ടെസ്റ്റില്‍ അതിവേഗ ഇരട്ട സെഞ്ച്വറി കുറിച്ച് ബെന്‍ സ്‌റ്റോക്‌സ്; സ്‌റ്റോക്‌സിന്റേത് ടെസ്റ്റിലെ രണ്ടാമത് അതിവേഗ ഡബിള്‍; മറികടന്നത് സെവാഗിനെ

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ബെന്‍ സ്റ്റോക്‌സിന് ലോക റെക്കോര്‍ഡ്. ടെസ്റ്റിലെ അതിവേഗത്തിലുള്ള രണ്ടാമത്തെ ഇരട്ട സെഞ്ച്വറി ഇനിമുതല്‍ ബെന്‍ സ്‌റ്റോക്‌സിന്റെ പേരില്‍ കുറിക്കപ്പെടും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ബെന്‍ സ്റ്റോക്‌സിന്റെ റെക്കോര്‍ഡ് നേട്ടം. 163 പന്തുകളില്‍ നിന്നാണ് സ്റ്റോക്‌സ് ഇരട്ട സെഞ്ച്വറി തികച്ചത്. 204 റണ്‍സ് എടുത്ത് പുറത്താകാതെ നില്‍ക്കുകയാണ് സ്റ്റോക്‌സ്.

ഒന്നാംദിനം 74 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന സ്റ്റോക്‌സ് 12 പന്തുകള്‍ കൂടി നേരിട്ട് സെഞ്ച്വറി തികച്ചു. ഉച്ചഭക്ഷണത്തിന് മുമ്പ് 130 റണ്‍സ് തികച്ച സ്റ്റോക്‌സ് വൈകുന്നേരത്തോടെ ഡബിള്‍ സെഞ്ച്വറിയും തികച്ചു. 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോണി ബെയ്ര്‍സ്‌റ്റോ സ്‌റ്റോക്‌സിന് മികച്ച പിന്തുണ നല്‍കി.
198 പന്തുകള്‍ നേരിട്ട് 258 റണ്‍സെടുത്ത സ്റ്റോക്‌സിനെ പിന്നീട് ഡിവില്ലിയേഴ്‌സ് റണ്ണൗട്ടാക്കി. സ്റ്റോക്‌സിന്റെ ശക്തമായ ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 629 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ബെയ്ര്‍സ്‌റ്റോ 150 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഹെയ്ല്‍സ് 60ഉം ജോ റൂട്ട് 50ഉം റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി റബദ മൂന്നു വിക്കറ്റു വീഴ്ത്തി.

ഇന്ത്യയുടെ വീരേന്ദര്‍ സെവാഗിന്റെ പേരിലുള്ള റെക്കോര്‍ഡാണ് സ്‌റ്റോക്‌സ് മറികടന്നത്. രണ്ടാമത്തെ അതിവേഗ ഡബിള്‍ എന്ന റെക്കോര്‍ഡ് ഇതുവരെ സെവാഗിന്റെ പേരിലായിരുന്നു. 168 പന്തുകളില്‍ നിന്നാണ് സെവാഗ് ഡബിള്‍ തികച്ചത്. അതിവേഗത്തില്‍ ഇരട്ട സെഞ്ച്വറി തികച്ച റെക്കോര്‍ഡ് ഇന്നും ന്യൂസിലാന്‍ഡിന്റെ നഥാന്‍ ആഷ്‌ലെയുടെ പേരിലാണ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആഷ്‌ലെയുടെ പ്രകടനം. 153 പന്തുകളില്‍ നിന്നാണ് ആഷ്‌ലെ ഡബിള്‍ തികച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here