പത്താന്‍കോട്ട് ഭീകരാക്രമണം; വ്യോമതാവളത്തില്‍ ഇന്നും തെരച്ചില്‍ നടത്തും; ആറു ഭീകരരെയും വധിച്ചെന്ന് സൈന്യം

ദില്ലി: പത്താന്‍കോട്ടിലെ വ്യോമതാവളത്തില്‍ സായുധസംഘം ഇന്നു വീണ്ടും തെരച്ചില്‍ നടത്തും. വ്യോമതാവളത്തില്‍ ഇനിയും ഭീകരര്‍ ഒളിച്ചിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനാണ് തെരച്ചില്‍ നടത്തുന്നത്. വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ ആറു ഭീകരരെയും വധിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് മുഴുവന്‍ ഭീകരരെയും വധിച്ചത്. എന്നാല്‍, അഞ്ചു പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. തിങ്കളാഴ്ച രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നു.

വ്യോമതാവളത്തിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ ഒഴിഞ്ഞ ബാരക്കുകളില്‍ ഒന്നിലാണ് ഭീകരര്‍ ഒളിച്ചിരുന്നിരുന്നത്. ഏറ്റുമുട്ടലിനൊടുവില്‍ ആ കെട്ടിടം സൈന്യം തകര്‍ത്തു. ഇതിനു ശേഷമാണ് കെട്ടിടത്തിനകത്തു നിന്നുള്ള വെടിവയ്പ്പ് അവസാനിച്ചത്. 1,600 ഏക്കറിലാണ് വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. ഇതിനകം മുഴുവന്‍ സായുധസംഘം തെരച്ചില്‍ നടത്തി. രണ്ടു സംഘങ്ങളായാണ് ഭീകരര്‍ എത്തിയതെന്നാണ് പ്രതിരോധ വകുപ്പും പഞ്ചാബ് പൊലീസും പറയുന്നത്. ദൗത്യം സൈന്യം അവസാനിപ്പിച്ചിട്ടില്ല. ദീര്‍ഘസമയം എടുത്തേ ദൗത്യം പൂര്‍ത്തിയാക്കൂ എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

അതേസമയം, ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ എന്ന ഭീകരസംഘടന ഏറ്റെടുത്തു. കശ്മീരിലെ ഭീകരസംഘടനയാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍. കശ്മീരിലെ മാധ്യമസ്ഥാപനത്തില്‍ വിളിച്ചാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചത്. കൗണ്‍സിലിന്റെ ഹൈവേ സ്‌ക്വാഡാണ് ആക്രമണം നടത്തിയതെന്ന് സംഘടന അവകാശപ്പെട്ടു. എന്നാല്‍, ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. ജിഹാദ് കൗണ്‍സില്‍ അല്ലെന്നും ജെയ്‌ഷെ മുഹമ്മദ് ആണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel