ഷാര്‍ളി എബ്ദോ ആക്രമണ വാര്‍ഷികദിനത്തില്‍ പാരിസില്‍ ഭീകരാക്രമണ ശ്രമം; പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് വെടിവച്ചു കൊന്നു

പാരിസ്: ലോകത്തെ നടുക്കിയ പാരിസ് ഷാര്‍ളി എബ്ദോ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പാരിസില്‍ വീണ്ടും ഭീകരാക്രമണത്തിന് ശ്രമം. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ചയാളെ വെടിവച്ചുകൊന്നു.

സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ചാണ് അക്രമി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്. അള്ളാഹു അക്ബര്‍ എന്നു വിളിച്ചുകൊണ്ടാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലേക്കെത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൊലീസ് സ്റ്റേഷന്റെ റിസപ്ഷന്‍ വരെയെത്തിയ അക്രമി ഇവിടെവച്ചു പൊട്ടിത്തെറിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവച്ചിടുകയായിരുന്നു. ഉടന്‍തന്നെ ബോംബ് നിര്‍വീര്യകരണ വിഭാഗം സ്ഥലത്തെത്തി. ആക്രമണ ഭീഷണി മുന്നില്‍കണ്ടു ജനങ്ങളോട് കെട്ടിടങ്ങളുടെ ജനലുകള്‍ അടച്ചിടാനും പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്‍കി. കഴിഞ്ഞ നവംബറില്‍ പാരിസിലുണ്ടായ വിവിധ ഭീകരാക്രമണങ്ങളില്‍ 130 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ജനുവരി ഏഴിനായിരുന്നു കാര്‍ട്ടൂണ്‍ മാസികയായ ഷാര്‍ളി എബ്ദോയുടെ ഓഫീസില്‍ ഐഎസ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. കാര്‍ട്ടൂണ്‍ എഡിറ്റര്‍മാര്‍ അടക്കം 12 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here