന്തുകൊണ്ട് ഇതു സംഭവിക്കുന്നു.

പലരും സ്വയം ആലോചിച്ചിട്ടുള്ള കാര്യത്തിന് ഉത്തരം തേടുകയാണ് മനശാസ്ത്രവിദഗ്ധര്‍. ലോകത്തെ ജനങ്ങളുടെ അമ്പതു ശതമാനം പേരും പുതുവര്‍ഷത്തില്‍ പുതിയ ശപഥങ്ങള്‍ എടുക്കുന്നവരാണെന്നും തൂക്കം കുറയ്ക്കാനും വ്യായാമം ചെയ്യാനും പുകവലി നിര്‍ത്താനും മെച്ചപ്പെട്ട ധനകാര്യ മാനേജ്‌മെന്റിനുമായിരിക്കും പലരും ശപഥം ചെയ്യുകയെന്നും ജോണ്‍ നോര്‍ക്രോസ് ജേണല്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പലരുടെയും ശപഥങ്ങള്‍ എല്ലാവര്‍ഷവും തനിയാവര്‍ത്തനങ്ങളാണെന്നാണ് ദില്ലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ സൈക്യാട്രിസ്റ്റായ ഡോ. സമീര്‍ പരേഖ് പറയുന്നത്. പുതുവര്‍ഷപ്പുലരിയിലെ ശപഥങ്ങള്‍ പലരും പുതുവര്‍ഷമായതിനാല്‍ മാത്രമെടുക്കുന്നതാണ് ഇതിനു കാരണമെന്നാണ് അദ്ദേഹത്തിന്റെ വാദം. പലരും ആത്മാര്‍ഥതയോടെയല്ല ശപഥങ്ങള്‍ എടുക്കുന്നതെന്നു ചുരുക്കം. പലരും ബാഹ്യപ്രേരണയാലാണ് ശപഥങ്ങളെടുക്കുന്നതെന്നും അദ്ദേഹം പറയുന്നു. സ്വന്തം നിലയ്ക്ക് തനിക്ക് വേണമെന്നു തോന്നുന്ന തീരുമാനങ്ങളെടുത്താല്‍ മാത്രമേ അതു വിജയിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സ്വന്തം ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയുക 

നിങ്ങളേക്കാള്‍ വ്യക്തമായി നിങ്ങളെ തിരിച്ചറിയുന്ന മറ്റൊരാളില്ലെന്ന കാര്യമാണ് ആദ്യം തിരിച്ചറിയേണ്ടത്. ആത്മാര്‍ഥമായി എടുക്കാത്ത തീരുമാനങ്ങള്‍ ഒരിക്കലും വിജയിക്കില്ല. അതുകൊണ്ട് തനിക്കു പാലിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള തീരുമാനങ്ങള്‍ മാത്രം എടുക്കുക. അല്ലെങ്കില്‍ അതു പരാജയത്തില്‍ കലാശിക്കും.

സ്വന്തം ജീവിതം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുക

ഒരു കാര്യം നടപ്പാക്കാന്‍ അന്ത്യശാസനം കല്‍പിക്കുന്നത് നല്ലതാണ്, അതേസമയം, അതു സ്വന്തം ജീവിതത്തെ മെച്ചപ്പെടുത്തുമെന്ന വ്യക്തമായ ഉറപ്പും വേണം. ആരോഗ്യപരമായാലും ധനപരമായാലും ബന്ധങ്ങളുടെകാര്യത്തിലായാലും അക്കാര്യം നിര്‍ബന്ധം.

അഭിപ്രായങ്ങളോട് തുറന്ന മനസ് വേണം

ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണോ തെറ്റാണോ എന്നു തീരുമാനിക്കാന്‍ ചിലപ്പോള്‍ മൂന്നാമതൊരാളുടെ സാന്നിധ്യമോ അഭിപ്രായമോ വേണ്ടിവന്നേക്കാം. തനിക്ക് അത്ര ബന്ധവും അടുപ്പവുമുള്ള ഒരു സുഹൃത്തോ ബന്ധുവോ ഉണ്ടെങ്കില്‍ അവരുമായി പുതുവര്‍ഷ തീരുമാനത്തെക്കുറിച്ചു സംസാരിക്കുക. അവരുടെ അഭിപ്രായത്തെ മാനിക്കുക.

തീരുമാനത്തിന് പുതുവര്‍ഷം വേണ്ട

പ്രണയം പറയാന്‍ വാലന്റൈന്‍സ് ഡേ കാത്തിരിക്കുന്നതുപോലെ തങ്ങളുടെ ആരോഗ്യത്തിനും ജീവിതത്തിനും ഗുണകരമായ കാര്യം തീരുമാനിക്കാന്‍ പുതുവര്‍ഷപ്പുലരെ വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഒരു കാര്യം ചെയ്യണമെന്നു തോന്നിയാല്‍ അത് അപ്പോള്‍തന്നെ ചെയ്യുക എന്നതാണു ശരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel