വീരേന്ദ്രകുമാറുമായി ശത്രുതയില്ലെന്നു പിണറായി; സോഷ്യലിസ്റ്റുകളുടെ സ്വാഭാവികസ്ഥാനം ഇടതുപക്ഷത്ത്; യോജിച്ചു പോരാടാന്‍ തടസമില്ല

തിരുവനന്തപുരം: താനും എം പി വീരേന്ദ്രകുമാറും ശത്രുക്കളാണെന്നാണ് ചിലരെങ്കിലും ധരിച്ചുവച്ചിരിക്കുന്നതെന്നും എന്നാല്‍ അതു തെറ്റാണെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വീരേന്ദ്രകുമാറിന്റെ ഇരുള്‍ പരക്കും കാലം എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ തിരുവനന്തപുരത്തു പ്രസംഗിക്കുകയായിരുന്നു പിണറായി. ശത്രുക്കള്‍ ഒരേ വേദിയില്‍ ഒന്നിച്ചു വരുന്നു എന്നു കരുതിയാണ് മാധ്യമങ്ങള്‍ ചടങ്ങിന് വലിയ പ്രാധാന്യം നല്‍കിയത്. തങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വിയോജിപ്പുകളാണുള്ളതെന്നും വരുംകാലത്ത് ഒരുമിച്ചു പോരാടാന്‍ തടസങ്ങളില്ലെന്നും പിണറായി പറഞ്ഞു.

വീരേന്ദ്രകുമാറിനോട് തനിക്ക് യാതൊരു ശത്രുതയുമില്ല. അദ്ദേഹത്തിന് തന്നോടും അങ്ങനെത്തന്നെയാണെന്നാണ് കരുതുന്നത്. അദ്ദേഹം ചെയ്യുന്ന രചനാപരമായ കാര്യങ്ങളോട് ബഹുമാനമാണ്. ശത്രുതയില്ല എന്നു പറയുന്നത് വിയോജിപ്പില്ല എന്നല്ല. അതു വ്യക്തിപരമല്ല, രാഷ്ട്രീയപരമാണ്. തങ്ങള്‍ക്കിടയില്‍ യാതൊരു വിധത്തിലുള്ള പരസ്പരം പരിഭവവുമില്ല. വിയോജിക്കുന്ന മേഖലകളില്‍ അതു മറച്ചുവയ്‌ക്കേണ്ടതില്ല. യോജിപ്പുള്ള മേഖലകളില്‍ അതു വിളിച്ചു പറയേണ്ട കാര്യവുമില്ല. ഈ നിലയ്ക്കുള്ള ഒരു ബന്ധമാണു തനിക്കും വീരേന്ദ്രകുമാറിനും ഇടയിലുള്ളത്.

Pusthaka-Prakashanam

പരസ്പരമുള്ള സ്‌നേഹവിശ്വാസത്തിലും ആദരവിലും അടിസ്ഥാനമാക്കിയുള്ളതാണ് ആ ബന്ധം. തങ്ങളുടെ ബന്ധം ഇത്രത്തോളം എത്തിയതു യോജിച്ചും വിയോജിച്ചും തന്നെയാണ്. തങ്ങളിരുവരും അടിയന്തരാവസ്ഥക്കാലത്ത് ഒരു ജയിലറയില്‍ കഴിഞ്ഞവരാണ്. ഒരുമിച്ചു തടവില്‍ കഴിയുമ്പോഴുള്ള ബന്ധത്തിന് സാധാരണയില്‍ കവിഞ്ഞ ദൃഢതയുണ്ടാകും.

ഒരേ ലക്ഷ്യം പങ്കിട്ട് ഒരേ മൂല്യം നിര്‍ത്തിയാണ് ഒരുമിച്ച് തടവില്‍ കഴിയുക. എന്നെങ്കിലും പുറത്തു വരാന്‍ കഴിയുമോ എന്നതു സംബന്ധിച്ച് ഒരു നിശ്ചയവും ഇല്ലാതിരിക്കുക. ആ അവസ്ഥയില്‍ ഒന്നിച്ചുകഴിഞ്ഞവരാണ് തങ്ങള്‍. ഇതു തിരിച്ചറിയാന്‍ കഴിയാത്തവരാണ് തങ്ങള്‍ ശത്രുക്കളാണ് എന്നു പറയുന്നത്.

എപ്പോഴെങ്കിലും ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടായാല്‍ ജയിലറ ഓര്‍മകള്‍ അവ ഇല്ലാതാക്കും. ജയിലറയുടെ ശക്തി അത്രത്തോളമാണ്. ഇവിടെ രാഷ്ട്രീയമായ വിയോജിപ്പില്‍ അസ്വാഭാവിക ദര്‍ശിക്കേണ്ടതായിട്ടില്ല. വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായാണ് നില്‍ക്കുന്നത്. താന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാണ്.

സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും തമ്മില്‍ എല്ലാക്കാലത്തും യോജിപ്പിന്റെയും വിയോജിപ്പിന്റെയും മേഖലകളുണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ തങ്ങള്‍ ഒന്നിച്ചു ജയിലില്‍ കഴിഞ്ഞവരാണെങ്കിലും പിന്നീടൊരു ഘട്ടത്തില്‍ അദ്ദേഹം എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ പോയപ്പോള്‍ വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അതു വിളിച്ചു പറഞ്ഞിട്ടുമുണ്ട്. നാളെ ഒരുമിച്ചു നിന്നു പോരാടാന്‍ തടസവുമില്ല.

Irul-Parakkum-Kaalam

അടിസ്ഥാനപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചചെയ്യാതെ ധീരമായ നിലപാടു സ്വീകരിച്ചയാളാണ് വീരേന്ദ്രകുമാര്‍. അതുകൊണ്ടാണ് അദ്ദേഹത്തെ ആദരിക്കുന്നത്. മതനിരപേക്ഷതാ രാഷ്ട്രീയത്തിനായും വര്‍ഗീയ വിധ്വംസക ശക്തികളെ ചെറുത്തു തോല്‍പിക്കാനും ദൃഢമനസോടെയുള്ള നിലപാട് വീരേന്ദ്രകുമാര്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നുണ്ട്. ആഗോളവല്‍കരണ രാഷ്ട്രീയവും ഗൂഢാലോചനയും തുറന്നു കാട്ടുന്നതില്‍ മികവുറ്റ സംഭാവനയാണ് വീരേന്ദ്രകുമാറില്‍നിന്ന് ഉണ്ടായിട്ടുള്ളത്. ഇക്കാര്യങ്ങളില്‍ വീരേന്ദ്രകുമാര്‍ നിതാന്തജാഗ്രത കാട്ടിയിട്ടുണ്ട്.

കോര്‍പറേറ്റുകള്‍ കുടിവെള്ളം പോലും ചോര്‍ത്തുന്നതിനെക്കുറിച്ചു പഠിച്ചു സമരം നടത്താന്‍ അദ്ദേഹം തയാറായിട്ടുണ്ട്. പരിസ്ഥിതി കൂടി പരിഗണിച്ചുകൊണ്ടുവേണം വികസനം എന്ന് അദ്ദേഹം നിരന്തരം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നല്ല കാര്യങ്ങള്‍ ഒരാളുടെ ഭാഗത്തുനിന്നുണ്ടായാല്‍ അതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യും. അതിന് അദ്ദേഹം തങ്ങളുടെ പാര്‍ട്ടിയിലാണോ മുന്നണിയിലാണോ എന്നു നോക്കേണ്ടതില്ല. നല്ലതിനെ നല്ലതായി കാണുന്നതാണ് കമ്യൂണിസ്റ്റുകളുടെ രീതി.

ആദരിക്കേണ്ടതിനെ ഒക്കെ ആദരിക്കുമ്പോള്‍തന്നെ വിയോജിപ്പുള്ള കാര്യങ്ങള്‍ തുറന്നുപറയുന്നതാണ് താനടക്കമുള്ളവര്‍ സ്വീകരിക്കുന്ന നിലപാട്. അത് അദ്ദേഹത്തിന് പ്രിയമാണോ അപ്രിയമാണോ എന്നത് ആലോചിക്കേണ്ട കാര്യമില്ല. അപ്രിയമുണ്ടായാല്‍ തന്നെ അത് ഒരുതരത്തിലും വിദ്വേഷമായി മാറില്ല എന്നുറപ്പുണ്ട്. വിയോജിപ്പുകള്‍ ഇപ്പോള്‍ മാത്രമല്ല, മുമ്പും തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ബിജെപിയാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നത്. ബിജെപിയെ ശക്തമായി എതിര്‍ക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് അത്യധികം ആപത്തുവിതച്ചിട്ടുള്ള ആഗോളവല്‍കരണം, അഴിമതി, രാജ്യത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന നിലപാട് തുടങ്ങി ഏതൊക്കെ പ്രശ്‌നങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടായെന്ന് അറിയാം. ബാബറി മസ്ജിദ് തകര്‍ത്ത കാര്യം എത്രയോ വേദികളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ത്തത് സംഘപരിവാറായിരുന്നെങ്കില്‍ അതിനു കൂട്ടുനിന്നത് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസാണ്.

വര്‍ഗീയതയെയും നവ ഉദാരവല്‍കരണത്തെയും ഒരേപോലെ ചെറുക്കണം. ഇന്ത്യയിലെ വലതുപക്ഷ ശക്തികള്‍ക്കെതിരേ ഒരു ബദല്‍ നയം ഉയര്‍ന്നുവരേണ്ടതുണ്ട്. ഇതിനായുള്ള പോരാട്ടത്തില്‍ പ്രധാന പങ്കുവഹിക്കുന്ന വിഭാഗമാണ് സോഷ്യലിസ്റ്റുകള്‍. ആദ്യഘട്ടം മുതല്‍ കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും യോജിച്ചും വിയോജിച്ചും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നീങ്ങിയിട്ടുണ്ട്. വിയോജിപ്പുകള്‍ നിലനില്‍ക്കേ തന്നെ രണ്ടു കൂട്ടരും ഒന്നായി നിന്നു പൊരുതിയിട്ടുണ്ട്.

സോഷ്യലിസ്റ്റുകളുടെ സ്വാഭാവിക സ്ഥാനം ഇടതുപക്ഷത്താണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനത്തെത്തണമെങ്കില്‍ തിരുത്തേണ്ടതു തിരുത്തുക തന്നെ വേണം. പുനരാലോചിക്കേണ്ടതു പുനരാലോചിക്കേണ്ടതാണ്. കാലത്തിന്റെയും ജനത്തിന്റെയും പ്രതീക്ഷയ്‌ക്കൊത്തു ശരിയായ നിലപാട് എടുക്കലാണ് പ്രധാനം. അതിഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് എപ്പോഴും ഉല്‍കണ്ഠപ്പെടുന്ന മനസാണ് വീരേന്ദ്രകുമാറിന്റേത്.

ഇരുട്ട് ഏതൊക്കെ ദിശകളില്‍നിന്നും നമ്മളെ ഗ്രസിക്കുന്നു എന്നു വീരേന്ദ്രകുമാറിന്റെ ഇരുള്‍ പരക്കുന്ന കാലം എന്ന കൃതിയില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. അസഹിഷ്ണുതയുടെയും വര്‍ഗീയ വിദ്വേഷത്തിന്റെയും ഇരുട്ടു പരക്കുന്നതിനെക്കുറിച്ചാണ് ആദ്യത്തെ ലേഖനം തന്നെ. അതിന്റെ തുടര്‍ച്ചയാണ് രണ്ടാമത്തെ ലേഖനം.

ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍കര്‍, എം എം കല്‍ബുര്‍ഗി എന്നിവരെ വര്‍ഗീയ ഭ്രാന്തന്‍മാര്‍ ഇല്ലായ്മ ചെയ്തത് എന്തിനെന്ന ഉത്തരം ഈ പുസ്തകത്തിലുണ്ട്. ദാദ്രി സംഭവവും അതിനോടു പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച മൗനവും അതിന്റെ അര്‍ഥവും അനുപൂരകമായി കേന്ദ്രമന്ത്രിമാര്‍ നടത്തിയ പ്രസംഗങ്ങള്‍ മോദിയുടെ പാര്‍ട്ടി അണികള്‍ നടത്തിയ അക്രമങ്ങള്‍ എന്നിവയെല്ലാം സാമൂഹിക ശാസ്ത്രജ്ഞന്റെ പാടവത്തോടെയാണ് വീരേന്ദ്രകുമാര്‍ വിലയിരുത്തുന്നതെന്നും പിണറായി പറഞ്ഞു.

വര്‍ഗീയതയ്‌ക്കെതിരെ പോരാടാന്‍ പുരോഗമന ശക്തികള്‍ ഒന്നിക്കേണ്ടതുണ്ടെന്ന് എംപി വീരേന്ദ്രകുമാര്‍; ഇതിനായുള്ള യോജിപ്പ് കര്‍ത്തവ്യത്തിന്റെ ഭാഗം; പഴയത് പറഞ്ഞ് മതില്‍ക്കെട്ടുകള്‍ തീര്‍ത്തിട്ട് കാര്യമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here