കേരളത്തെ പൂസാക്കാന്‍ വ്യാജ അരിഷ്ടങ്ങള്‍ സുലഭം; ബാര്‍ ഇല്ലാത്തതു മുതലെടുക്കുന്നത് തടയാന്‍ എക്‌സൈസ് പരിശോധന

കൊച്ചി: ബാറുകള്‍ തിരിച്ചുവരില്ലെന്നുറപ്പായ സാഹചര്യത്തില്‍ അളവില്‍ കവിഞ്ഞ ആല്‍ക്കഹോള്‍ അംശം അടങ്ങിയ അരിഷ്ടം കേരളത്തിലെങ്ങും സുലഭം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പ് സംസ്ഥാനമൊട്ടുക്ക് പരിശോധന ആരംഭിച്ചു. വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ആയൂര്‍വേദ മരുന്നുനിര്‍മാണ യൂണിറ്റുകളില്‍ അടുത്ത ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ മദ്യത്തേക്കാള്‍ വീര്യമുള്ള അരിഷ്ടം പിടിച്ചെടുത്തു. പലയിടത്തും ഇരുപത്തഞ്ചുശതമാനം വരെ ആല്‍ക്കഹോള്‍ അംശമുള്ള അരിഷ്ടമാണ് പിടികൂടിയത്.

പത്തുശതമാനത്തിലേറെ ആല്‍ക്കഹോള്‍ അംശമാണ് പിടിച്ചെടുത്ത അരിഷ്ടങ്ങളിലുള്ളത്. മരുന്നു നിര്‍മാണത്തിന് ലൈസന്‍സ് നേടുമ്പോള്‍ സമ്മതിക്കുന്ന കാര്യങ്ങള്‍ പാടേ കാറ്റില്‍പറത്തിയാണ് പല നിര്‍മാതാക്കളും വീര്യം കൂടിയ അരിഷ്ടം തയാറാക്കുന്നതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ സുരേഷ് ബാബു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അരിഷ്ടം നിര്‍മിക്കാന്‍ എല്‍ ടു ലൈസന്‍സ് ലഭിക്കണമെങ്കില്‍ ചേരുവകളെന്തൊക്കെയാണെന്നും ആല്‍ക്കഹോള്‍ അംശം എത്രയായിരിക്കുമെന്നും എഴുതി നല്‍കേണ്ടതുണ്ട്. മാത്രമല്ല, ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമേ അരിഷ്ടം വില്‍ക്കാനും സാധിക്കൂ. എന്നാല്‍ സംസ്ഥാനത്തെവിടെയും എപ്പോഴും ആയുര്‍വേദ മരുന്നുകടയില്‍ ചെന്നാല്‍ ആര്‍ക്കും അരിഷ്ടം വാങ്ങാവുന്ന നിലയാണുള്ളത്. മാത്രമല്ല, ലൂസ് പായ്ക്കില്‍ അരിഷ്ടം ലഭിക്കുന്നതും പതിവാണ്.

ഇത്തരത്തില്‍ ലേബലില്ലാതെയാണ് വീര്യം കൂടിയ അരിഷ്ടം പലയിടങ്ങളിലും വില്‍ക്കുന്നത്. വന്‍കിട കമ്പനികള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് അരിഷ്ടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ചെറുകിട നിര്‍മാതാക്കളാണ് ഇത്തരത്തില്‍ വീര്യം കൂടിയ അരിഷ്ടം വിപണിയിലെത്തിക്കുന്നത്. പല പേരുകൡ ലേബലില്ലാതെയാണ് ഇവയുടെ കുപ്പികള്‍ ലഭിക്കുക.

കഴിഞ്ഞദിവസം മൂവാറ്റുപുഴയില്‍ നടത്തിയ പരിശോധനയില്‍ ആയിരത്തോളം കുപ്പി വ്യാജ അരിഷ്ടം പിടികൂടിയിരുന്നു. കഴിഞ്ഞ പത്തു മാസങ്ങള്‍ക്കുള്ളില്‍ എറണാകുളം ജില്ലയില്‍ മാത്രം പത്തിടങ്ങളിലായി വീര്യം കൂടി അരിഷ്ടം പിടിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here