കാലിക്കറ്റ് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു പറ്റിച്ചതിങ്ങനെ; ആന്ധ്രക്കാരായ തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച് പി വി കുട്ടന്‍ തയാറാക്കിയ റിപ്പോര്‍ട്ട്

പാലക്കൊല്ലു (ആന്ധ്രപ്രദേശ്): കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഭാസ്‌കര റാവുവിന്റെയും നരസിംഹ മൂര്‍ത്തിയുടെയും കുടുംബത്തിന്റെ ജീവിതാവസ്ഥ നേരില്‍ കാണാനായിരുന്നു ഞങ്ങള്‍ ആന്ധ്രാപ്രദേശില്‍ എത്തിയത്. വിജയവാഡയില്‍നിന്ന് അഞ്ചു മണിക്കൂര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാണ് ഞാനും വീഡിയോ ജേണലിസ്റ്റ് അനില്‍ കല്ല്യാശേരിയും ഹൈദരാബാദ് സര്‍വകലാശാലയിലെ സുഹൃത്തുക്കളായ ഗ്രീഷ്മയും സായിയും വെസ്റ്റ് ഗോദാവരിയിലെ പാലക്കൊല്ലു എന്ന ചെറിയ പട്ടണത്തില്‍ എത്തുന്നത്. വഴിയില്‍ വച്ചു വിശാഖപട്ടണത്തുള്ള പയ്യന്നൂരിലെ വ്യവസായി ഉണ്ണിയേട്ടന്‍ ഏര്‍പ്പാടാക്കിയ ബാബ്ജിയും ഞങ്ങളെ അനുഗമിച്ചു. ഗോദാവരി ജില്ല കേരളവുമായി സാമ്യങ്ങളേറെയുള്ള പ്രദേശമാണ്. കായലും വയലുകളും തെങ്ങുകളും ആകെയൊരു ഹരിതാഭ.

ബാബ്ജിയുടെയും സായിയുടെയും സഹായത്തോടെ ഞങ്ങള്‍ ഭാസ്‌കര റാവുവിന്റെ കുടുംബത്തെ കണ്ടെത്തി. ഭാഗീശ്വരത്ത് റോഡ് അരികില്‍ ഒരു കൊച്ചു വാടക വീട്. ഭാര്യ പ്രശാന്തിനിയും മക്കളായ ഗംഗാ ദേവിയും ഭാഗ്യ ലക്ഷ്മിയുമാണ് വീട്ടിലുള്ളത് . ക്യാമറയ്ക്കു മുന്നിലെത്താനുള്ള മാനസിക അവസ്ഥയില്‍ ആയിരുന്നില്ല അവര്‍. നരസിംഹ മൂര്‍ത്തിയുടെ വീടും തൊട്ടടുത്താണ്. മൂര്‍ത്തിയുടെ മരണത്തോടെ സഹോദരി വിശാഖ പട്ടണത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്കു താമസം മാറി. രണ്ടും വളരെ പാവപ്പെട്ട കുടുംബങ്ങള്‍. ഇരുവര്‍ക്കും 400 രൂപയാണ് ദിവസവേതനമായി കിട്ടിയിരുന്നത് . പ്രശാന്തിനിയും മക്കളും അപസ്മാര ബാധിതരാണെന്ന് ബന്ധുക്കള്‍ പറഞ്ഞറിഞ്ഞു. ഭാസ്‌കര റാവുവിന്റെ ബന്ധത്തിലുള്ള സഹോദരന്‍ നവകാന്ത് ആണ് ഞങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചത്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇരു കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഒരു മാസം മുമ്പ് സമത്വ മുന്നേറ്റ യാത്രക്കിടെ നൗഷാദിനെ അവഹേളിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍നിന്നു രക്ഷപെടാന്‍ ആയിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇരു കുടുംബങ്ങള്‍ക്കും ചില്ലിക്കാശു പോലും ലഭിച്ചിട്ടില്ലെന്നു ബന്ധുക്കള്‍ ഞങ്ങളോടു പറഞ്ഞു. വെള്ളാപ്പള്ളി ധനസഹായം പ്രഖ്യാപിച്ച കാര്യം തങ്ങള്‍ അറിഞ്ഞിരുന്നെന്നും എന്നാല്‍ വെള്ളാപ്പള്ളിയോ മറ്റാരെങ്കിലുമോ ഇതുവരെ ബന്ധപ്പെടിട്ടില്ലെന്നും നവകാന്ത് പറഞ്ഞു. നരസിംഹ മൂര്ത്തിയുടെ ബന്ധുക്കളെ ബന്ധപ്പെട്ടപ്പോഴും ഇതേ പ്രതികരണം തന്നെയായിരുന്നു. മാധ്യമ ശ്രദ്ധ ലഭിക്കുന്നതിനായി ധന സഹായ പ്രഖ്യാപനം നടത്തിയ വെള്ളാപ്പള്ളി അക്ഷരാര്‍ഥത്തില്‍ ഈ പാവങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നാണ് ഞങ്ങളുടെ യാത്രയില്‍ വ്യക്തമായത്.

നൗഷാദ് മുസ്ലിം ആയതിനാലാണ് സഹായങ്ങള്‍ ലഭിച്ചതെന്ന വിവാദ പ്രസ്താവനയുടെ ചൂടാറും മുമ്പാണ് മുഖം രക്ഷിക്കാന്‍ വെള്ളാപ്പള്ളി നടത്തിയ നാടകത്തിന്റെ ചുരുള്‍ അഴുയുന്നത്. വെള്ളാപ്പള്ളിക്കെതിരായ വിവാദ പ്രസ്താവനയില്‍ ഹൈക്കോടതി കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മലയാളികളുടെ കണ്ണില്‍ പൊടിയിട്ടു അന്യസംസ്ഥാന തൊഴിലാളികളെ പറ്റിക്കാന്‍ നടത്തിയ നീക്കത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here