ഹൈദരബാദ് യൂണിവേഴ്‌സിറ്റിയിലെ അഞ്ചു ദളിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി; യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തെന്ന് വിശദീകരണം; സംഘ്പരിവാറിന്റെ പകപോക്കലെന്ന് ആരോപണം

ഹൈദരാബാദ്: യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തെന്ന ആരോപണത്തില്‍ ഹൈദരബാദ് യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരെയാണ് ഹോസ്റ്റലില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കിയത്.

സാമ്പത്തികശാസ്ത്ര ഗവേഷക വിദ്യാര്‍ത്ഥിയും സര്‍വകലാശാലാ യൂണിയന്‍ മുന്‍ പ്രസിഡന്റുമായ ദൊന്ത പ്രകാശ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി ആന്‍ഡ് സൊസൈറ്റി സ്റ്റഡീസ് ഗവേഷകനായ ചക്രവര്‍ത്തി രോഹിത് വിമുല, പൊളിറ്റിക്കല്‍ സയന്‍സ് ഗവേഷകന്‍ വിജയകുമാര്‍, സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് പോളിസി ഗവേഷകന്‍ ശേഷയ്യ ചെമുദുഗുന്ത, ഫിലോസഫി വകുപ്പിലെ വെല്‍പുല സുങ്കണ്ണ എന്നിവരെയാണ് പുറത്താക്കിയത്.

Dalit-Students-In-HCU-2

D2013ല്‍ പശ്ചിമ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നടന്ന കലാപത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘മുസാഫര്‍നഗര്‍ ബാക്കി ഹെ’ ഡോക്യൂമെന്ററി വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതിനെ എബിവിപി പ്രവര്‍ത്തകര്‍ എതിര്‍ക്കുകയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇതില്‍ എബിവിപി ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ എബിവിപിക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നു. പിന്നീട് ഈ വിഷയം പ്രദേശത്തെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയും എഎസ്എ നേതാക്കള്‍ക്കെതിരെ ദേശവിരുദ്ധത ആരോപിക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞെങ്കിലും വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നതായി വിസി നോട്ടീസ് ഇറക്കി. ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും വിദ്യാര്‍ഥികളുടെ കൂട്ടായ്മകളില്‍ പങ്കെടുക്കരുതെന്നും വിലക്കിയിരുന്നു. ഇവര്‍ ഗവേഷണം നടത്തുന്ന വകുപ്പുകളിലും സെന്ററുകളിലും വിഷയവുമായി ബന്ധപ്പെട്ട സെമിനാറുകളിലും ശില്‍പശാലകളിലും മാത്രമേ ഇവര്‍ക്കു പ്രവേശിക്കാന്‍ അനുമതിയുണ്ടാകൂ. ഇതു ലംഘിക്കുന്ന പക്ഷം, ഇവരെ പുറത്താക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

Dalit-Students-In-HCU-3

പിന്നീട് ബിജെപി എംപിയും മന്ത്രിയുമായ ബന്ദാരു ദത്തട്രേയയും സംഘടനക്കെതിരെ രംഗത്തുവന്നു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തീവ്രവാദികളും ദേശദ്രോഹികളുമാണെന്ന് ചൂണിക്കാണിച്ച് എം.പി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തയക്കുകയും ചെയ്തു. യാക്കൂബ് മേമന്റെ വധശിക്ഷയെ ഇവര്‍ എതിര്‍ത്തിരുന്നെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ വിശദീകരണം തേടണമെന്നാവശ്യപ്പെട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിസിയെ സമീപിച്ചിരുന്നു. എന്നാല്‍ തങ്ങളോട് വിശദീകരണം പോലും ചോദിക്കാതെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here