ആര്‍എസ്എസ് അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് പിണറായി; ഭാഗവതിന്റെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍

കണ്ണൂര്‍: രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസ് തയ്യാറാകണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. തെറ്റുതിരുത്താന്‍ തയ്യാറായാല്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആത്മാര്‍ത്ഥയുള്ളതാണെങ്കില്‍ സ്വാഗതം ചെയ്യുന്നു. അക്രമം നടത്തുന്നത് തങ്ങളല്ലെന്നും ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുമുള്ള മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍. എന്നാല്‍, ഭാഗവത് പറഞ്ഞതില്‍ ആത്മാര്‍ത്ഥതയുണ്ടെന്നു തോന്നുന്നില്ല. തന്നെ വന്നു കണ്ടവര്‍ അക്രമത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അക്രമകാരികള്‍ തങ്ങളല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ പറഞ്ഞ മറുപടിയായി മാത്രം കണ്ടാല്‍ മതിയെന്നും പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു.

ദശാബ്ദങ്ങളായി നിലനില്‍ക്കുന്നതാണ് കണ്ണൂരിലെ അക്രമപ്രവര്‍ത്തനങ്ങള്‍. ആര്‍എസ്എസിന്റെ അഖിലേന്ത്യാ നേതൃത്വം ആക്രമണങ്ങളുടെ പരീക്ഷണശാലയായി കേരളത്തെ കണ്ടതു കൊണ്ടാണ് അത്. ചില പ്രദേശങ്ങളെ മോഡലായി എടുത്ത് ശാരീരിക അക്രമങ്ങളിലൂടെ സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്തി സിപിഐഎമ്മിന്റെ സ്വാധീനകേന്ദ്രങ്ങളില്‍ കടന്നുകയറാം എന്നു വിചാരിച്ചാണ് അക്രമം ആരംഭിച്ചത്. ഇതു നടക്കില്ലെന്നു വന്നപ്പോള്‍ മറ്റു ഭാഗങ്ങളില്‍ നിന്ന് ആര്‍എസ്എസ് വളണ്ടിയര്‍മാരെ അയച്ചു കൊടുത്തും സഹായിച്ചു. അക്രമപ്രവര്‍ത്തനങ്ങള്‍ക്കു കോടിക്കണക്കിന് രൂപ ചെലവഴിച്ച് അക്രമം ശക്തിപ്പെടുത്തുന്നു. കൊലയാളികളെ സംസ്ഥാനത്തിനു പുറത്തു കൊണ്ടു പോയി രക്ഷപ്പെടാന്‍ സഹായിക്കുന്നു. സംസ്ഥാനത്തികത്തു തന്നെ അക്രമികളെ പാര്‍പ്പിക്കാനുള്ള രഹസ്യ കേന്ദ്രങ്ങളും ആര്‍എസ്എസിനുണ്ട്.

ഇപ്പോള്‍ മോഹന്‍ ഭാഗവത് വന്ന് തീരദേശ മേഖലയിലും മലയോര മേഖലയിലും കോടികള്‍ നല്‍കാന്‍ തയ്യാറാണെന്ന് കണ്ണൂരില്‍ പ്രഖ്യാപിച്ചത് അക്രമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ്. ആ പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ തയ്യാറുണ്ടോ എന്നതാണ് പ്രശ്‌നം. നിരവധി ചര്‍ച്ചകള്‍ സിപിഐഎം നടത്തിയിട്ടുണ്ട്. സര്‍വകക്ഷിയോഗം വിളിച്ചും ചര്‍ച്ച നടത്താന്‍ സിപിഐഎം തയ്യാറായി. അത്തരത്തിലുള്ള തീരുമാനങ്ങളുടെ മഷിയുണങ്ങും മുമ്പ് വീണ്ടും കൊലപാതകം നടത്തിയവരാണ് ആര്‍എസ്എസ്. ഇതെല്ലാം അഖിലേന്ത്യാ നേതൃത്വത്തിന്റെ കൂടി അറിവോടും പങ്കാളിത്തത്തോടും കൂടിയായിരുന്നു. അതുപേക്ഷിക്കാന്‍ സന്നദ്ധമാകണം. അങ്ങനെ എങ്കില്‍ ഏതു കാര്യത്തിലും സഹകരിക്കാന്‍ സിപിഐഎം തയ്യാറാണ്. ഇക്കാര്യത്തില്‍ ഏതെങ്കിലും കാര്യത്തില്‍ ചര്‍ച്ചയ്ക്ക് സിപിഐഎമ്മിന് തടസ്സമുണ്ടെന്ന് കാണേണ്ടതില്ല.

സംവരണത്തിന് അനുകൂലമാണെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. എത്രയോ തവണ സംവരണത്തെ തള്ളിപ്പറഞ്ഞയാളാണ് ഭാഗവത്. ഇപ്പോള്‍ അനുകൂലമാണെന്നു പറഞ്ഞത് അനുകൂലമായതു കൊണ്ടല്ല. സംവരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതിന് മറുപടിയായി അവരെ തൃപ്തിപ്പെടുത്താന്‍ പറഞ്ഞെന്നു മാത്രമാണ് അതിനെ കാണേണ്ടത്. അല്‍പമെങ്കിലും തെല്ലെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ തിരുത്തലോടു കൂടി ഇത്തരം ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ നാട്ടില്‍ സമാധാനം ഉണ്ടാകുന്ന കാര്യമായതു കൊണ്ട് സഹകരിക്കാന്‍ സിപിഐഎമ്മും തയ്യാറാകും.

എന്നാല്‍, ഭാഗവത് പറഞ്ഞതൊന്നും ആത്മാര്‍ത്ഥമായിട്ടല്ല. അക്രമം നടത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അക്രമം നടത്തുന്നത് തങ്ങളല്ലെന്നും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും വെറുതെ മറുപടിയായി പറഞ്ഞെന്നു മാത്രമാണ് അതിനെ കാണേണ്ടത്. പറഞ്ഞതില്‍ തെല്ലെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പറഞ്ഞതെല്ലാം തിരുത്താന്‍ തയ്യാറാകണം. അതിനു തയ്യാറായാല്‍ സഹകരിക്കാന്‍ സിപിഐഎമ്മും തയ്യാറാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News