ചന്ദ്രബോസ് വധക്കേസ്; അന്തിമവാദം രണ്ടുദിവസത്തിനകം പൂര്‍ത്തിയാകും; ജനുവരി മധ്യത്തോടെ വിധി പറഞ്ഞേക്കും

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസിന്റെ വിചാരണാ നടപടികള്‍ പൂര്‍ത്തിയാകുന്നു. കേസിലെ അന്തിമ വാദം രണ്ടു ദിവസത്തിനകം അവസാനിക്കും. ജനുവരി മൂന്നാം വാരത്തോടെ കേസില്‍ വിധി പറയാനാകുമെന്നാണ് പ്രോസിക്യൂഷന്റെ കണക്കൂകൂട്ടല്‍. ജനുവരി 31നകം കേസിന്റെ വിധിപകര്‍പ്പ് ഹാജരാക്കാന്‍ നേരത്തെ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ടര മാസത്തെ വിചാരണാ നടപടികള്‍ക്ക് ശേഷമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബര വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്തിമവാദം ആരംഭിക്കുന്നത്.

വ്യവസായി മുഹമ്മദ് നിസാം പ്രതിയായ കേസ് ആദ്യഘട്ടം മുതല്‍ തന്നെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിസ്താരത്തിനിടെ ഒന്നാം സാക്ഷി അനൂപിന്റെ കൂറുമാറ്റം പ്രോസിക്യൂഷനെ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നീട് പ്രോസിക്യൂഷന് അനുകൂലമായുള്ള മൊഴിയിലേക്ക് അനൂപ് തിരിച്ചു വന്നതോടെ വാദം ശക്തമായി. 111 പേരെ പ്രോസിക്യൂഷന്‍ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും കേസ് വേഗം തീര്‍പ്പാക്കാന്‍ 22 പേരെ മാത്രമാണ് വിസ്തരിച്ചത്.

മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 25 പേരെ ഉള്‍പ്പെടുത്തി പ്രതിഭാഗം സമര്‍പ്പിച്ച പട്ടികയില്‍ നാലു പേരെയാണ് കോടതി വിസ്തരിച്ചത്. ഒന്നാം സാക്ഷി അനൂപിനെ വീണ്ടും വിസ്തരിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പലഘട്ടത്തിലും പ്രതിഭാഗം വിചാരണാ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിച്ചതായി പ്രോസിക്യൂഷന് ആരോപണമുണ്ട്. വിചാരണ കോടതി മാറ്റാനും, കൊലപാതകം അപകട മരണമായി വരുത്തി തീര്‍ക്കാനും ശ്രമം നടന്നു. നിഷാമിനെ വിഷാദ രോഗിയായി ചിത്രീകരിക്കാനുള്ള നീക്കങ്ങളെയും പ്രോസിക്യൂഷന്‍ പ്രതിരോധിച്ചു. ജനുവരി 31നകം കേസിന്റെ വിധിപകര്‍പ്പ് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. രണ്ട് ദിവസത്തിനകം അന്തിമവാദം പൂര്‍ത്തിയാക്കി ജനുവരി മൂന്നാം വാരത്തോടെ വിധി പറയാനാകുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News