പത്താന്‍കോട്ട് ഓപ്പറേഷന്‍ ധംഗു വിജയിച്ചതിങ്ങനെ; എന്‍എസ്ജി കമാന്‍ഡോകളെ വിളിപ്പിച്ചത് അപായം കുറയ്ക്കാന്‍; സൈനിക കമാന്‍ഡോകളെ മാറ്റിനിര്‍ത്തിയതിന് വിശദീകരണം

ചണ്ഡിഗഡ്: രാജ്യത്തെ നടുക്കിയ പത്താന്‍കോട്ട് ഭീകരാക്രമണം കൈകാര്യം ചെയ്ത വിധം പല വിധത്തില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ വിശദീകരണവുമായി സേനാ തലവന്‍മാര്‍ രംഗത്ത്. ഓപ്പറേഷന്‍ ധംഗു എന്നു പേരിട്ട ഓപ്പറേഷനില്‍ ദേശീയ സുരക്ഷാ ഗാര്‍ഡുമാരെ നിയോഗിച്ചതാണ് കാര്യമായ ആളപായമില്ലാതെ സൈനിക നടപടി വിജയിക്കാന്‍ വഴിവച്ചതെന്നുമാണ് സേനാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതിര്‍ത്തിയില്‍ നിരവധി സൈനിക കമാന്‍ഡോകള്‍ ഉണ്ടായിട്ടും വ്യോമതാവളത്തില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ദില്ലിയില്‍നിന്നു ദേശീയ സുരക്ഷാ ഗാര്‍ഡുകളെ വായുമാര്‍ഗം കൊണ്ടുവരികയായിരുന്നു. വ്യോമതാവളത്തില്‍ ഉണ്ടായിരുന്നവരെ ഭീകരര്‍ ബന്ദികളാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരം ഓപ്പറേഷനില്‍ വിദഗ്ധരായ എന്‍എസ്ജി കമാന്‍ഡോകളെ ദില്ലിയില്‍നിന്നു പത്താന്‍കോട്ടെത്തിച്ചത്. വ്യോമസേനാ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമായി മൂവായിരത്തിലേറെ പേരാണ് പത്താന്‍കോട്ട് എയര്‍ബേസില്‍ ആക്രമണ സമയത്തുണ്ടായിരുന്നത്. അഫ്ഗാനിസ്താന്‍, നൈജീരിയ, ശ്രീലങ്ക, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി 23 ട്രെയിനികളും ആ സമയം ഇവിടെയുണ്ടായിരുന്നു.

പത്താന്‍കോട്ട് വ്യോമതാവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലായതായി കരസേനാ പശ്ചിമ കമാന്‍ഡ് കമാന്‍ഡര്‍ ലഫ്. ജനറല്‍ കെ ജെ സിംഗ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ വ്യോമനിരീക്ഷണത്തിനായി സാധാരണരീതിയില്‍ വ്യോമസേനാ വിമാനങ്ങള്‍ പറന്നുയര്‍ന്നു. വ്യോമതാവളം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പേര് ധംഗു എന്നായതിനാലാണ് ഓപ്പറേഷന്‍ ധംഗു എന്ന പേരു നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. പത്താന്‍കോട്ട് എന്‍എസ്ജിക്കാര്‍ക്കു സഹായവുമായി കരസേനയുടെ കമാന്‍ഡോകളുടെ നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കിയതു സിംഗായിരുന്നു.

മൂന്നു ദിവസം നീണ്ടു നിന്ന ഓപ്പറേഷനില്‍ പരമാവധി ആള്‍നാശവും തന്ത്രപ്രധാന മേഖലകളുടെ നശീകരണവും തടയുകയായിരുന്നു ലക്ഷ്യം. ആക്രമണം നടന്ന സ്ഥലം വ്യോമസേനാംഗങ്ങളുടെ വാസസ്ഥലത്തിനടുത്തായിരുന്നു. എയര്‍ബേസിന്റെ തന്ത്രപ്രധാന ഉപകരണങ്ങളും ആള്‍നാശവും കുറയ്ക്കാന്‍ എന്‍എസ്ജി ഓപ്പറേഷനിലൂടെ സാധിച്ചു.

വ്യോമതാവളം പൂര്‍ണമായി തകര്‍ക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. അതിനായി ഉഗ്രശക്തിയുള്ള ഗ്രനേഡുകളുമായാണ് അവര്‍ എത്തിയത്. ഇവരെ കീഴ്‌പെടുത്താന്‍ വെടിവയ്പുണ്ടായാല്‍ പോലും അതു വ്യോമതാവളത്തിന് കാര്യമായ നാശനഷ്ടമുണ്ടാക്കുന്നതായിരുന്നു. അതിനാല്‍, വളരെ തന്ത്രപരമായ നീക്കമാണ് എന്‍എസ്ജി നടത്തിയത്. ജനുവരി മൂന്നിന് രണ്ടു ഭീകരര്‍ വ്യോമതാവളത്തിലെ ബരാക്കില്‍ പ്രവേശിച്ചു. ആറ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഇവിടെ കുടുങ്ങിക്കിടക്കാന്‍ ഇതു കാരണമായി. എന്‍എസ്ജി കമാന്‍ഡോകള്‍ ഹെലികോപ്റ്ററില്‍നിന്നു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഇറങ്ങി കെട്ടിടത്തിന്റെ ജനല്‍ പൊളിച്ചാണ് അകത്തു കടന്നത്. തുടര്‍ന്നു കുടുങ്ങിക്കിടന്ന വ്യോമസൈനികരെ രക്ഷിച്ചു. അപ്പോഴും രണ്ടു ഭീകരര്‍ കെട്ടിടത്തില്‍ കഴിയുകയായിരുന്നു. ഇവരെ കീഴടക്കാന്‍ ആവില്ലെന്നു വന്നതോടെ കെട്ടിടം സ്‌ഫോടക വസ്തു ഉപയോഗിച്ചു തകര്‍ത്തു.

വ്യോമതാവളത്തിലെ ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഗ്രനേഡുകളായിരുന്നു ഭീകരര്‍ കരുതിയിരുന്നത്. വയര്‍ കട്ടറുകള്‍, റേഡിയോ സെറ്റുകള്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും ഭീകരരുടെ കൈവശമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News