വെല്ലുവിളികള്‍ക്കെതിരെ അതിജീവനത്തിന്റെ കാഹളമുയര്‍ത്തി വനിതാ പാര്‍ലമെന്റ്; ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും

കൊച്ചി: സ്ത്രീത്വം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ അതിജീവനത്തിന്റെ പുതിയ കാഹളമുയര്‍ത്തി വനിതാ പാര്‍ലമെന്റ് കൊച്ചിയില്‍ ചേരും. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വനിത പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയ സ്ത്രീ സാന്നിധ്യങ്ങളെ വനിതാ പാര്‍ലമെന്റില്‍ ആദരിക്കും. മൂവായിരത്തോളം വനിതകള്‍ പങ്കെടുക്കുന്ന വനിതാ പാര്‍ലമെന്റിന്റെ പ്രചരാണര്‍ത്ഥം നിരവധി വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

സ്ത്രീ സമൂഹത്തിനെതിരെ നൂറ്റാണ്ടുകളായി തുടരുന്ന പ്രത്യക്ഷവും പരോക്ഷവുമായ അടിച്ചമര്‍ത്തലുകള്‍ക്കും പുതിയകാലത്തെ ചൂഷണങ്ങള്‍ക്കുമെതിരെ പോരാട്ടവും പ്രതിരോധവും ശക്തിപ്പെടുത്താനുള്ള ആഹ്വാനമായാണ് വനിതാ പാര്‍ലമെന്റ. നെടുമ്പാശ്ശേരിയിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വനിതാ പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്. എകെജി – ഇഎംഎസ് പഠന ഗവേഷണ കേന്ദ്രങ്ങള്‍ സംയുക്തമായാണ് വനിതാ പാര്‍ലമെന്റ് സംഘടിപ്പിക്കുന്നതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെകെ ശൈലജ പറഞ്ഞു.

ആഗോള മുതലാളിത്ത ശക്തികളും കോര്‍പ്പറേറ്റുകളും അരങ്ങ് തകര്‍ക്കുന്ന ഇന്ന് സ്ത്രീകള്‍ എവിടെയും പതിന്മടങ്ങ് കടന്നാക്രമണത്തിന് ഇരകളാകുന്നുണ്ട്. അരാഷ്ട്രീയതയുടെ രാഷ്ട്രീയവും ഉപഭോഗത്തിന്റെ മോഹവലയവും കുത്സിത ശ്രമങ്ങള്‍ തീര്‍ക്കുന്നു. സ്ത്രീയുടെ ശരീരത്തേയും ലൈംഗികതേയും വാണിജ്യവല്‍ക്കരിക്കപ്പെടുന്നുവെന്നും കെകെ ശൈലജ പറഞ്ഞു.

അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ ഈ കാലഘട്ടത്തില്‍ വിദ്യഭ്യാസം, ആരോഗ്യം, രാഷ്ട്രീയം, തൊഴില്‍, വികസനം, എന്നിവിടങ്ങളില്‍ അവകാശപ്പെട്ട പങ്കിനെ കുറിച്ച് സ്തീകള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ പാര്‍ലമെന്റിന് ശേഷം ജില്ലാതല വനിതാ പാര്‍ലമെന്റുകള്‍ സംഘടിപ്പിക്കും. അതിന് ശേഷം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പാര്‍ലമെന്റുകള്‍ ചേരുമെന്നും കെകെ ശൈലജ പറഞ്ഞു.

മൂവായിരത്തോളം പേരാണ് വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കുന്നത്. അവരോടൊപ്പം കെആര്‍ ഗൗരിയമ്മ, ഡോ. എം ലീലാവതി, മേഴ്‌സികുട്ടന്‍, കവിയൂര്‍ പൊന്നമ്മ, കാവ്യ മാധവന്‍, മേദിനി ടീച്ചര്‍, നിലമ്പൂര്‍ ആയിഷ, ബീന കണ്ണന്‍, റിമ കല്ലിങ്കല്‍, ഭാഗ്യ ലക്ഷമി, തുടങ്ങി നിരവധി പ്രമുഖരും പങ്കെടുക്കും.

അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധ തരം പീഡനങ്ങളും വനിതാ പാര്‍ലമെന്റില്‍ പ്രത്യേകം ചര്‍ച്ച ചെയ്യും. അച്ചടി ദൃശ്യ മാധ്യമ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച സ്ത്രീ സാന്നിധ്യങ്ങളെയും പാര്‍ലമെന്റില്‍ ആദരിക്കുമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എംസി ജോസഫൈന്‍ പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സ്ത്രീ വിരുദ്ധസമീപനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരായ കുറ്റപത്രം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. തുടര്‍ന്ന് സുപ്രധാനങ്ങളായ അഞ്ച് വിഷയങ്ങളില്‍ ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ഭാവിലേക്കാവശ്യമായ ബദല്‍ നയവും പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കെപിഎസി ലളിത വനിതാ പാര്‍ലമെന്റിന്റെ അധ്യക്ഷത വഹിക്കും.

വനിതാ പാര്‍ലമെന്റിന്റെ പ്രചരണാര്‍ത്ഥം രൂപപ്പെടുത്തിയ വെബ്‌സൈറ്റ് ടിഎന്‍ സീമ എംപി പ്രകാശനം ചെയ്തു. വര്‍ണവെറിയുടെ കൊടുംഭീകരത ഏറ്റുവാങ്ങേണ്ടി വന്ന മായാ അഞ്ജലുവിന്റെ പോരാട്ട ചരിത്രവും ജീവിതവും പ്രതിപാദിക്കുന്ന ‘മായാ ആഞ്ജലു, ജീവിതത്തിന്റെ കറുത്ത പുസ്തകം’ ബൃന്ദ കാരാട്ട് പാര്‍ലമെന്റില്‍ പ്രകാശനം ചെയ്യും. വനിതാ പാര്‍ലമെന്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിരവധി ചിത്രകാരികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും വനിതാ പാര്‍ലമെന്റ് പരിസരത്ത് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here