കേരളത്തിന് സ്വന്തം സാഹിത്യോത്സവം വരുന്നു; വിനോദവും വിജ്ഞാനവും സൗഹൃദവും പകരുന്ന നാലു ദിവസങ്ങളിലായി സാഹിത്യോത്സവം കോഴിക്കോട് കടപ്പുറത്ത്

തിരുവനന്തപുരം: ലോകത്തെങ്ങും വര്‍ഷാവര്‍ഷം നടക്കുന്ന സാഹിത്യോത്സവത്തിന്റെ മാതൃകയില്‍ കേരളത്തിലും സാഹിത്യോത്സവത്തന് വഴിയൊരുങ്ങുന്നു. ഡിസി കിഴക്കേമുറി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെ സംഘാടനത്തില്‍ കോഴിക്കോട് കടപ്പുറത്താണ് നാലു ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യത്തെ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. കവി കെ സച്ചിദാനന്ദനാണ് സാഹിത്യോത്സവത്തിന്റെ ഡയറക്ടര്‍.

സാഹിത്യോത്സവത്തെക്കുറിച്ചു കെ സച്ചിദാനന്ദന്‍ ഡിസി ബുക്‌സിന്റെ ഒാണ്‍ലൈന്‍ എഡിഷനില്‍ എഴുതിയ കുറിപ്പ് ചുവടെ

ഇന്ത്യയില്‍ ഇപ്പോള്‍ ഓരോ പ്രമുഖനഗരത്തിനും ഒന്നോ രണ്ടോ വീതം വലുതോചെറുതോ ആയ വാര്‍ഷിക സാഹിത്യോത്സവങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് പുസ്തകങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ളവയാണ്, ചണ്ഡിഗഡിലേതുപോലെ; ചിലവ കവിതയെ മാത്രം കേന്ദ്രീകരിച്ചാണ്, കൊനാര്‍ക്കിലേതു പോലെ, ചിലത് സാഹിത്യത്തിനും അപ്പുറമുള്ള സാംസ്‌കാരികോത്സവങ്ങള്‍തന്നെയായി മാറിയിരിക്കുന്നു, ജയ്പൂരിലേതു പോലെ. ഡല്‍ഹിക്കും പാട്‌നയ്ക്കും ഭുവനേശ്വറിനും കൊല്‍കത്തയ്ക്കും ബോംബെയ്ക്കും ചെന്നൈയ്ക്കും ഹൈദരാബാദിനും ബാംഗ്ലൂരിനുമെല്ലാം ഒന്നോ അതിലധികമോ സാഹിത്യോത്സവങ്ങളുണ്ട്. സാക്ഷരതയിലും സഹൃദയത്വത്തിലും ഇവയില്‍ പല സ്ഥലങ്ങളെക്കാളും മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് സ്വന്തമായ ഒരു വാര്‍ഷിക സാഹിത്യോത്സവം വേണ്ടതല്ലേ? ഈ ആലോചനയില്‍ നിന്നാണ് ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ മുന്‍കയ്യെടുത്ത് മറ്റു പല സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ നടത്തുന്ന ‘കേരള സാഹിത്യോത്സവ’ ത്തിന്റെ ആരംഭം.

ഒരു സാഹിത്യോത്സവം എന്തെല്ലാമായിരിക്കണം എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്: ഭിന്നരുചികളായ വായനക്കാരുടെ ഒത്തുകൂടല്‍. പല തലങ്ങളില്‍ പല വിധങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെ പരസ്പരസംവാദവും സഹൃദയരുമായുള്ള സംഭാഷണവും. പുസ്തകങ്ങളുടെ അവതരണവും ചര്‍ച്ചയും. ആശയങ്ങളുടെ സംഘര്‍ഷസമന്വയങ്ങള്‍. സമകാലീന സാഹിത്യപ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും വിലയിരുത്തല്‍. സാഹിത്യത്തിന്റെ വര്‍ത്തമാന ഭാവികളെക്കുറിച്ചുള്ള പ്രത്യാശകളും ആശങ്കകളും. മലയാളഭാഷയുടെ നിലനില്‍പ്പിനും വികാസത്തിനുമായുള്ള ഉള്ളുതുറന്ന ആലോചനകള്‍. എഴുത്തിലെ പല തലമുറകള്‍ തമ്മിലുള്ള ആശയക്കൈമാറ്റങ്ങള്‍. ഇതര സാഹിത്യങ്ങളുമായുള്ള താരതമ്യങ്ങളും സംവാദങ്ങളും. പരിഭാഷയുടെ ശാസ്ത്രവും പ്രത്യയശാസ്ത്രവും സ്വാധീനവും പ്രാധാന്യവും. നവീനതയ്ക്കായുള്ള തുറന്ന അന്വേഷണങ്ങള്‍. കഥ, നോവല്‍, കവിത, നാടകം, സിനിമ, വിമര്‍ശനം, വിജ്ഞാനം ഇവയുടെ പാരമ്പര്യങ്ങളും ആധുനികമുന്നേറ്റങ്ങളും മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍. ഒപ്പം കലയും സംഗീതവും സമൃദ്ധമാക്കുന്ന സായാഹ്നങ്ങള്‍. അങ്ങനെ വിനോദവും വിജ്ഞാനവും സൗഹൃദവും പകരുന്ന നാലു ദിവസങ്ങളായാണ് ഞങ്ങള്‍ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള സാഹിത്യോത്സവത്തെ വിഭാവനം ചെയ്യുന്നത്.

എഴുത്തുകാര്‍ക്ക് കഴിയുന്നത്ര വിപുലമായ പ്രാതിനിധ്യം ഞങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ കേരളത്തെപ്പോലെ ആയിരക്കണക്കിന് എഴുത്തുകാരുള്ള ഒരു നാട്ടില്‍ പൂര്‍ണ്ണമായ പ്രാതിനിധ്യം എന്നത് അസാധ്യമാണ്. വരുംകൊല്ലങ്ങളില്‍ ഈ വര്‍ഷം പങ്കെടുക്കാന്‍ കഴിയാതെപോയവരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നുതന്നെയാണ് ഞങ്ങളുടെ പ്രത്യാശ. ഈ ഉത്സവത്തെ സ്വന്തം ദേശത്തിന്റെ സാഹിത്യപ്പെരുമയുടെ ആഘോഷമായി മാറ്റാന്‍ ഞങ്ങള്‍ എല്ലാ എഴുത്തുകാരോടും സഹൃദയരോടും സംസ്‌കാരപ്രണയികളോടും അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News